മോസ്‌കോ: റഷ്യക്കെതിരെ യുഎസ് നിര്‍മിത മിസൈലുകള്‍ പ്രയോഗിച്ചു യുക്രൈന്റെ പ്രകോപനം. നടപടി ദ്വീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കുന്നതില്‍ അമേരിക്ക നിരോധനം പിന്‍വലിച്ചതിനു പിന്നാലെയാണ്. റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയിലാണ് യുഎസ് നിര്‍മിത മിസൈല്‍ യുക്രെയ്ന്‍ പ്രയോഗിച്ചത്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള യുഎസ് നിര്‍മിത മിസൈലുകള്‍ റഷ്യയ്ക്കെതിരെ ഉപയോഗിക്കാന്‍ യുഎസ്പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിനു പിന്നാലേയാണ് യുക്രെയ്‌ന്റെ നടപടി.

അതേസമയം യുക്രൈന്‍ മിസൈലുകള്‍ റഷ്യ വെടിവെച്ചുവീഴ്ത്തി. ഇന്ന് രാവിലെ റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ യുക്രെയ്ന്‍ ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റം (അറ്റാക്ംസ്) ഉപയോഗിച്ചതായി മോസ്‌കോയിലെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ നടത്തിയ പ്രസ്താവനയില്‍, അറ്റാക്ംസ് എന്നറിയപ്പെടുന്ന സൈനിക തന്ത്രപരമായ അഞ്ച് മിസൈല്‍ സിസ്റ്റം സൈന്യം വെടിവെച്ച് വീഴ്ത്തിയതായും ഒരെണ്ണം നശിപ്പിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക കേന്ദ്രത്തിന്റെ അവ്യക്തമായ പ്രദേശത്താണ് ശകലങ്ങള്‍ വീണത്. അവശിഷ്ടങ്ങള്‍ തീ ആളിപ്പടര്‍ത്തി, പക്ഷേ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ഉത്തര കൊറിയയില്‍നിന്നുള്ള പതിനായിരത്തിലേറെ സൈനികര്‍ റഷ്യന്‍ സേനയോടൊപ്പം യുദ്ധമുന്നണിയിലെത്തിയതു കണക്കിലെടുത്തായിരുന്നു യുഎസിന്റെ നയംമാറ്റം. ഇത് റഷ്യയെ ശരിക്കും പ്രകോപിപ്പിച്ചിട്ടുണ്ട്. യുക്രെയ്നിലെ ഊര്‍ജ ഗ്രിഡുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണം വലിയ നാശമുണ്ടാക്കിയിരുന്നു.

യുക്രെയ്‌നിലെ സിവിലിയന്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ മൂന്ന് ദിവസത്തിനിടെ നടന്ന മൂന്നാമത്തെ റഷ്യന്‍ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായി യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വൈകി വടക്കന്‍ സുമി മേഖലയില്‍ ഷാഹെദ് ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ ഹ്ലുഖിവ് പട്ടണത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡോര്‍മിറ്ററിയില്‍ ഇടിക്കുകയും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

ഞായറാഴ്ച, ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളുമായി ഒരു റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ വടക്കന്‍ യുക്രെയ്നിലെ സുമിയിലെ ജനവാസമേഖലയില്‍ പതിക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും 84 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് താല്‍പ്പര്യമില്ലെന്ന് വ്യോമാക്രമണ പരമ്പര തെളിയിച്ചതായി യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ''റഷ്യയുടെ ഓരോ പുതിയ ആക്രമണവും പുടിന്റെ യഥാര്‍ഥ ഉദ്ദേശ്യങ്ങളെ സ്ഥിരീകരിക്കുന്നു. യുദ്ധം തുടരണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. സമാധാനത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ അദ്ദേഹത്തിന് താല്‍പര്യമില്ല''സെലെന്‍സ്‌കി പറഞ്ഞു.

അതേസമയം പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുക്രെയ്നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഒപ്പിട്ടിരുന്നു. ആണവ ശക്തികളുടെ പിന്തുണയുണ്ടെങ്കില്‍ ആണവ ഇതര രാഷ്ട്രത്തിനെതിരെ ആണവായുധം പ്രയോഗിക്കുന്നത് റഷ്യ പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍ അറിയിച്ചതിന് പിന്നാലെ യുറോപ്പില്‍ കടുത്ത ആശങ്ക ഉടലെടുത്തിട്ടുണ്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി നല്‍കിയതോടെയാണ് യുറോപ്പ് കനത്ത ജാഗ്രത പുലര്‍ത്തുന്നത്. ഹൈബ്രിഡ് യുദ്ധമുഖം റഷ്യ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.എസ് നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയില്‍ ഉപയോഗിക്കാന്‍ ബൈഡന്‍ അനുമതി നല്‍കിയതോടെയാണ് പുതിയ യുദ്ധമുഖം തുറന്നത്. ഇതിന് പിന്നാലെ ആണവനയത്തില്‍ മാറ്റം വരുത്തുമെന്ന് വ്‌ലാഡമിര്‍ പുടിന്‍ അറിയിച്ചിരുന്നു. ആണവായുധ രാജ്യങ്ങള്‍ പിന്തുണക്കുന്ന ആണവായുധശേഷിയില്ലാത്ത രാജ്യങ്ങള്‍ക്കെതിരെയും ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്നാണ് പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

യുറോപ്പില്‍ മാത്രമല്ല മിഡില്‍ ഈസ്റ്റിലും ഇന്‍ഡോ-പസഫിക് മേഖലയില്‍ റഷ്യന്‍ ആക്രമണത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.

റഷ്യ തുറക്കാന്‍ സാധ്യതയുള്ള ഹൈബ്രിഡ് യുദ്ധമുഖത്തെ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. നേരത്തെ റഷ്യ ഫൈബര്‍ ഒപ്ടിക് ശൃംഖലയില്‍ ആക്രമണം നടത്തിയത് പോലുള്ള സംഭവങ്ങള്‍ തുടര്‍ന്നും ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.