- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂരിനെ ഉപരാഷ്ട്രപതിയാക്കിയാല്‍ ഒഴിവ് വരുന്ന തിരുവനന്തപുരം ലോക്സഭാ സീറ്റിലേക്ക് രാജീവ് ചന്ദ്രശേഖറിനെ മത്സരിപ്പിക്കും; രാജ്യസഭയെ നിയന്ത്രിക്കാന്‍ ബിജെപിക്കാരന് തന്നെയാണ് നല്ലതെന്ന ചിന്ത ഈ ഫോര്‍മുലയ്ക്ക് വെല്ലുവിളി; നിതീഷ് കുമാറും നഡ്ഡയും നിര്‍മ്മലയും അടക്കം പരിഗണനയില്‍; 422 വോട്ടിംഗ് എംപിമാരുള്ളതിനാല്‍ ജയം എന്‍ഡിഎയ്ക്ക് തന്നെ; വിപ്പില്ലാത്തതിനാല് വോട്ട് ചോര്‍ച്ചയ്ക്കും സാധ്യത; ഉപരാഷ്ട്രപതി ചര്‍ച്ച തുടരുന്നു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞമാസം രാജിവെച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാകണം ധന്‍കറിന്റെ പിന്‍ഗാമിയെന്ന കാര്യത്തില്‍ സര്‍ക്കാറിനുള്ളില്‍ ചര്‍ച്ച തുടരുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ജെ.ഡി.യു എം.പി ഹരിവംശ് നാരായണ്‍ സിങ്, ബി.ജെ.പി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം ഉറപ്പാക്കാനാണ് പ്രതിപക്ഷമായ ഇന്ത്യാ സഖ്യം തീരുമാനിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനേടും ഉപരാഷ്ട്രപതിയായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ നേതാക്കള്‍ക്കാണ് കൂടുതല്‍ സാധ്യത. രാജ്യസഭയില്‍ പാര്‍ട്ടി നിലപാടുകള്‍ ഉയര്‍ത്തികാട്ടുന്ന ഉപരാഷ്ട്രപതി വേണമെന്ന നിലപാടിലാണ് ബിജെപി.
ഈ മാസം ഏഴിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുക. അടുത്തമാസം ഒമ്പതിനാണ് വോട്ടെടുപ്പ്. അന്നു തന്നെ ഫലവും പ്രഖ്യാപിക്കും. ഈ മാസം 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന. 25 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ഏഴിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ 21ന് ചിത്രം വ്യക്തമാകും. ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനേയും ഈ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷനേയും ബിജെപി നിശ്ചയിച്ചിട്ടില്ല. ഇതും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയില്‍ പ്രതിഫലിക്കും. നേരത്തെ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂരിനെ ഉപരാഷ്ട്രപതിയാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ പദവിയോട് തരൂരിന് താല്‍പ്പര്യമില്ലെന്നാണ് സൂചന. ഉപരാഷ്ട്രപതിയെ നിശ്ചയിച്ച ശേഷം കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്കും സാധ്യതയുണ്ട്.
രാഷ്ട്രപതി കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയര്‍ന്ന ഭരണഘടനാ പദവിയും രാഷ്ട്രപതിയുടെ പിന്തുടര്‍ച്ചാവകാശത്തില്‍ ആദ്യത്തേതുമാണ് ഉപരാഷ്ട്രപതിയുടെ ഓഫിസ്. അതുകൊണ്ട് തന്നെ ഈ പദവിയ്ക്ക് ഏറെ പ്രാധാന്യമാണുള്ളത്. രാജ്യസഭയെ നിയന്ത്രിക്കുന്നതും ഉപരാഷ്ട്രപതിയാണ്. അതുകൊണ്ട് തന്നെ രാജ്യസഭാ നടത്തിപ്പില്‍ വലിയ റോളാണ് ഉപരാഷ്ട്രപതിയ്ക്കുള്ളത്. ഇതു കൂടി മനസ്സില്‍ വച്ചാണ് ബിജെപിക്കാരനെ ഉപരാഷ്ട്രപതിയാക്കാനുള്ള സാധ്യത.
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയെന്ന അഭ്യൂഹം ശക്തമാകുന്നുണ്ട്. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരും ഉപരാഷ്ട്രപതിയും രണ്ട് ധ്രുവങ്ങളിലായതാണ് ഭിന്നത രൂക്ഷമാക്കിയത് എന്നാണ് വിവരം. ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉപരാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഇതിനിടെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധന്‍കര്‍ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസര്‍ക്കാരില്‍ വലിയ അതൃപ്തിയുണ്ടാക്കിയെന്നും സൂചകളുണ്ട്.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ ഉപരാഷ്ട്രപതി ആകുവാനുള്ള ചര്‍ച്ചകള്‍ ബിജെപി കേന്ദ്ര നേതൃത്വത്തില്‍ സജീവമാണ്. നരേന്ദ്ര മോദിയുമായി അടുത്തു നില്‍ക്കുന്ന തരൂരിന്റെ പല നിലപാടുകളും കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി നില്‍ക്കുമ്പോഴാണ് ബിജെപിയുടെ പുതിയ നീക്കം. തരൂരിനെ ഉപരാഷ്ട്രപതിയാക്കിയാല്‍ ഒഴിവ് വരുന്ന തിരുവനന്തപുരം ലോക്സഭാ സീറ്റിലേക്ക് രാജീവ് ചന്ദ്രശേഖറിനെ മത്സരിപ്പിക്കാമെന്നും ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും ബിജെപി പരിഗണിക്കുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറില്‍ നിന്നും ഏറ്റെടുക്കാം എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
വോട്ട് ചെയ്യുക രാജ്യസഭയിലേക്കും ലോക്‌സഭയിലേകും അംഗങ്ങള്‍
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 66 (1) ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നത്. ലോക്സഭയിലെയും രാജ്യസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യുന്നത്. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. രഹസ്യ ബാലറ്റിലൂടെയാവും വോട്ടെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പ് പ്രക്രിയ പ്രസിഡന്റിന് സമാനമാണെങ്കിലും ഇലക്ടറല്‍ കോളജ് വ്യത്യസ്തമാണ്. രാഷ്ട്രപതിയെ കണ്ടെത്താന്‍ സംസ്ഥാന നിയമസഭകളിലെ അംഗങ്ങള്‍ക്ക് വോട്ടാവകാശം ഉണ്ടെങ്കിലും ഉപരാഷ്ട്രപതിയുടെ കാര്യത്തില്‍ എം.പിമാര്‍ക്ക് മാത്രമാണ് പരിഗണന. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഇലക്ടറല്‍ കോളജിന്റെ ഭാഗമല്ല. ഇലക്ടറല്‍ കോളജിലെ അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പും ബാധകമല്ല. അതായത് ആര്‍ക്കു വേണമെങ്കിലും ആര്‍ക്കും വോട്ട് ചെയ്യാം. പ്രതിപക്ഷ നിരയില്‍ നിന്നും വോട്ട് പിളര്‍ത്താനും ബിജെപി ശ്രമമുണ്ട്.
ജയിക്കാനാവശ്യമായ വോട്ട്
ഒഴിവുകളുള്ള സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ നിലവില്‍ ഇരുസഭകളുടെയും ആകെ ശേഷി 786 ആണ്. പശ്ചിമബംഗാളിലെ ബസിര്‍ഹട്ട് ആണ് ലോക്സഭയില്‍ ഒഴിഞ്ഞുകിടക്കുന്ന ഏകസീറ്റ്. ജമ്മുകശ്മീരിലെ അഞ്ചും പഞ്ചാബിലെ ഒന്നും അടക്കം രാജ്യസഭയില്‍ ആറുസീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. നിലവിലെ അംഗബലമനുസരിച്ച് എന്‍.ഡി.എക്ക് അവരുടെ സ്ഥാനാര്‍ത്ഥിയെ എളുപ്പത്തില്‍ തെരഞ്ഞെടുക്കാന്‍ കഴിയും. സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 394 വോട്ടുകള്‍ ആവശ്യമാണ്. ലോക്സഭയില്‍ ഭരണകക്ഷിക്ക് 293 ഉം രാജ്യസഭയില്‍ 129 ഉം അംഗങ്ങള്‍ (ആകെ 422) എന്‍.ഡി.എക്കുണ്ട്.
മത്സരിക്കാനുള്ള യോഗ്യത
ഇന്ത്യന്‍ പൗരനായിരിക്കണം, 35 വയസ്സ് തികയണം, രാജ്യസഭാംഗമായിരിക്കണം, ലാഭകരമായ പദവിയും വഹിക്കരുത്, നാമനിര്‍ദ്ദേശ പത്രിക കുറഞ്ഞത് 20 വോട്ടര്‍മാര്‍ നിര്‍ദ്ദേശകരായും 20 വോട്ടര്‍മാര്‍ പിന്തുണക്കാരായും വേണം എന്നിങ്ങനെയാണ് മത്സരിക്കാനുള്ള നിബന്ധന.
കാലാവധി
ഉപരാഷ്ട്രപതി അഞ്ച് വര്‍ഷത്തെ കാലാവധി വഹിക്കുന്നുണ്ടെങ്കിലും കാലാവധി അവസാനിച്ചതിനുശേഷം പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ തുടരാം. ഒരു വ്യക്തിക്ക് ഉപരാഷ്ട്രപതിയായി എത്ര തവണയും പ്രവര്‍ത്തിക്കാം. അതിനാല്‍, ഒരു മുന്‍ ഉപരാഷ്ട്രപതിക്ക് വീണ്ടും മത്സരിക്കാവുന്നതാണ്. നിര്‍ദ്ദിഷ്ട പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ക്ക് ഒന്നിലധികം തവണ സേവനമനുഷ്ഠിക്കാം. ഡോ. എസ്. രാധാകൃഷ്ണന്‍ (1952, 1962), ഡോ. ഹാമിദ് അന്‍സാരി (2007, 2017) എന്നിവര്‍ തുടര്‍ച്ചയായി രണ്ട് തവണ അധികാരമേറ്റിട്ടുണ്ട്.