വാഷിങ്ടണ്‍: അമേരിക്കയില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. തോന്നിയതു പോലെയാണ് പിരിച്ചുവിടല്‍ നടക്കുന്നതെന്ന ആക്ഷേപം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അമേരിക്കയുടെ സാമ്പത്തിക രംഗത്തും ഭരണരംഗത്തും നവീകരണം ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സ്ഥാപിച്ച വകുപ്പാണ് ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് അഥവാ ഡോജ് വഴിയാണ് പിരിച്ചുവിടല്‍.

ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനെയായിരുന്നു ട്രംപ് ഈ വകുപ്പിന്റെ തലവനാക്കിയത്. പിന്നാലെ അമേരിക്കയുടെ ചെലവ് ചുരുക്കുന്നതിനായി നിരവധി പിരിച്ചുവിടലുകള്‍ മസ്‌ക് നടത്തിയിരുന്നു. ഇത്തരമൊരു പിരിച്ചുവിടലില്‍ വമ്പന്‍ അബദ്ധം പിണഞ്ഞിരിക്കുകയാണ് മസ്‌കിനും സംഘത്തിനും. ചിലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയുടെ നാഷണല്‍ ന്യൂക്ലിയര്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിലെ ജോലിക്കാരെ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ ന്യൂക്ലിയര്‍ ശേഖരം കൈകാര്യം ചെയ്യുന്ന ജീവനക്കാരാണ് പിരിച്ചുവിട്ടവരില്‍ കൂടുതലും.

ന്യൂക്ലിയര്‍ ശേഖരം കൈകാര്യം ചെയ്യുന്നതില്‍ ജീവനക്കാരുടെ പങ്ക് മനസിലാക്കാതെ 325 ഓളം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചു വിടുകയായിരുന്നു. പിരിച്ചുവിട്ട ജീവനക്കാരില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍എന്‍എസ്എ ജീവനക്കാരും ഉണ്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന കരാറുകാര്‍ക്കുള്ള ആവശ്യകതകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എഴുതുന്ന എന്‍എന്‍എസ്എ ആസ്ഥാനത്തെ ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.

ജീവനക്കാരെ പിരിച്ചുവിടരുതെന്നും എന്‍എന്‍എസ്എയ്ക്ക് ദേശീയ സുരക്ഷാ ഇളവ് വേണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും മസ്‌കിന്റെ ഡോജ് ഇക്കാര്യം ചെവികൊണ്ടില്ല. 'നിങ്ങളുടെ തുടര്‍ന്നുള്ള തൊഴില്‍ പൊതുതാല്‍പ്പര്യത്തിന് അനുയോജ്യമല്ലെന്ന് ഡിഒഇ കണ്ടെത്തി. ഇക്കാരണത്താല്‍, ഡിഒഇയിലെയും ഫെഡറല്‍ സിവില്‍ സര്‍വീസിലെയും നിങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് നിങ്ങളെ ഇന്ന് മുതല്‍ നീക്കം ചെയ്യുന്നു,' എന്നായിരുന്നു പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത്.

എന്നാല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഡോജ് ചെയ്ത അബദ്ധം സംഘത്തിന് മനസിലായത്. ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട കരാറുകളും മറ്റും താറുമാറായതോടെ പിരിച്ചുവിട്ട 325 തൊഴിലാളികളില്‍ ഭൂരിഭാഗത്തിനെയും തിരിച്ചെടുത്തു. പ്രൊബേഷണറി ജീവനക്കാരുടെ പിരിച്ചുവിടല്‍ റദ്ദാക്കാന്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം ലഭിച്ചതായി ആക്ടിംഗ് എന്‍എന്‍എസ്എ അഡ്മിനിസ്ട്രേറ്റര്‍ തെരേസ റോബിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ വകുപ്പിലൂടെ അമേരിക്കയുടെ ഫെഡറല്‍ ചെലവില്‍ 2 ട്രില്യണ്‍ ഡോളര്‍ ലാഭിക്കുമെന്നായിരുന്നു ഡോജിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പായി മസ്‌ക് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫെഡറല്‍ ജീവനക്കാരില്‍ വ്യാപക പിരിച്ചുവിടല്‍ ആരംഭിച്ചത്. അതേസമയം ഇന്ത്യയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി വകയിരുത്തിയ 21 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ, വിദേശ രാജ്യങ്ങള്‍ക്കുള്ള വിവിധ ധനസഹായ പദ്ധതികള്‍ നിര്‍ത്തലാക്കിയിരുന്നു.

യു.എസിലെ നികുതിദായകര്‍ നല്‍കുന്ന പണം കൊണ്ടുള്ള വിവിധ പദ്ധതികള്‍ റദ്ദാക്കിയിരിക്കുന്നുവെന്ന് ഡോജ് എക്‌സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി 486 മില്യണ്‍ ഡോളര്‍ യു.എസ് നല്‍കുന്നുണ്ട്. ഇത് റദ്ദാക്കി. ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള 21 മില്യണ്‍ ഡോളര്‍, മോള്‍ഡോവയിലെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിനുള്ള 22 മില്യണ്‍ ഡോളര്‍ എന്നിവ ഇതിലുള്‍പ്പെടും.