ന്യൂയോര്‍ക്ക്: അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഇനി രണ്ട് തവണ പലിശ കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയിലാണ്. ഈ വര്‍ഷത്തെ ആദ്യ ഇളവാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം കുടിയേറ്റം, നികുതി, മറ്റ് ട്രംപ് നയങ്ങള്‍ എന്നിവ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് ഡിസംബര്‍ മുതല്‍ ഫെഡ് റിസര്‍വ് നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്. ഇതിനെ ചൊല്ലി ട്രംപ് ജെറോം പവലിനെ അധിക്ഷേപിക്കുകയും സമ്മര്‍ദ്ദപ്പെടുത്തുകയും ചെയ്തിരുന്നു.

പലിശനിരക്ക് വെട്ടിക്കുറച്ചത് തൊഴില്‍ മേഖലയിലെ കടുത്ത പ്രതിസന്ധി ഉള്‍പ്പെടെ നിലവില്‍ അമേരിക്ക സമ്പദ്വ്യവസ്ഥ നേരിടുന്ന ആഘാതം പരിഹരിക്കാനുള്ള താല്‍ക്കാലിക നടപടി മാത്രമാണെന്ന് ജെറോം പവല്‍ പറഞ്ഞു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനമെന്നാണ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞമാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടിയതാണ് പലിശനിരക്ക് കുറയ്ക്കാന്‍ മുഖ്യകാരണം. എന്നാല്‍, 2025ല്‍ ഇനി രണ്ടുതവണ കൂടി പലിശനിരക്ക് കുറയ്ക്കുമെന്ന ഫെഡ് സൂചിപ്പിച്ചിട്ടുണ്ട്. 2026ല്‍ ഒരു തവണയും കുറയ്ക്കും. ഫെഡറല്‍ റിസര്‍വിന്റെ പലിശനയം പുറത്തുവന്നതിന് തൊട്ടുപിന്നാലെ യുഎസ് ഓഹരികള്‍ വന്‍ നേട്ടത്തിലേക്ക് കുതിച്ചുകയറിയെങ്കിലും പിന്നീട് തകിടംമറിഞ്ഞു. ആദ്യം ഡൗ ജോണ്‍സ് 410 പോയിന്റ് (+0.9%) കയറി സര്‍വകാല ഉയരത്തിലെത്തിയിരുന്നെങ്കിലും പിന്നെ താഴ്ന്നു. എസ് ആന്‍ഡ് പി500 സൂചിക 0.1 ശതമാനവും ഉയര്‍ന്നശേഷം 0.5% നഷ്ടത്തിലായി. നാസ്ഡാക് 0.3 ശതമാനത്തില്‍ നിന്ന് നഷ്ടം 0.9 ശതമാനത്തിലേക്കും ഉയര്‍ത്തി.

ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കാല്‍ ശതമാനം കുറയ്ക്കുകയും ഇനി ഈ വര്‍ഷം 2 തവണ കൂടി കുറയ്ക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തതിനു പിന്നാലെ തരിപ്പണമായി യുഎസ് ഡോളര്‍. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറന്‍സികള്‍ക്കെതികായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 43 മാസത്തെ താഴ്ചയായ 96.30ലേക്ക് കൂപ്പുകുത്തി. ഇനി രണ്ടുതവണ കൂടി പലിശനിരക്ക് കുറച്ചാല്‍, അടിസ്ഥാന പലിശനിരക്ക് മൂന്നര ശതമാനത്തിലേക്കെങ്കിലും താഴും.

പലിശ കുറയുന്നതിന് ആനുപാതികമായി യുഎസ് ഗവണ്‍മെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീല്‍ഡ്) ഇടിയും. അതോടെ, അവയിലേക്കുള്ള നിക്ഷേപവും കൊഴിയും. ഈ ഭീതിയാണ് ഡോളറിനെ തളര്‍ത്തുന്നത്. 10-വര്‍ഷ ട്രഷറി യീല്‍ഡ് 4.05ല്‍ നിന്ന് 4.03 ശതമാനത്തിലേക്ക് ഇടിഞ്ഞു. ട്രംപ് ജനുവരിയില്‍ അധികാരത്തിലേറുമ്പോള്‍ ഇത് 4.8 ശതമാനമായിരുന്നു; യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 110 ശതമാനത്തിനടത്തും.

ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,700 ഡോളര്‍ ഭേദിച്ച് കുതിച്ചുയര്‍ന്നു. ഒരുഘട്ടത്തില്‍ 3,704.53 ഡോളര്‍ വരെ വിലയെത്തിയെങ്കിലും തൊട്ടുപിന്നാലെ ലാഭമെടുപ്പ് തകൃതിയായി ആഞ്ഞടിച്ചു. ഇപ്പോള്‍ (ഇന്ത്യന്‍ സമയം രാത്രി 12.25) വ്യാപാരം പുരോഗമിക്കുന്നത് 40 ഡോളര്‍ ഇടിഞ്ഞ് 3,648 ഡോളറിലാണ്. ലാഭമെടുപ്പ് തുടരുകയാണെങ്കില്‍ സ്വര്‍ണവില നഷ്ടത്തില്‍തന്നെ നില്‍ക്കും. ഇത് കേരളത്തിലെ വിലക്കുതിപ്പിനും തടയിടും.