വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ യു. എസ്സില്‍നിന്ന് ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായുള്ള നടപടികളിലേക്ക് കടന്നിരിക്കയാണ് ട്രംപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട പ്രസ്താവന വൈറ്റ്ഹൗസ് പുറത്തിറക്കി. രാജ്യത്ത് അനധികൃതമായി ുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുള്ള വാഗ്ദാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിക്കുകയാണന്നും വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വന്‍തോതിലാണ് നാടുകടത്തല്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ അറിയിപ്പ്.

'അദ്ദേഹം വാഗ്ദാനം ചെയ്തകാര്യം നടപ്പിലാക്കുന്നതിലൂടെ ശക്തമായൊരു സന്ദേശമാണ് പ്രസിഡന്റ് ട്രംപ് ലോകത്തിന് നല്‍കുന്നത്. അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും', വൈറ്റ് ഹൗസ് പോസ്റ്റില്‍ വ്യക്തമാക്കി. വലിയതോതിലുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി നേരത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പ്രഖ്യാപിച്ചിരുന്നു.

ഭീകരവാദിയെന്ന് സംശയിക്കുന്ന ഒരാളുള്‍പ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികള്‍, യൂട്ടായിലെ സാമൂഹികവിരുദ്ധസംഘമായ ട്രെന്‍ ഡി അരാഗ്വയിലെ നാല് അംഗങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങളിലെ പ്രതികള്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തതായും ലെവിറ്റ് അറിയിച്ചു. യു.എസ്സിന്റെ ചരിത്രത്തിലെ 'ഏറ്റവും ബൃഹത്തായ നാടുകടത്തല്‍ ഉദ്യമം' എന്നാണ് ലെവിറ്റ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിനാളുകളെ സൈനികവിമാനങ്ങളില്‍ കയറ്റി അയച്ചതായും ലെവിറ്റ് പറഞ്ഞു. വാഗ്ദാനം നല്‍കി, വാഗ്ദാനം പാലിച്ചു എന്നും ലെവിറ്റ് എക്സ് പോസ്റ്റില്‍ കുറിച്ചു.

താന്‍ അധികാരത്തിലെത്തിയാലുടനെ തന്നെ നിയമപരമായ അനുമതിയില്ലാതെ യു.എസ്സില്‍ തങ്ങുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. മെക്സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍മേഖലയില്‍ അധികാരത്തിലെത്തിയതിനുപിന്നാലെ ട്രംപ് അടിയന്തരാവസ്ഥ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം, അനധികൃത കുടിയേറ്റത്തെ ഒരുതരത്തിലും അനുകൂലിക്കുന്നില്ലെന്ന നിലപാട് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന ഏകദേശം 18,000 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ ഡൊണള്‍ഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നെന്നാണ് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരിച്ചയക്കുന്നവരുടെ എണ്ണം 725,000 വരെ ഉയരാമെന്നും റിപ്പോര്‍ട്ട് പറയുന്നു. പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഈ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും എന്നതാണ് ശ്രദ്ധേയം.

എന്നാല്‍ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഈ നാടുകടത്തലുകളെക്കുറിച്ച് അധികം ആശങ്കാകുലരല്ല എന്നതാണ് യാഥാര്‍ഥ്യം. നിയമവിരുദ്ധ കുടിയേറ്റം ഇന്ത്യയില്‍ അത്ര പ്രചാരത്തിലുള്ളതല്ല. നിയമപരമായ കുടിയേറ്റത്തിന് മാത്രം ഇന്ത്യ പ്രാധാന്യം നല്‍കുന്നതിനാല്‍ ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടിയെ ഇന്ത്യ ശക്തമായി എതിര്‍ക്കാന്‍ സാധ്യതയില്ല. 'അതിര്‍ത്തി സുരക്ഷ'വിഷയത്തില്‍ മോദി ട്രംപിനെ പിന്തുണക്കുകയും ചെയ്തിരുന്നു.

യു.എസ്സിലോ മറ്റേതെങ്കിലും രാജ്യത്തോ അനധികൃതമായി താമസിച്ചുവരുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളതിനാല്‍ത്തന്നെ അനധികൃത കുടിയേറ്റത്തെ ഒരിക്കലും ഇന്ത്യ അനുകൂലിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും നേരത്തെ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ ഇന്ത്യക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും, നിയമവിരുദ്ധ കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്.'അതിര്‍ത്തി സുരക്ഷ'യുടെ ആവശ്യകതയെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടത്തിയ ടെക്‌സസിലെ ഒരു റാലിയില്‍ മോദി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍, നിയമവിരുദ്ധ കുടിയേറ്റം അത്ര ജനപ്രിയമല്ല. രാജ്യത്തെ വലിയ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍, അത്തരം അപകടസാധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ളവരുടെ എണ്ണം ചെറുതുമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന താഴ്ന്ന വരുമാനക്കാരായ ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നത് തടയാന്‍, പതിറ്റാണ്ടുകളായി നിയമപരമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

നിയമവിരുദ്ധ കുടിയേറ്റക്കാരുമായി തങ്ങളെ ബന്ധപ്പെടുത്തുന്നതിനെ അമേരിക്കയിലെ നിയമപരമായി താമസിക്കുന്ന ഇന്ത്യക്കാര്‍ എതിര്‍ക്കുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇതിനകം തന്നെ ജര്‍മനി, യുകെ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി പൗരന്മാരെ തിരിച്ചയയ്ക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.

നിയമപരമായ കുടിയേറ്റത്തിന്റെ ഒരു വിശ്വസനീയമായ കേന്ദ്രമായി മാറാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതിനാലാണിത്. ഇത് ഇന്ത്യയുടെ തൊഴില്‍ശക്തിയെയും സമ്പദ്വ്യവസ്ഥയെയും വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഒരു പ്രധാന ഘടകമാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നുള്ള പണമയയ്ക്കല്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായ വിദേശ കറന്‍സി നേടിത്തരുന്നു. 2022ല്‍, 111 ബില്യണ്‍ ഡോളര്‍ വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് അയച്ചു. ഇത് അമേരിക്കയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് അയയ്ക്കുന്ന തുകയുടെ ഇരട്ടിയാണ്.

ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് പുതിയ ടെക്‌നോളജി പഠിക്കാനും പ്രയോഗിക്കാനുമുള്ള അവസരം വിദേശത്തെ ജോലി നല്‍കുന്നു. ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് പ്രധാനമാണ്. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്കൊപ്പം, നിയമപരവും താല്‍ക്കാലികവുമായ കുടിയേറ്റത്തിനുള്ള പുതിയ വഴികളും ഇന്ത്യയുടെ മിക്ക തിരിച്ചയക്കല്‍ കരാറുകളിലും ഉള്‍പ്പെടുന്നുണ്ട്. ഇത് നിലവില്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പോലും, ട്രംപിനെ സന്തോഷിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ നാടുകടത്തലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.