വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ മൊത്തം തീരുവ 50 ശതമാനമാക്കി മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍ ചുമത്തുമെന്നും ട്രംപ് പറഞ്ഞു. ഉപരോധമുള്ള രാജ്യവുമായി വ്യാപാര - സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു മൂന്നാം കക്ഷി രാജ്യത്തിന് ചുമത്തുന്നതാണ് ഉപരോധങ്ങള്‍.

ചൈനയെപ്പോലുള്ള രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് കൃത്യമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. 'എട്ട് മണിക്കൂറേ ആയിട്ടുള്ളൂ. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം' എന്ന് ട്രംപ് മറുപടി നല്‍കി. 'നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ. നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണും' ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. റഷ്യയും യുക്രൈനും തമ്മിലുള്ള ഒരു സമാധാന കരാര്‍ ഇന്ത്യയുടെ മേലുള്ള അധിക താരിഫുകള്‍ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുമോ എന്ന് ചോദിച്ചപ്പോള്‍, 'അക്കാര്യം ഞങ്ങള്‍ പിന്നീട് തീരുമാനിക്കും' എന്ന് ട്രംപ് മറുപടി നല്‍കി.

റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ച് ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു. ഓഗസ്റ്റ് ഒന്നിനു പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കംകൂടിച്ചേര്‍ത്ത് ഇന്ത്യന്‍ ചരക്കുകള്‍ക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയര്‍ന്നു. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തില്‍വരും. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 21 ദിവസത്തെ സമയം.

ട്രംപിന്റെ തീരുമാനത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച ഇന്ത്യ, രാജ്യതാത്പര്യം സംരക്ഷിക്കാന്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. കമ്പോള ഘടകങ്ങളെയും രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് ഊര്‍ജസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പൊതുലക്ഷ്യത്തെയും മുന്‍നിര്‍ത്തിയാണ് റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി. മറ്റു രാജ്യങ്ങളും ഇത്തരത്തില്‍ അവരവരുടെ രാജ്യതാത്പര്യം സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

എന്നിട്ടും യുഎസ് ഇന്ത്യക്ക് അധികതീരുവ ചുമത്താന്‍ തീരുമാനിച്ചത് അത്യന്തം നിര്‍ഭാഗ്യകരവും നീതീകരിക്കാനാകാത്തതും അന്യായവും അകാരണവുമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. അതേസമയം ട്രംപിന്റെ തീരുവയില്‍ പ്രതികരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തുവന്നു. കന്നുകാലി വളര്‍ത്തല്‍, മീന്‍പിടിത്തക്കാര്‍, കര്‍ഷകര്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ ബലികഴിപ്പിച്ച് ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് മോദി പറഞ്ഞു. ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

''കര്‍ഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇന്ത്യയിലെ കര്‍ഷകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളില്‍ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ തയ്യാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും വേണ്ടി ഇന്ത്യയും തയ്യാറാണ്', ട്രംപിന്റെ തീരുവകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മറുപടി.