വാഷിങ്ടണ്‍: ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധം ഉയരുമ്പോഴും അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് വിമാനത്തില്‍ കയറ്റുന്നതിന്റെ വീഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച രീതിയില്‍ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരുക്കുന്നത്. കൈയ്ക്കും കാലിലും ചങ്ങലയിട്ട് ആളുകളെ വിമാനത്തിലേക്ക് കയറ്റുന്നതാണ് 41 സെക്കന്‍ഡുള്ള വീഡിയോയിലുള്ളത്. ഒരു പെട്ടിയില്‍നിന്ന് നിരവധി ചങ്ങലകള്‍ ഉദ്യോഗസ്ഥന്‍ പുറത്തെടുക്കുന്നതും കാണാം. അതേസമയം, ആരുടേയും മുഖം വെളിപ്പെടുത്തിയിട്ടില്ല.

സൈനിക വിമാനത്തില്‍ കയറ്റുന്നതിന് തൊട്ടുമുമ്പ് ഇന്ത്യക്കാരുടെയടക്കം കയ്യിലും കാലിലും ചങ്ങലയിടുന്ന ദൃശ്യങ്ങള്‍ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വൈറ്റ് ഹൗസിലൂടെ പുറത്തുവിടുകയായിരുന്നു. നാടുകടത്തപ്പെട്ടവരോട് കാട്ടിയത് ക്രൂര നടപടിയാണെന്ന് ആരോപിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടത്. ഇതില്‍ പശ്ചാത്തലത്തില്‍ ഒരു വിമാനം കാണാം.

ഒരു ഉദ്യോഗസ്ഥ വിമാനത്തില്‍ കയറാന്‍ നില്‍ക്കുന്നയാളെ പരിശോധിക്കുന്നു. ശേഷം ഇന്ത്യക്കാരന്‍ മറ്റൊരു ഉദ്യോഗസ്ഥന് മുന്നിലെത്തുന്നു. ഈ ഉദ്യോഗസ്ഥന്‍ അയാളുടെ കയ്യിലും കാലിലും ശരീരത്തിലുമെല്ലാം ചങ്ങല കൊണ്ട് ബന്ധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ധാരാളം ചങ്ങലകള്‍ നിരത്തി വച്ചിരിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇങ്ങനെ ബന്ധിക്കപ്പെട്ടവര്‍ പടികള്‍ കയറി വിമാനത്തിനുള്ളില്‍ പ്രവേശിക്കുന്നതും കാണാം. ഇവരുടെ മുഖം വീഡിയോയില്‍ വ്യക്തമല്ല.

ഈ മാസം ആദ്യമാണ് അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ 332 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയച്ചത്. കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള മൂന്ന് യുഎസ് സൈനിക വിമാനങ്ങള്‍ അമൃത്സറില്‍ വന്നിറങ്ങി. യാത്രയ്ക്കിടെ തങ്ങളെ ചങ്ങലയില്‍ ബന്ധിച്ചിരുന്നുവെന്നും ടോയ്ലറ്റില്‍ പോകാന്‍ പോലും അനുവദിച്ചില്ലെന്നും തിരിച്ചെത്തിയ കുടിയേറ്റക്കാര്‍ പറഞ്ഞിരുന്നു.യുഎസ് ബോര്‍ഡര്‍ പട്രോള്‍ (യുബിഎസ്പി) മേധാവി മൈക്കല്‍ ഡബ്ല്യു ബാങ്ക്‌സ് നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു.

കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അവ. ഇതിന് പിന്നാലെ, ഇന്ത്യക്കാരോട് കാട്ടിയത് മനുഷ്യത്വ രഹിതമായ പെരുമാറ്റമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.എന്നാല്‍, നാടുകടത്തപ്പെട്ടവരുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യുഎസിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ (എസ്ഒപി) ഭാഗമാണെന്നും മുന്‍ വര്‍ഷങ്ങളിലും ചങ്ങലയില്‍ ബന്ധിച്ചാണ് കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതെന്നുമാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. പുരുഷന്മാരോട് മാത്രമാണ് ഇങ്ങനെ കാട്ടിയത്. സ്ത്രീകളോടും കുട്ടികളോടും അവര്‍ മോശമായി പെരുമാറിയിട്ടില്ലെന്നും ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.

സൈനികവിമാനത്തില്‍ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുള്‍പ്പെടെ വിലങ്ങുവെച്ചെന്നും സീറ്റില്‍ നിന്ന് നീങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നും തിരിച്ചെത്തിയവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ സിഖ് മതവിശ്വാസികള്‍ക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാനും അനുവദിച്ചില്ല എന്ന ആരോപണവും ഉണ്ടായിരുന്നു.

ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്. ഞായറാഴ്ച രാത്രി എത്തിയ വിമാനത്തില്‍ 31 പഞ്ചാബുകാരാണ് ഉണ്ടായിരുന്നത്. 44 പേര്‍ ഹരിയാണ സ്വദേശികളും 33 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരുമായിരുന്നു. ആകെ 112 പേരെയാണ് ഞായറാഴ്ച ഇന്ത്യയിലെത്തിച്ചത്. ഈ സംഘത്തില്‍ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്സറിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15-ന് രണ്ടാമത്തെ സംഘമെത്തി.