യുനൈറ്റഡ് നേഷന്‍സ്: 24 മണിക്കൂറിനിടെ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും മുതിര്‍ന്ന നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതോടെ ലോകം കടുത്ത ആശങ്കയിലാണ്. ഇനി ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നതാണ് ലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇസ്രായേല്‍ കൊലപ്പെടുത്തിയ ആക്രമണങ്ങളെ അപകടം വര്‍ധിപ്പിക്കുന്ന നടപടിയെന്ന് വിശേഷിപ്പിച്ച് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തുവന്നു.

സിവിലിയന്‍മാര്‍ക്ക് നാശം സൃഷ്ടിക്കുകയും മിഡില്‍ ഈസ്റ്റിനെ മുഴുവന്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഏതൊരു നടപടിയും അടിയന്തിരമായി തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.എന്‍. മേധാവിയെ ഉദ്ധരിച്ച് വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ഹമാസ് രാഷ്ട്രീയ കാര്യ വിഭാഗം നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഇറാനില്‍ എത്തിയത്. ബുധനാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഹനിയ്യ കൊല്ലപ്പെടുകയായിരുന്നു. വധത്തിനു പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. അതിനു മുമ്പ് ബെയ്റൂട്ടില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ഷുക്കറും കൊല്ലപ്പെട്ടിരുന്നു.

ഷുക്കറിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചപ്പോള്‍ ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേല്‍ മൗനം പാലിച്ചു. ഗസ്സയിലെ വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തിലാക്കാനും സംഘര്‍ഷം രൂക്ഷമാക്കാനും പുതിയ സംഭവവികാസം കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉത്തരവിട്ടതായി മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. .

ബുധനാഴ്ച രാവിലെ ഹനിയ്യ കൊല്ലപ്പെട്ടതായി ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാന്‍ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാംനഈ ഉത്തരവിട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. മൂന്ന് ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ ഇറാന്‍ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിലെ (ഐ.ആര്‍.ജി.സി) അംഗങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ ഖാംനഈ തന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.