റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ഡൊണാള്‍ഡ് ട്രംപ് എത്തിയത് മുതല്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ സംസാരിച്ചത് ബിസിനസിനെ കുറിച്ചാണ്. ലോകരാജ്യങ്ങളുമായി താരിഫ് യുദ്ധത്തിലേക്ക് ട്രംപ് നീങ്ങാന്‍ ഇടയാക്കിയതും അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യവുമായാണ്. എല്ലാ രാജ്യങ്ങളോടും വിലപേശി ബിസിനസ് ചെയ്യുന്ന ട്രംപിന്റെ കൗശലം അറബ് രാജ്യങ്ങള്‍ക്കിടയിലും വര്‍ക്കാകുയാണ്.

പശ്ചിമേഷ്യാസന്ദര്‍ശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സൗദി അറേബ്യയിലെ റിയാദിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 14,200 കോടി ഡോളറിന്റെ (11.86 ലക്ഷം കോടിയോളം രൂപ) ആയുധക്കരാറിലൊപ്പിട്ടു. 'ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടെ'ന്നാണ് കരാറിനെ വൈറ്റ് ഹൗസ് ഇതിനെ വിശേഷിപ്പിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് ഇരുനേതാക്കളും കരാറിലൊപ്പുവെച്ചത്. മുഹമ്മദ് ബിന്‍ സല്‍മാനെ പുകഴ്ത്തി കൊണ്ടാണ് ട്രംപ് സംസാരിച്ചതും.

യുദ്ധ മുഖത്തുപയോഗിക്കാവുന്ന അത്യാധുനികശേഷിയുള്ള ആയുധങ്ങളും സൈനികോപകരണങ്ങളും സാങ്കേതികവിദ്യയും യുഎസ് സൗദിക്ക് കൈമാറും. ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസിലെ നിര്‍മിതിബുദ്ധിമേഖലയില്‍ 2000 കോടി ഡോളര്‍ (1.74 ലക്ഷംകോടി രൂപ) നിക്ഷേപിക്കാന്‍ സൗദി കമ്പനിയായ ഡേറ്റാവോള്‍ട്ട് തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ബൈഡന്‍ ഭരണകൂടം യുഎസ് എഐ ചിപ്പുകള്‍ നല്‍കിയിരുന്നില്ല.

ഊര്‍ജമേഖലയിലെ സഹകരണമാണു സൗദി യുഎസ് ബന്ധത്തിന്റെ മൂലക്കല്ലെന്നും നിക്ഷേപ അവസരങ്ങള്‍ പലമടങ്ങായി വര്‍ധിച്ചുവെന്നും സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. യുഎസിന്റെ മികച്ച യുദ്ധവിമാനമായ എഫ് 35 വാങ്ങുന്നതിനുള്ള താല്‍പര്യം സൗദി അറിയിച്ചെങ്കിലും ട്രംപ് ഉറപ്പുനല്‍കിയില്ല. വിശ്വസ്ത സഖ്യ രാജ്യങ്ങള്‍ക്കു മാത്രമാണ് യുഎസിന്റെ എഫ് 35 ജെറ്റുകള്‍ നല്‍കിയിട്ടുള്ളത്.

ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി അറേബ്യന്‍ ചീറ്റപ്പുലിയെ സൗദി യുഎസിനു നല്‍കും. ചീറ്റപ്പുലിയെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൈമാറ്റം. ഇന്നു റിയാദില്‍ നടക്കുന്ന ഗള്‍ഫ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ട്രംപ് ദോഹയിലേക്കു തിരിക്കും. നാളെ അബുദാബിയില്‍ എത്തും.

ഇസ്രയേലിന്റെ സഖ്യകക്ഷിയായ യുഎസ്, സൗദിയുമായി ആയുധക്കരാറിലെത്തുന്നത് സൗദി-ഇസ്രയേല്‍ ബന്ധം മെച്ചപ്പെടുന്നതിനിടയാക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രയേലിന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന അബ്രഹാം ഉടമ്പടി വിപുലമാക്കുകയെന്നതും ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അബ്രഹാം ഉടമ്പടിയില്‍ ഉള്‍പ്പെടാത്ത രാജ്യമാണ് സൗദി. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കണമെങ്കില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നാണ് സൗദിയുടെ നിലപാട്.

ചൊവ്വാഴ്ച യുഎസ്-സൗദി നിക്ഷേപക സമ്മേളനത്തില്‍ ട്രംപ് പങ്കെടുത്തു. ബുധനാഴ്ച ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) സംയുക്തസമ്മേളനത്തെ ട്രംപ് അഭിസംബോധന ചെയ്യും. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയാണിത്.

ജനുവരിയില്‍ വീണ്ടും അധികാരത്തിലെത്തിയശേഷം ഡൊണാള്‍ഡ് ട്രംപ് ആദ്യം ഫോണില്‍ സംസാരിച്ചത് സൗദി കിരീടാവകാശിയുമായാണ്. 2017-ല്‍ പ്രസിഡന്റായപ്പോള്‍ അദ്ദേഹം ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം സൗദിയായിരുന്നു. നാലുദിവസത്തെ പര്യടനത്തിനിടെ യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളും ട്രംപ് സന്ദര്‍ശിക്കും. ഗാസയിലെ വെടിനിര്‍ത്തല്‍, യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മാണം, യുഎസ്-ഇറാന്‍ ആണവക്കരാര്‍ എന്നിവയൊക്കെ ട്രംപിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചാവിഷയമാകുമെന്നാണ് വിലയിരുത്തല്‍.

റിയാദ് വിമാനത്താവളത്തില്‍ പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ പത്തോടെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലിറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വിശിഷ്ടാതിഥികള്‍ക്കുമാത്രം നല്‍കാറുള്ള പര്‍പ്പിള്‍ പരവതാനി വിരിച്ച് ട്രംപിന് സൗദി ഗാഡ് ഓഫ് ഓണര്‍ നല്‍കി. പിന്നീട് റോയല്‍ ടെര്‍മിനലില്‍നടന്ന കാപ്പിസത്കാരത്തിനുശേഷം കുതിരപ്പടയുടെ അകമ്പടിയോടെ ട്രംപിനെ റിയാദിലെ കൊട്ടാരത്തിലേക്ക് ആനയിച്ചു.

ഘോഷയാത്രയില്‍ ട്രംപിന്റെ ഉപദേഷ്ടാവും സര്‍ക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ ചുമതലക്കാരനുമായ ഇലോണ്‍ മസ്‌ക്, ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തങ്ങളുടെ വ്യോമമേഖലയില്‍ പ്രവേശിച്ച ട്രംപിന്റെ വിമാനത്തിന് സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ യുഎസ് നിര്‍മിത എഫ്-15 വിമാനങ്ങളും അകമ്പടിയേകിയിരുന്നു. പിന്നീട്, റിയാദ് റോയല്‍ പാലസിലും യുഎസ് പ്രസിഡന്റിനു സ്വീകരണം ഒരുക്കിയിരുന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, ഓപ്പണ്‍ എഐ തലവന്‍ സാം ആള്‍ട്ട്മാന്‍ എന്നിവരും ട്രംപിനൊപ്പം ഉണ്ടായിരുന്നു.