ഗാസ സിറ്റി: ഹമാസിന്റെ നേതാക്കളെ മുച്ചൂടും മുടിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് ഇസ്രായേലിന്റെ നീക്കങ്ങള്‍. ഹമാസിന്റെ നേതൃനിരയിലെ പ്രമുഖരെ എല്ലാം തന്നെ ഇതിനോടകം ഇസ്രായേല്‍ തീര്‍ത്തു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ചുരുക്കും ചില നേതാക്കള്‍ മാത്രമാണ്. ഇവരില്‍ പലരും വിദേശത്താണ് കഴിയുന്നത്. കൊല്ലപ്പെട്ട യഹിയ സിന്‍വറിന് പകരക്കാരനായി എത്താന്‍ നേതാക്കള്‍ മടിക്കുന്നതിന് പിന്നില്‍ ജീവനിലുള്ള കൊതിയാണ്.

യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതോടെ ഹമാസ് വിദേശകാര്യ വിഭാഗം തലവന്‍ ഖാലിദ് മിഷല്‍ പുതിയ തലവനാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഖത്തറില്‍ കഴിയുന്ന ഖാലിദിനെ നേതാവാക്കാതെ മറ്റു വഴിയില്ലാത്ത അവസ്ഥയുമുണ്ട്. ഗാസയിലുള്ള നേതാക്കളെ ഇസ്രായേല്‍ തീര്‍ക്കുമെന്ന സാഹചര്യമാണുള്ളത്. ഇവിടെയുള്ള മറ്റു നേതാക്കളില്‍ എത്രപേര്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചോദ്യവും ഉയരുന്നുണ്ട്. അതുകൊണ്ടാണ് ഖാലിദ് മിഷലിനെ ഹമാസ് തലവനാക്കാന്‍ ഒരുങ്ങുന്നതും.

മിഷലിനെ ആക്ടിംഗ് തലവനായി തെരഞ്ഞെടുത്തതായി ലെബനാന്‍ മാധ്യമമായ എല്‍.ബി.സി.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ മലപ്പുറത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത വ്യക്തിയാണ് ഖാലിദ്. ഇതോടെ ഹമാസ് തലവന് കേരളത്തിലും വേരുകളുണ്ടെന്ന് വ്യക്തമാണ്.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെടുന്നത്. ഹമാസും സിന്‍വാറുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ശത്രുക്കള്‍ക്കെതിരെ അവസാനശ്വാസം വരെ പോരാടിയതിന് ശേഷമാണ് സിന്‍വാര്‍ മരണപ്പെട്ടതെന്നും ജെറുസലേം തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ജനനം വെസ്റ്റ്ബാങ്കില്‍, ജീവിതം പ്രവാസിയായി

ജോര്‍ദാന്‍ നിയന്ത്രയണത്തിലായിരുന്ന വെസ്റ്റ് ബാങ്കിലെ സില്‍വാദിലാണ് 1956ല്‍ മിഷല്‍ ജനിച്ചത്. ഒരു സാധാരണ കര്‍ഷകന്റെ മകനായിരുന്നു അദ്ദേഹം. അബ്ദുല്‍ ഖാദിര്‍ മിഷാലായിരുന്നു പിതാവ്. 1936-39 കാലങ്ങളിലെ അറബ് പ്രക്ഷോഭത്തില്‍ ഫലസ്തീന്‍ ഗറില്ല നേതാവ് അബ്ദുല്‍ ഖാദിര്‍ അല്‍ ഹുസൈനിക്കൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു.




1967ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും ഇസ്രായേല്‍ നടത്തിയ അധിനിവേശം മിഷലിന്റെ കുടുംബത്തെ ജോര്‍ദാനിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം അവര്‍ കുവൈറ്റിലേക്ക് ചേക്കേറി. പിന്നീട് അധികകാലം പലസ്തീനിലേക്ക് ഖാലിദ് വന്നിട്ടില്ല. പ്രവാസിയായിട്ടായിരുന്നു ജീവിതം നയിച്ചത്. കുവൈത്തിലായിരുന്നു ഹൈസ്‌ക്കൂള്‍ പഠനമെല്ലാം പൂര്‍ത്തിയാക്കിയത്.

1970കളുടെ തുടക്കത്തില്‍ അദ്ദേഹം പ്രശസ്തമായ അബ്ദുല്ല അല്‍ സലിം സെക്കന്‍ഡറി സ്‌കൂളില്‍ പഠനം നടത്തി. 1971ല്‍ മുസ്‌ലിം ബ്രദര്‍ഹുഡില്‍ ചേര്‍ന്നു. 74ല്‍ കുവൈറ്റ് യൂനിവേഴ്സിറ്റിയില്‍ എന്റോള്‍ ചെയ്ത മിഷല്‍, താമസിയാതെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് കടന്നു. 1977ലെ ജനറല്‍ യൂനിയന്‍ ഓഫ് പലസ്തീനിയന്‍ സ്റ്റുഡന്റസ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് ജസ്റ്റിസ് ലിസ്റ്റിന്റെ തലവനായിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഭാഗമായ ഫലസ്തീനിയന്‍ ഇസ്‌ലാമിക് പ്രസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കുകയും അദ്ദേഹം ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇസ്‌ലാമിക് ലീഗ് സ്ഥാപിക്കുകയും ചെയ്തു.

1978ല്‍ മിഷല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ആദ്യമായി 1975ല്‍ രണ്ട് മാസത്തേക്ക് ഇസ്രായേലിലും അധിനിവേശ പ്രദേശങ്ങളിലും വിപുലമായി സഞ്ചരിച്ചു അദ്ദേഹം. നാടിനെ കുറിച്ച് അറിഞ്ഞ ശേഷം പിന്നീട് അധികം ഇദ്ദേഹം പലസ്തീനില്‍ എത്തിയിട്ടില്ല. ഹമാസിന്റെ നേതാവായ ശേഷവും പ്രവാസി ജീവിതമാണ് തുടര്‍ന്നു പോന്നത്. അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ അടക്കമായിരുന്നു മിഷാലിന് റോളുണ്ടാിയരുന്നത്.

നേതൃത്വം കൊല്ലപ്പെട്ടപ്പോള്‍ പകരക്കാരന്‍

ജീവിതത്തിന്റെ ഭൂരിഭാഗവും ഫലസ്തീനു പുറത്താണ് ചെലവഴിച്ചത്. കുവൈറ്റ്, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളില്‍ താമസിച്ചുപോന്നു. പിന്നീടത് ദോഹക്കും കെയ്റോക്കും ഇടയിലായി. അറബ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നുവെന്ന കാരണത്താല്‍ അദ്ദേഹം ഹമാസിന്റെ ബാഹ്യ നേതൃത്വത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെട്ടത്. ഗസ്സ ആസ്ഥാനമായുള്ള മറ്റ് ഹമാസ് നേതാക്കള്‍ക്കുള്ള യാത്രാനിയന്ത്രണങ്ങളില്ലാതെ അന്താരാഷ്ട്ര തലത്തില്‍ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുക എന്നതായിരുന്നു ദൗത്യം.

1996ല്‍ ആദ്യമായി പ്രവാസത്തിലായിരുന്ന രാഷ്ട്രീയ നേതാവായി മിഷല്‍. 2004ല്‍ ഹമാസ് നേതാക്കളായ ശൈഖ് അഹമ്മദ് യാസീന്‍, അബ്ദുല്‍ അസീസ് അല്‍ റന്‍തീസി എന്നിവരുടെ കൊലപാതകത്തിനുശേഷം ംഘടനയുടെ മൊത്തത്തിലുള്ള നേതൃത്വം ഏറ്റെടുത്തു. 2017ല്‍ ഇസ്മയില്‍ ഹനിയ്യ ചുലമതലയേറ്റപ്പോള്‍ മിഷല്‍ സംഘടനയുടെ പോളിറ്റ് ബ്യൂറോ സ്ഥാനം ഒഴിയുകയാണ് ണ്ടായത്.




മിഷേന്റെ നേതൃത്വ കാലയളവില്‍ ആഭ്യന്തര സംഘര്‍ഷങ്ങളും നടന്നു. പ്രത്യേകിച്ച് ഫലസ്തീന്‍ അതോറിറ്റിയുമായുള്ള അനുരഞ്ജന ശ്രമങ്ങളും ഗസ്സ ആസ്ഥാനമായുള്ള ഹമാസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായി. ഇസ്രയേലിന്റെ നാശത്തിന് ആഹ്വാനം ചെയ്യുന്ന ഹമാസിന്റെ 1988 ലെ ചാര്‍ട്ടറിന് അനുസൃതമായി ഇസ്രായേലുമായുള്ള സ്ഥിരമായ സമാധാന ഉടമ്പടി മിഷല്‍ നിരസിച്ചിരുന്നു. എന്നിരുന്നാലും, ദീര്‍ഘകാല വെടിനിര്‍ത്തലിന് പകരമായി വെസ്റ്റ് ബാങ്ക്, ഗസ്സ മുനമ്പ്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളില്‍ ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതിനോട് ഹമാസ് നേതൃനിരയില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചതിനാല്‍ ഇറാനുമായി മിഷാലിന് അത്രനല്ല ബന്ധം ആിരുന്നില്ല.

ഇസ്രായേലിന്റെ വിഷപ്രയോഗത്തെ അതിജീവിച്ചത് ത്രില്ലര്‍ കഥ

ഒരു ത്രില്ലര്‍കഥ പോലെയാണ് ഖാലിദ് മിഷല്‍ വിഷപ്രയോഗത്തെ അതിജീവിച്ചത്. 1997ല്‍ ജോര്‍ദാനിലെ അമ്മാനിലുള്ള തന്റെ ഓഫിസിനു പുറത്ത് വിഷം കുത്തിവെച്ച് ഇസ്രായേല്‍ ഏജന്റുമാരുടെ കൊലപാതക ശ്രമത്തെ അതിജീവിച്ച സംഭവം ആഗോള തലത്തില്‍ ശ്രദ്ധ നേടിയ സംഭവമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശത്തില്‍ നടപ്പാക്കിയ വധശ്രമം ജോര്‍ദാനിലെ ഹുസൈന്‍ രാജാവിന്റെ പ്രകോപനം ക്ഷണിച്ചുവരുത്തി. ഇത് ഇസ്രായേലിന്റെ നയതന്ത്ര ബന്ധങ്ങളെയും ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.

മറുമരുന്ന് നല്‍കിയില്ലെങ്കില്‍ ഇസ്രായേലുമായുള്ള ജോര്‍ദാന്‍ സമാധാന ഉടമ്പടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ എപ്പിസോഡ് ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനകത്ത് മിഷേലിന് വലിയ വീരപരിവേഷം നല്‍കിയിരുന്നു. 1990 കളുടെ അവസാനം മുതല്‍ ഹമാസിലെ കേന്ദ്ര വ്യക്തിത്വങ്ങളിലൊരാളാണ് 68 കാരനായ മിഷല്‍.

ഓണ്‍ലൈനായി എത്തി കേരള ബന്ധവും

ഒക്ടോബര്‍ 7 ആക്രമണത്തിന് പ്രതികാരം ചെയ്യാന്‍ ഇസ്രായേല്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ആഗോള പിന്തുണ തേടി ഖാലിദ് മിഷല്‍ ശ്രദ്ധപതിപ്പിച്ചത് കേരളത്തിലേക്കും ആയിരുന്നു. സോളിഡാരിറ്റി മലപ്പുറത്ത് നടത്തിയ യുവജന പ്രതിരോധം പരിപാടിയില്‍ ഓണ്‍ലൈനില്‍ ഖാലിദ് സംസാരിച്ചത് ഏറെ വിവാദമായി. ഇതേക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അടക്കം അന്വേഷണവും നടത്തി.

മിഷല്‍ ആ പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെ:




അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ രാഷ്ട്രാന്തരീയ തലങ്ങളില്‍ പ്രതിഷേധ അലയൊലികള്‍ ഉയരണം. ഫലസ്തീന്‍ സമൂഹത്തിനുമേലുള്ള സയണിസ്റ്റ് അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അവരാണ്. രണ്ടാമതായി ഗസ്സയിലെ സഹോദരങ്ങള്‍ക്ക് നിങ്ങളുടെ അകമഴിഞ്ഞ മാനുഷിക പിന്തുണയും സാമ്പത്തിക സഹായവും അനിവാര്യമാണ്. സമൂഹ മാധ്യമങ്ങളും മറ്റും ഉപയോഗിച്ച് ഇസ്രായേല്‍ നടത്തുന്ന നുണകളെ പൊളിക്കുകയും ഫലസ്തീന്‍ പോരാട്ടങ്ങളെ പിന്തുണക്കുകയും ചെയ്യണം.

1967 മുതല്‍ മസ്ജിദുല്‍ അഖ്‌സ തകര്‍ച്ചയുടെ വക്കിലാണ്. നെതന്യാഹുവിന്റെ തണലില്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ അടക്കമുള്ള ഭരണകൂടം ഇസ്രായേലില്‍ വന്നതുമുതല്‍ അഖ്‌സയെ തകര്‍ക്കാന്‍ തക്കംപാര്‍ക്കുകയാണ്. അഖ്‌സ നമ്മുടെ അഭിമാനമാണ്. പ്രവാചകന്‍ മുഹമ്മദ് നബി ആകാശ ലോകത്തേക്ക് മിഅ്‌റാജ് യാത്ര ആരംഭിച്ച ഇടമാണ്. ഗസ്സയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ കഴിഞ്ഞ ഒക്ടോബര്‍ ഏഴുമുതല്‍ അഖ്‌സക്കു വേണ്ടി പോരാടുകയാണ്. അവര്‍ അതിനെ വിളിച്ചത് 'തൂഫാനുല്‍ അഖ്‌സ' എന്നാണ്.


സൈനികമായി പരാജയപ്പെട്ട ഇസ്രായേല്‍ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ കൊന്ന് പക തീര്‍ക്കുകയാണ്. 8000ത്തോളം ആളുകള്‍ രക്തസാക്ഷികളായി. അവരില്‍ പകുതിയും പിഞ്ചുമക്കളാണ്. സയണിസത്തിനെതിരായ ഈ ശക്തമായ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇസ്രായേല്‍ എന്ന പൈശാചിക ശക്തിയെ ശക്തിപ്പെടുത്താന്‍ അമേരിക്കയും മറ്റുചില പടിഞ്ഞാറന്‍ രാജ്യങ്ങളും സഖ്യങ്ങളായിരിക്കുന്നു. അധിനിവേശത്തില്‍നിന്നും കുടിയേറ്റങ്ങളില്‍നിന്നും അതിക്രമങ്ങളില്‍നിന്നും വിമോചിതരായി ജീവിക്കാനാണ് ഫലസ്തീന്‍ സമൂഹം ആഗ്രഹിക്കുന്നത്. ദൈവം അഖ്‌സയുടെ കൂടെ ഉണ്ടാവട്ടെ. ഫലസ്തീന്‍ ചെറുത്തുനില്‍പിന് ലോകപിന്തുണയെയും ദൈവം ശക്തിപ്പെടുത്തട്ടെ -മിഷല്‍ കൂട്ടിച്ചേര്‍ത്തു.