ടെഹ്റാന്‍: 'ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കും' എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് അതേ നാണയത്തില്‍ മറുപടിയുമായി ഇറാന്‍. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സാണ് ഈ വിഷയത്തില്‍ ട്രംപിന് ശക്തമായ മറുപടി നല്‍കിയത്. മേഖലയിലെ സംഘര്‍ഷത്തിന് എപ്പോള്‍ വിരാമമിടണം എന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അവര്‍ വ്യക്തമാക്കി.

അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചുവെന്നും യുദ്ധം അധികം വൈകാതെ അവസാനിക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ഇറാന്‍ രംഗത്തെത്തിയത്. 'ചൂതാട്ടക്കാരനായ ട്രംപ്, ഈ യുദ്ധം തുടങ്ങിയത് നിങ്ങളാകാം, പക്ഷേ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും,' ഇറാന്‍ സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍, ഇസ്രായേലി ലക്ഷ്യങ്ങള്‍ക്കെതിരായ സൈനിക നടപടികള്‍ അവസാനിക്കുമ്പോള്‍ മേഖലയിലെ കാര്യങ്ങങ്ങള്‍ തീരുമനിക്കുന്നത് തങ്ങളായിരിക്കുമെന്നും ഐആര്‍ജിസി വ്യക്തമാക്കി. അതേസമയം ഇറാനിലെ ഭരണമാറ്റമാണ് പരിഹാരമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ടെഹ്റാന്‍.

അമേരിക്കന്‍ സൈനികര്‍ക്ക് ഒന്നും ചെയ്യാനില്ലെ'ന്നും ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ മിസൈല്‍ ശേഖരവും സൈനിക ശക്തിയും തകര്‍ത്തുവെന്ന് ട്രംപ് പറഞ്ഞത് അസംബന്ധമാണെന്നും സുശക്തമാണ് ഇറാനെന്നും സൈനിക വക്താവ് വ്യക്തമാക്കി. മധ്യപൂര്‍വദേശത്തിന്റെ ഭാവിയും സമാധാനവും പൂര്‍ണമായും ഇറാന്‍ സൈന്യത്തിന്റെ പക്കലാണ്. അമേരിക്കയ്ക്ക് അതിലൊന്നും ചെയ്യാന്‍ കഴിയുകയില്ലെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ക്ക് മാത്രമായി സുരക്ഷയെന്ന് ധരിക്കേണ്ടെന്നും ഒന്നുകില്‍ എല്ലാവരും സുരക്ഷിതര്‍, അല്ലെങ്കില്‍ ആരും സുരക്ഷിതരല്ലെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയുടെ 'എപിക് മിസ്റ്റേക്കി'ന് പത്ത് ദിവസമായെന്നും ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണെന്നും അമേരിക്കയുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഈ യുദ്ധത്തിന് ഇറാന്‍ സുസജ്ജമാണെന്നും ഒരു പിഴവുമില്ലെന്നും സര്‍പ്രൈസുകള്‍ വരാനിരിക്കുന്നുവെന്നും അറഗ്ചി മുന്നറിയിപ്പ് നല്‍കി. അയല്‍രാജ്യങ്ങളുടെ മണ്ണോ ആകാശമോ തങ്ങള്‍ക്കെതിരായ ആക്രമണത്തിന് വിട്ടുനല്‍കരുതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആവശ്യപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണി ആഗോള എണ്ണവിപണിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മേഖലയില്‍ സമാധാനം അകലെയാണെന്ന സൂചനയാണ് ഇരുവിഭാഗത്തുനിന്നും ഉണ്ടാകുന്നത്. അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ യുദ്ധം ഏകദേശം അവസാനിച്ചെന്ന പ്രഖ്യാപനവുമായി ട്രംപ് ഇന്ന് രംഗത്തുവന്നിരുന്നു.

ഏകദേശം നാലോ അഞ്ചോ ആഴ്ചകള്‍ യുദ്ധം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും, എന്നാല്‍ യുഎസ് വളരെയേറെ മുന്നിലാണെന്നും ഇത് വേഗത്തില്‍ തന്നെ അവസാനിച്ചെന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്. തിങ്കളാഴ്ച സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം. യുദ്ധം ഏകദേശം അവസാനിച്ചു. ഇറാന് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയുമില്ലെന്നും ട്രംപ് പരിഹസിച്ചു. അവരുടെ മിസൈലുകള്‍ ചിതറിപ്പോയി, നിങ്ങള്‍ തന്നെ നോക്കിയാല്‍ മനസിലാകും, നിര്‍മാണത്തില്‍ ഉള്‍പ്പെടെ അവരുടെ ഡ്രോണുകള്‍ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. സൈനികപരമായി അവര്‍ക്ക് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ഹോര്‍മുസ് കടലിടുക്കിനെ കുറിച്ചുള്ള ചോദ്യത്തിന് അതിലൂടെ കപ്പലുകള്‍ ഇപ്പോള്‍ കടന്നുപോകുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് ചെയ്യാനുള്ളതെല്ലാം അവര്‍ ഇവിടെ ചെയ്ത് കഴിഞ്ഞു. ഇനിയും കൂടുതല്‍ നടപടികള്‍ക്ക് ശ്രമിക്കരുത്. അത് ആ രാജ്യത്തിന്റെ അവസാനം കുറിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.

അതേസമയം, ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്ത പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തോട് പ്രത്യേകമായി യാതൊന്നും തന്നെ പറയാനില്ല. ഇറാനെ നയിക്കാന്‍ ഞാന്‍ മറ്റൊരാളെയാണ് മനസില്‍ കാണുന്നതെന്നാണ് ട്രംപ് പറയുന്നത്. മൊജ്തബയെ നിയമിച്ചതില്‍ താന്‍ തൃപ്തനല്ലെന്ന് മുമ്പ് തന്നെ ട്രംപ് പ്രതികരിച്ചിരുന്നു.