- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയ്ക്ക് പണി കൊടുക്കാന്‍ നോക്കിയത് ബൂമറാങായി; അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന അവസ്ഥ വന്നപ്പോള്‍ കളം മാറ്റിച്ചവിട്ടി ട്രംപ്; യുഎസ് - ചൈന താരിഫ് യുദ്ധത്തില്‍ 'വെടിനിര്‍ത്തല്‍'; ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ യുഎസ് 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറയ്ക്കും
ചൈനയ്ക്ക് പണി കൊടുക്കാന്‍ നോക്കിയത് ബൂമറാങായി;
വാഷിംഗ്ടണ്‍: അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാന്‍ ധാരണയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി. വ്യാപാര യുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്നു നടത്തിയ ശ്രമങ്ങള്‍ ലോക സമ്പദ് വ്യവസ്ഥക്ക് തന്നെ തിരിച്ചടിയായിരുന്നു. ട്രംപിന്റെ പിടിവാശിയാണ് ഇക്കാര്യത്തില്‍ ലോകം കണ്ടതും. എന്നാല്‍ ഈ തിരിച്ചടിയെ ചൈന അതേ നാണയത്തില്‍ പ്രതിരോധിച്ചപ്പോള്‍ അമേരിക്കയിലും ആശങ്കയായി.
അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവ യുദ്ധം ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചു. ഇതോടെയാണ് തല്ക്കാലം വ്യാപാരയുദ്ധത്തില്‍ വെടിനിര്‍ത്തലിന് തീരുമാനമായിരിക്കുന്നത്. ചൈനയ്ക്ക് 'പണി' കൊടുക്കാന്‍ നോക്കിയ അമേരിക്കയ്ക്ക് തന്നെയാണ് അത് തിരിച്ചടിയായത്. എന്നാല്‍ യുഎസ് ചൈന വ്യാപാര യുദ്ധം ഇപ്പോള്‍ താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ യുഎസ് 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറയ്ക്കും.
അതേസമയം ചൈന, അമേരിക്കന്‍ ഇറക്കുമതികള്‍ക്കുള്ള തീരുവ 125 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലായി കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു. 90 ദിവസത്തേക്കാണ് താരിഫ് പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തിങ്കളാഴ്ച സമ്മതിച്ചത്. സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ നടന്ന വ്യാപാര ചര്‍ച്ചക്കു പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. ചൈനീസ് വൈസ് പ്രീമിയര്‍ ഹെ ലൈഫെംഗും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറും ചേര്‍ന്ന് സാമ്പത്തിക, വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരാനുള്ള സംവിധാനം സ്ഥാപിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള മാസങ്ങള്‍ നീണ്ടു നിന്ന പ്രശ്‌നങ്ങളാണ് ഇതോടെ അവസാനിച്ചത്. വ്യാപാര യുദ്ധം അവസാനിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഹോങ്കോങ്ങിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക മൂന്ന് ശതമാനം ഉയര്‍ന്നു, അതേസമയം ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജിന്റെ ഫ്യൂച്ചറുകള്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ ഉയരുകയും ചെയ്തു.
നേരത്തെ യുകെയുമായും അമേരിക്ക പകരചുങ്കത്തില്‍ ധാരണയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ലോകത്താകമാനമുള്ള വാഹന വ്യവസായ മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ താത്കാലികമായി യുഎസിലേക്കുള്ള വാഹന കയറ്റുമതി നിര്‍ത്തുമെന്ന് പോലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ ബ്രിട്ടീഷ് വാഹന മേഖലയ്ക്ക് വലിയ ആശ്വാസം പകരുന്നതാണ്.
ബ്രിട്ടണില്‍നിന്ന് അമേരിക്കയില്‍ എത്തുന്ന ആദ്യ ഒരുലക്ഷം വാഹനങ്ങള്‍ക്ക് 10 ശതമാനം തീരുവ മാത്രമായിരിക്കും ഈടാക്കുകയെന്നാണ് കരാറില്‍ പറയുന്നത്. ഇതിനുശേഷമുള്ള ഓരോ വാഹനത്തിന് 25 ശതമാനം ഇറക്കുമതി തീരുവ ഈടാക്കാനാണ് കരാറിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍, മിനി, റോള്‍സ് റോയിസ്, മക്ലാരന്‍, ലോട്ടസ് തുടങ്ങിയ കമ്പനികളുടെയെല്ലാം ചേര്‍ത്തുള്ള കയറ്റുമതി 2024-ല്‍ ഒരുലക്ഷം കടന്നിരുന്നു. എന്നാല്‍, ഈ വാഹനങ്ങള്‍ എല്ലാം ബ്രിട്ടണില്‍ നിര്‍മിച്ചവയല്ലെന്നതാണ് ശ്രദ്ധേയം.
2024-ല്‍ ബ്രിട്ടണില്‍ നിന്ന് ഒരുലക്ഷം വാഹനങ്ങള്‍ മാത്രമാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. 12 ബില്ല്യണ്‍ ഡോളറായിരുന്നു ഇതിന്റെ ആകെ മൂല്യം. 10 ശതമാനം പകരച്ചുങ്കം നിലനില്‍ക്കുന്നുണ്ടെങ്കിലും അലുമിനിയത്തിനും ഉരുക്കിനും പുതിയ വ്യാപാരനയം ഒരുക്കിയിട്ടുണ്ടെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഈ വസ്തുക്കളുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് പൂജ്യത്തിലേക്ക് കുറച്ചിട്ടുണ്ടെന്നും, ബ്രിട്ടണില്‍ നിന്ന് നികുതിയില്ലാതെ തന്നെ യുഎസിലേക്ക് അലുമിനിയവും ഉരുക്കും കയറ്റുമതി ചെയ്യാമെന്നും അമേരിക്ക അറിയിച്ചു.
തീരുവയില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചതിനെ ചരിത്രപരമായ നീക്കമെന്നാണ് യുകെ വിശേഷിപ്പിച്ചിരിക്കുന്നത്. വാഹന നിര്‍മാതാക്കളുടെ നികുതി കുറയ്ക്കുകയും സ്റ്റീല്‍ കയറ്റുമതിക്കുള്ള തീരുവ വെട്ടിച്ചുരുക്കുകയും ചെയ്തതിലൂടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുകയും കയറ്റുമതികള്‍ക്ക് സ്ഥിരത ഉറപ്പാക്കുകയും ചെയ്യുമെന്നും ബ്രിട്ടണ്‍ അറിയിച്ചു. വാഹനങ്ങളുടെ തീരുവ 10 ശതമാനമായി കുറയ്ക്കുന്നതിലൂടെ ലാന്‍ഡ് റോവറിന് മാത്രം പ്രതിവര്‍ഷം കോടികണക്കിന് രൂപയുടെ ലാഭമുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.