- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലൂചിസ്ഥാന് ലിബറേഷന്‍ ആര്‍മിയെ 'വിദേശ ഭീകര സംഘടന'യുടെ പട്ടികയില്‍ പെടുത്തി അമേരിക്ക; ഭീകരതയ്ക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച് യുഎസ് പ്രഖ്യാപിച്ചത് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശിക്കവേ; ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് നടപടിയില്‍ പ്രതിഫലിച്ചതെന്ന് മാര്‍ക്കോ റൂബിയോ
ബലൂചിസ്ഥാന് ലിബറേഷന്‍ ആര്‍മിയെ 'വിദേശ ഭീകര സംഘടന'യുടെ പട്ടികയില്‍ പെടുത്തി അമേരിക്ക
വാഷിങ്ടന്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധസംഘമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ (ബിഎല്‍എ) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. 'ദി മജീദ് ബ്രിഗേഡ്' എന്ന പേരിലും അറിയപ്പെടുന്ന ബിഎല്‍എയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി പോരാടുന്ന സംഘടനയാണ് ബിഎല്‍എ.
2019ല്‍ യുഎസ് ബിഎല്‍എയെ സ്‌പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 6 വര്‍ഷത്തിന് ശേഷം വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. 2024-ല്‍ കറാച്ചിയിലെ വിമാനത്താവളത്തിനും ഗ്വാദര്‍ തുറമുഖ അതോറിറ്റി സമുച്ചയത്തിനും സമീപമുള്ള ചാവേര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് യുഎസിന്റെ നടപടി. 2025ല്‍, ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയെടുത്തതിന്റെ ഉത്തരവാദിത്തവും ബിഎല്‍എ ഏറ്റെടുത്തിരുന്നു.
''ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ന് സ്വീകരിച്ച നടപടി. ഈ ഭീഷണിക്കെതിരായ അമേരിക്കയുടെ പോരാട്ടത്തില്‍ ഭീകരവാദ പദവികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ പരിമിതപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണിത്.'' മാര്‍ക്കോ റൂബിയോ പറഞ്ഞു. നേരത്തെ പാക്കിസ്ഥാനും ബിഎല്‍എയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). ഇന്ത്യ-പാക് സംഘര്‍ഷം നടക്കുന്ന വേളയില്‍ അടക്കം ഇന്ത്യക്ക് അനുകൂല നിലപാട് ഈ സംഘടന സ്വീകരിച്ചിട്ടുണ്ട്. പാകിസ്ഥാന് എതിരായി ഇന്ത്യ സ്വീകരിക്കുന്ന ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്നും ബിഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വന്‍തിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിമോചന പോരാട്ടം.
വിദേശ പ്രോക്സി എന്ന ആരോപണങ്ങള്‍ തള്ളിയ ബിഎല്‍എ, തങ്ങള്‍ പ്രദേശത്തെ നിര്‍ണായകമായ പാര്‍ട്ടി എന്നാണ് സ്വയം വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും ലക്ഷ്യംവച്ച് ബലൂചിസ്ഥാനിലെ 51 കേന്ദ്രങ്ങളില്‍ 71 ആക്രമണങ്ങള്‍ നടത്തിയതായും ബിഎല്‍എ അവകാശപ്പെട്ടിരുന്നു.
പാക് സൈനിക മേധാവി അമേരിക്ക സന്ദര്‍ശിക്കവേയാണ് ബിഎല്‍എയെ ഭീകരവാദി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുള്ള പ്രഖ്യാപനം വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ബലൂചിസ്ഥാനില്‍ ചൈനയുടെ താല്‍പ്പര്യങ്ങള്‍ വലിയ തോതിലുണ്ടായിരുന്നു. അവിടെ റോഡുണ്ടാക്കുന്നതും പാലമുണ്ടാക്കുന്നതുമെല്ലാം ചൈനയാണ്. സാമ്പത്തികമായി തകര്‍ന്ന, പാക്കിസ്ഥാനെ ഗതികേട് ചൈന നന്നായി മുതലെടുക്കുകയാണ്. അമേരിക്ക സഹായിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെ ഇനിയും ചൈന 'സഹായിക്കും'.
ഇതെല്ലാം മുന്നില്‍ കണ്ടാണ്, കൂടുതല്‍ പ്രതിരോധ സാങ്കേതികവിദ്യ പാക്കിസ്ഥാന് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, ഗണ്യമായ സാമ്പത്തികസഹായം എന്നിവയും ഓഫറുണ്ട്. ഈയിടെയായി പ്രതിരോധരംഗത്ത് പാക്കിസ്ഥാന്‍ ചൈനയെ കാര്യമായി ആശ്രയിക്കുന്നത് ചെറുക്കാനും ട്രംപ് ലക്ഷ്മിടുന്നുണ്ടെന്നാണ്, ദ ഗാര്‍ഡിയന്‍ വിലയിരുത്തുന്നത്. ചൈനയുടെ ജെ-35 പോര്‍വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും വര്‍ഷാവസാനം പാക്കിസ്ഥാനിലെത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇത് തടയുക എന്നതും ട്രംപിന്റെ ലക്ഷ്യമാണ്.
നേരത്തെ വൈറ്റ് ഹൗസില്‍വെച്ച് അസീം മുനീറുമായി നടത്തിയ ചര്‍ച്ചയില്‍, റഷ്യ, ചൈന എന്നിവരോട് സൗഹൃദം ഒഴിവാക്കണം, ബ്രിക്‌സ് അടക്കമുള്ള കിഴക്കന്‍ കൂട്ടായ്മകളില്‍ നിന്നും വിട്ടുനില്‍ക്കണം, എന്നീ ആവശ്യങ്ങള്‍ ട്രംപ് ഉന്നയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാന്‍-യുഎസ് എണ്ണ സഹകരണ കരാറിന്റെ പശ്ചാത്തലത്തില്‍, യുഎസില്‍ നിന്ന് വമ്പന്‍ എണ്ണ ഇറക്കുമതിക്ക് പാക്കിസ്ഥാനിലേക്ക് ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.
പാക്കിസ്ഥാനില്‍ 353.5 മില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് ഇനിയും കുഴിച്ചെടുക്കപ്പെട്ടിട്ടില്ല. ബലൂച് മേഖലയിലെ എണ്ണ ധാതുനിക്ഷേപത്തിലും ട്രംപിന് കണ്ണുണ്ടെന്ന് പറയുന്നു. എന്നാല്‍ സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി പേരാട്ടം നടത്തുന്ന സംഘടനകള്‍ അമേരിക്കക്ക് എതിരെയും തിരിഞ്ഞിട്ടുണ്ട്. ഈ എണ്ണശേഖരം പാക്കിസ്ഥാന്റെതല്ല, തങ്ങളുടേതാണെന്നും, ഈ സമ്പത്തുവെച്ചാണ് പാക്കിസ്ഥാന്‍ വിലപേശുന്നതെന്നും ബലൂച് സംഘടനകള്‍ ആരോപിച്ചിരുന്നു.