- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം; ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ഇസ്രായേല്‍; കൊടും പട്ടിണിയില്‍ വലഞ്ഞ് ഗാസാ നിവാസികള്‍
ഗാസയില്‍ ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം
ഗാസ സിറ്റി: റമാദാന്‍ കാലത്തും ഗാസാ നിവാസികള്‍ക്ക് ദുരിതം. ഗാസയില്‍ ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം പിന്നിട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഗാസയില്‍ പകടുത്ത പട്ടിണിയാണ് എങ്ങും. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുരോഗമിക്കവെയാണ് ഇസ്രായേല്‍ ഗാസക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതും ട്രക്കുകള്‍ തടയാന്‍ ആരംഭിച്ചതും.
ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ, ഇന്ധനത്തിന്റെ വിതരണവും തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ വഴങ്ങിയിട്ടില്ല. യുദ്ധകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയതെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ (യുഎന്‍എച്ച്ആര്‍സി) റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍, ആരോപണങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചു. ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ ഗാസയെ ഉപരോധിച്ചത്. രണ്ടാം വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായേല്‍ മുന്നോട്ടുവെച്ച പല ഉപാധികളും ഹമാസ് അംഗീകരിച്ചിരുന്നില്ല. അതിനിടെ, ഗാസയില്‍നിന്ന് ആരും പലസ്തീന്‍കാരെ പുറത്താക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
അയര്‍ലന്‍ഡ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഗാസയില്‍നിന്നു പലസ്തീന്‍കാരെ ഒഴിപ്പിക്കുമെന്ന നിലപാട് ട്രംപ് തിരുത്തിയത്. ട്രംപിന്റെ പുതിയ നിലപാടിനെ ഹമാസ് സ്വാഗതം ചെയ്തു. ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ വൈദ്യുതി മന്ത്രി അറിയിച്ചിരുന്നു. വൈദ്യുതി വിതരണം എത്രയും പെട്ടന്ന് നിര്‍ത്തി വെക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി മന്ത്രി എലി കോഹന്‍ പറഞ്ഞു.
യുദ്ധത്തില്‍ പൂര്‍ണമായി തകര്‍ന്ന ഫലസ്തീനിലേക്കുള്ള എല്ലാ സഹായങ്ങളും ഒരാഴ്ചയായി ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് വൈദ്യുതി വിഛേദിക്കാനുളള അനുമതിയില്‍ എലി കോഹന്‍ ഒപ്പുവെച്ചത്. അതിനിടെ അറബ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഗസ്സ പുനര്‍നിര്‍മാണ പദ്ധതി അമേരിക്കന്‍ പ്രസിഡന്റിന്റെ മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മുമ്പാകെ അവതരിപ്പിച്ചു.
ദോഹയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനിയുടെ നേതൃത്വത്തില്‍ അറബ് രാഷ്ട്ര പ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് ഗസ്സ പുനര്‍നിര്‍മാണ പദ്ധതി അവതരിപ്പിച്ചത്. മാര്‍ച്ച് നാലിന് കൈറോയില്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്ന അറബ് ഉച്ചകോടിയിലായിരുന്നു ഫലസ്തീനികളെയെല്ലാം സ്വന്തം മണ്ണില്‍ തന്നെ നിലനിര്‍ത്തി കൊണ്ടുള്ള പുനര്‍നിര്‍മാണ പദ്ധതി തയ്യാറാക്കി, അറബ് രാജ്യങ്ങള്‍ അംഗീകാരം നല്‍കിയത്.
പദ്ധതി സംബന്ധിച്ച് ചര്‍ച്ചകളും കൂടിയാലോചനകളും തുടരുന്നതില്‍ യു.എസ് പ്രതിനിധിയും അറബ് രാഷ്ട്ര മേധാവികളും ധാരണയായി. ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ സാധ്യമാക്കാനും, സ്വതന്ത്ര ഫലസ്തീന്‍ എന്ന പരിഹാരത്തിലൂടെ മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാനും അറബ് രാഷ്ട്ര മേധാവികള്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ സാന്നിധ്യത്തില്‍ ഹമാസ്-ഇസ്രായേല്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ദോഹയില്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. അറബ് രാജ്യങ്ങളുടെ ഗസ്സ പുനര്‍നിര്‍മാണ പദ്ധതിക്ക് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. 5300 കോടിയോളം ഡോളര്‍ ചെലവുവരുന്ന പദ്ധതിയെ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് സ്വാഗതം ചെയ്തത്.
കടുത്ത ദുരിതത്തില്‍നിന്ന് ഗസ്സയിലെ ജനങ്ങളുടെ ജീവിതത്തില്‍ സുസ്ഥിരമായ പുരോഗതി ഉറപ്പുനല്‍കുന്നതാണ് ഈ പദ്ധതിയെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ച് ഗസ്സ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് ബദലായാണ് ഈജിപ്ത് നേതൃത്വത്തില്‍ ഗസ്സ പുനര്‍നിര്‍മാണ പദ്ധതി തയാറാക്കിയത്.
അഞ്ചുവര്‍ഷം കൊണ്ട് ഗസ്സയെ പൂര്‍ണമായും ആധുനിക നഗരമാക്കി പുനര്‍നിര്‍മിക്കാനുള്ള പദ്ധതി ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും തള്ളിയിരുന്നു. ഹമാസിന് പകരം ഗസ്സയുടെ ഭരണ ചുമതല സ്വതന്ത്രരായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സമിതിയെ ഏല്‍പിക്കണമെന്നാണ് പദ്ധതി നിര്‍ദേശിക്കുന്നത്.