ഇസ്ലാമാബാദ്: ഇമ്രാന്‍ഖാന്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ആയിരിക്കവേ അവിടുത്തെ സുപ്രധാന അധികാര കേന്ദ്രമായിരുന്നു ബുഷറ ബീബി എന്ന ഭാര്യ. അക്കാലത്ത് ആര്‍ഭാഢത്തിന്റെ അങ്ങേത്തലയില്‍ ജീവിച്ചവര്‍. സ്വര്‍ണ്ണത്തളികയില്‍ ചോറുണ്ണുന്നവള്‍ എന്നായിരുന്നു അക്കാലത്തെ എതിരാളികള്‍ ഇവരെ കുറിച്ച് പറഞ്ഞിരുന്നു. അത്രയും ആര്‍ഭാഢത്തില്‍ ജീവിച്ച ബുഷറ ബിബിയുടെ ഇപ്പോഴത്തെ നില വളരെ പരുങ്ങലിലാണ്. തടവറിയില്‍ ഏകാന്തവാസം നയിക്കുന്ന അവരുടെ സാഹചര്യങ്ങള്‍ ശോചനീയമാണ്. യുഎന്‍ പോലും ഇവരുടെ കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി.

ശുദ്ധമല്ലാത്ത കുടിവെള്ളം, അടിക്കടിയുള്ള വൈദ്യുതി മുടക്കം, ജയിലിലെ ദീര്‍ഘനാളത്തെ ഏകാന്തവാസം എന്നിവ ചൂണ്ടിക്കാണിച്ചാണ് പീഡന വിഷയങ്ങള്‍ക്കായുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ആലീസ് ജില്‍ എഡ്വേഡ്‌സിന്റെ വിമര്‍ശനം. ജയിലിലെ സാഹചര്യങ്ങള്‍ ബുഷ്‌റ ബീബിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്താമെന്നും അവര്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഹൈക്കമ്മിഷണറുടെ ഓഫിസിന്റെ പ്രസ്താവനയിലാണ് ഈ വിമര്‍ശനം. ബുഷ്‌റ ബീബി നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് തടവില്‍ കഴിയുന്നത്. അങ്ങേയറ്റം നിലവാരമില്ലാത്ത സാഹചര്യങ്ങളിലാണ് അവരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രസ്താവനയില്‍ അവര്‍ചൂണ്ടിക്കാട്ടുന്നു.

'വായുസഞ്ചാരമില്ലാത്തതും വൃത്തിഹീനവും അമിതമായി ചൂടുള്ളതും പ്രാണികളും എലികളും നിറഞ്ഞതുമായ ഒരു ചെറിയ സെല്ലിലാണ് ബുഷ്‌റ ബീബിയെ പാര്‍പ്പിച്ചിരിക്കുന്നത്. ശുദ്ധമല്ലാത്ത കുടിവെള്ളവും, അമിതമായി മുളകുപൊടി കാരണം ചിലര്‍ക്ക് കഴിക്കാന്‍ പോലും സാധിക്കാത്ത ഭക്ഷണവുമാണ് തടവുകാര്‍ക്ക് നല്‍കുന്നത്. ഈ കഠിനമായ സാഹചര്യങ്ങള്‍ ബുഷ്‌റ ബീബിയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചു. അവര്‍ക്ക് കാര്യമായ ഭാരക്കുറവ്, തുടര്‍ച്ചയായ അണുബാധകള്‍, ബോധക്ഷയം, പല്ലിലെ പഴുപ്പ്, ആമാശയത്തിലെ അള്‍സര്‍ എന്നിവയുള്‍പ്പെടെ ചികിത്സ ലഭിക്കാത്ത ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്' ആലീസ് ജില്‍ എഡ്വേഡ്‌സ് ചൂണ്ടിക്കാട്ടി.

ബുഷ്‌റ ബീബിക്ക് നേരിടേണ്ടിവരുന്ന ഏതാണ്ട് പൂര്‍ണമായ ഒറ്റപ്പെടലിനെക്കുറിച്ചും ആലീസ് ജില്‍ എഡ്വേഡ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ദിവസത്തില്‍ 22 മണിക്കൂറിലധികവും ചിലപ്പോള്‍ തുടര്‍ച്ചയായി പത്തു ദിവസത്തിലധികവും വ്യായാമം, വായനാസാമഗ്രികള്‍, നിയമോപദേശം, കുടുംബത്തിന്റെ സന്ദര്‍ശനം, അല്ലെങ്കില്‍ സ്വന്തം ഡോക്ടറെ കാണാനുള്ള അവസരം എന്നിവയൊന്നും അനുവദിക്കാതെ അവരെ അടച്ചിടാറുണ്ട്. ബുഷ്‌റ ബീബിയുടെ ആരോഗ്യം സംരക്ഷിക്കാനും മനുഷ്യന്റെ അന്തസ്സിന് നിരക്കുന്ന തടങ്കല്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്.

ഒരു തടവുകാരനെയും കടുത്ത ചൂടിലേക്കോ മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലേക്കോ നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വഷളാക്കുന്ന സാഹചര്യങ്ങളിലേക്കോ തള്ളിവിടരുത്. ദീര്‍ഘനാളത്തെ ഒറ്റപ്പെടല്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. ബുഷ്‌റ ബീബിക്ക് അവരുടെ അഭിഭാഷകര്‍, കുടുംബാംഗങ്ങള്‍, ഡോക്ടര്‍മാര്‍ എന്നിവരുമായി അര്‍ത്ഥവത്തായ രീതിയില്‍ ബന്ധപ്പെടാന്‍ പാക്കിസ്ഥാന്‍ അധികൃതര്‍ അവസരം നല്‍കണം.' ആലീസ് ജില്‍ എഡ്വേഡ്‌സ് പറയുന്നു.

അഴിമതിക്കേസില്‍ ഏഴു വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെയും ബുഷ്‌റ ബീബിയെയും തോഷാഖാന അഴിമതിക്കേസില്‍ കഴിഞ്ഞ 20 ന് അഴിമതി വിരുദ്ധ കോടതി 17 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. 2021ല്‍ സൗദി അറേബ്യന്‍ സര്‍ക്കാരില്‍നിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങള്‍ കൈകാര്യം ചെയ്തതില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇരുവര്‍ക്കും എതിരെയുള്ള കേസ്. വിലകൂടിയ വാച്ചുകള്‍, വജ്രം, സ്വര്‍ണാഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ 'തോഷാഖാന'യില്‍ (സമ്മാനപ്പുര) നിക്ഷേപിക്കാതെ മറിച്ചുവിറ്റു എന്നാരോപിച്ച് 2024 ജൂലൈയിലാണ് കേസ് ഫയല്‍ ചെയ്തത്.

ആത്മീയഗുരുവില്‍ നിന്ന് ഇമ്രാന്റെ ഭാര്യയായി

പഞ്ചാബ് സ്വദേശിയായ ബുഷ്റ റിയാസ് വാട്ടൂ എന്ന ബുഷ്റ ബീബിയെ 2014ലാണ് ഇമ്രാന്‍ ഖാന്‍ പരിചയപ്പെടുന്നത്. ആദ്യ വിവാഹങ്ങളുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളും വാര്‍ത്തകളും രാഷ്ട്രീയ പ്രശ്നങ്ങളുമായി തലപുകഞ്ഞുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ബുഷ്റയുടെ സഹോദരി മര്‍യം റിയാസ് വാട്ടൂ തന്നെ ആ കൂടിക്കാഴ്ചയൊരുക്കിയത്. ഇസ്ലാമാബാദില്‍ നടന്ന പിടിഐയുടെ ഒരു പ്രതിഷേധ ധര്‍ണയ്ക്കിടെയായിരുന്നു ഇത്.




13-ാം നൂറ്റാണ്ടില്‍ പഴയ പഞ്ചാബ് പ്രവിശ്യയില്‍ ജീവിച്ച സൂഫി ഗുരുവും ഇസ്ലാമിലെ ചിശ്തി ആത്മീയസരണയിലെ പ്രധാനിയുമായ ഫരീദുദ്ദീന്‍ ഗഞ്ച്ഷക്കറിന്റെ(ബാബ ഫരീദ്) അനുയായിയാണ് ബുഷ്റ ബീബി. ബാബ ഫരീദിന്റെ അധ്യാത്മികസരണിയിലൂടെ വളര്‍ന്ന അവര്‍ അപ്പോഴേക്ക് ജനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്ന ആത്മീയഗുരുവായി മാറിയിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥനായ ഖവാര്‍ മനേകയായിരുന്നു ഭര്‍ത്താവ്. സൂഫിസത്തിലുള്ള താല്‍പര്യം തന്നെയാണ് ഇമ്രാന്‍ ഖാനെ ബുഷ്റയുമായി അടുപ്പിച്ചത്. പതിയെ പാക്പഠാനിലെ ഭര്‍തൃഗൃഹത്തിലെ നിത്യസന്ദര്‍ശകനായി മാറി ഇമ്രാന്‍. ജീവിതത്തിലെ ഓരോ ചുവടുവയ്പ്പുകളിലും ഉപദേശനിര്‍ദേശങ്ങള്‍ തേടി ബീബിയുടെ അടുത്തെത്തി. ഒടുവില്‍ 2017ല്‍ ആദ്യ വിവാഹത്തില്‍നിന്നു വേര്‍പിരിഞ്ഞ ബുഷ്റ ബീബി 2018 ഫെബ്രുവരിയില്‍ ഇമ്രാന്‍ ഖാനെ വിവാഹം കഴിക്കുകയും ചെയ്തു.

മുന്‍ ഭാര്യമാരായ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക ജെമീമ ഗോള്‍ഡ്സ്മിത്തില്‍നിന്നും പാക് മാധ്യമപ്രവര്‍ത്തക റെഹാം ഖാനില്‍നിന്നും ഏറെ വ്യത്യസ്തമായിരുന്നു ബുഷ്റ. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ആദ്യ ഭാര്യമാരില്‍നിന്ന് ഏറെ മാറി പൊതുരംഗങ്ങളിലൊന്നും അവര്‍ പ്രത്യക്ഷപ്പെട്ടതേയില്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ മുഖം പോലും വെളിപ്പെടുത്തിയില്ല. 2018ല്‍, വിവാഹം കഴിഞ്ഞ് ആറാം മാസമാണ്, 'ആത്മീയാനുഗ്രഹം' പോലെ പിടിഐ പാക് പൊതുതെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടുകയും ഇമ്രാന്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്യുന്നത്. ഇമ്രാന്‍ രാജ്യഭരണം നയിക്കുമ്പോഴും ബുഷ്റ ബീബി എവിടെയുമുണ്ടായിരുന്നില്ല.

എന്നാല്‍, ആഭിചാരക്രിയകളും മന്ത്രവാദവുമെല്ലാം നടത്തുന്ന വ്യാജസിദ്ധയാണെന്ന് ശത്രുക്കള്‍ ബുഷ്റയ്ക്കെതിരെ ആരോപണങ്ങളുയര്‍ത്തി. മുന്‍ പാക് ഇന്റലിജന്‍സ് വിഭാഗം മേധാവി ജനറല്‍ ഫൈസ് ഹമീദ് ഉള്‍പ്പെടെ നല്‍കി വിവരങ്ങള്‍ 'ദിവ്യജ്ഞാനം' പോലെ അവതരിപ്പിച്ച് ഇമ്രാന്‍ ഖാനെ കബളിപ്പിക്കുകയാണെന്നും ആരോപണമുയര്‍ന്നു. ഇതിനിടെ, ബുഷ്റയും ഇമ്രാനും തമ്മിലുള്ള വിവാഹം ഇസ്ലാമികവിരുദ്ധമാണെന്ന് കാണിച്ച് 2023ല്‍ മുന്‍ ഭര്‍ത്താവ് ഖവാര്‍ ഇസ്ലാമാബാദിലെ കോടതിയില്‍ ഹരജി നല്‍കി. ഇസ്ലാമില്‍ വിവാഹമോചനശേഷം പുതിയ വിവാഹത്തിനുമുന്‍പ് നിര്‍ബന്ധമായും പാലിക്കേണ്ട 'ഇദ്ദ' കാലയളവ് കഴിയുംമുന്‍പ് വിവാഹം നടന്നുവെന്നായിരുന്നു ആരോപണം. കേസ് പരിഗണിച്ച കോടതി വിവാഹം അസാധുവാണെന്നു വിധി പ്രഖ്യാപിക്കുകയും ഇരുവരെയും ജയിലിലടക്കുകയും ചെയ്തു.

ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും തോഷഖാന അഴിമതിക്കേസില്‍ ഇമ്രാനൊപ്പം വീണ്ടും ബുഷ്റ അറസ്റ്റിലായി. റാവല്‍പിണ്ടിയിലെ അദിയാല സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ബുഷ്റ ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. പിന്നീട് ഇമ്രാന്റെ പാര്‍ട്ടിയുടെ സമരങ്ങളില്‍ അടക്കംപങ്കെടുത്തിരുന്നു. എന്നാല്, ഒന്നിനു പിറകെ ഒന്നായി നിയമക്കുരുക്കുകളില്‍പെട്ട് ഇമ്രാന്റെ ജയില്‍വാസം നീണ്ടതോടെ ഇവരും അഴിക്കുള്ളിലായി.