- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിനെതിരായ വധശ്രമം പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതിമാറ്റും; നിറയൊഴിച്ചത് ട്രംപിന്റെ പാര്ട്ടിക്കാരന്? വാഹനത്തില്‍ സ്ഫോടക വസ്തുക്കളും
വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തെ നടുക്കുന്ന വെടിയുണ്ടയാണ് ഇന്നലെ ട്രംപിന് നേരെ ഉണ്ടായ വധശ്രമം. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ പോന്നതാണ് ഈ ആക്രമണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഓര്‍മപ്പിശകും നാക്കുപിഴയും കാരണം ഇതിനകം സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന പ്രസിഡന്റ് ജോ ബൈഡനെ ട്രംപിനുനേരെയുള്ള ആക്രമണം കൂടുതല്‍ ദുര്‍ബലനാക്കിയേക്കും. ഈ വിഷയം പ്രചരണ വിഷയമാക്കാനാണ് ട്രംപും ശ്രമിക്കുക.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ട്രംപിനുനേരെ വധശ്രമമുണ്ടായത്. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനുള്ള അമേരിക്കന്‍ ജനതയുടെ അവകാശത്തിനുനേര്‍ക്കുള്ള ആക്രമണമാണ് വധശ്രമമെന്നും വിലയിരുത്തലുണ്ട്.
കോടതി കേസുകളും ഇംപീച്ച്‌മെന്റ് നടപടികളും അതിജീവിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായി മത്സരരംഗത്തുള്ള ട്രംപിന് തന്റെ സ്ഥാനം കുടുതല്‍ കുരുത്തുറ്റതാക്കാന്‍ വധശ്രമം സഹായിച്ചേക്കും. വെടിയുണ്ട മൂളിപ്പാഞ്ഞപ്പോള്‍ നിലത്തേക്ക് കുനിഞ്ഞ ട്രംപ് സീക്രട്ട് സര്‍വിസ് ഏജന്റുമാരുടെ കവചത്തിനുള്ളില്‍ എഴുന്നേറ്റുനിന്ന് മുഷ്ടി ചുരുട്ടി അനുയായികളെ അഭിവാദ്യം ചെയ്യുന്ന ചിത്രം റിപ്പബ്ലിക്കന്‍ അണികളെ ആവേശഭരിതരാക്കുന്നതാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഈ ചിത്രവും അത് പകരുന്ന ആവേശവും എത്രത്തോളം പ്രയോജനം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
നിലവില്‍ പ്രസിഡന്റല്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് പദവി വഹിക്കുന്നവരെയും ആ പദവിയിലേക്ക് മത്സരിക്കുന്നവരെയും കാത്തിരിക്കുന്ന ഭീഷണിയിലേക്കാണ് വധശ്രമം വിരല്‍ ചൂണ്ടുന്നത്. അമേരിക്കയുടെ 46ാമത് പ്രസിഡന്റാണ് ജോ ബൈഡന്‍. അദ്ദേഹത്തിന്റെ നാല് മുന്‍ഗാമികള്‍ അധികാരത്തിലിരിക്കെ, വധിക്കപ്പെട്ടിരുന്നു. 1963ല്‍ ജോണ്‍ എഫ്. കെന്നഡിയുടെ വധമാണ് ഒടുവിലത്തേത്. 1981ല്‍ റൊണാള്‍ഡ് റീഗനുനേരെ വധശ്രമമുണ്ടായശേഷം അമേരിക്കന്‍ പ്രസിഡന്റിനുനേരെ വധശ്രമമുണ്ടാകാത്തതിന് കാരണം സീക്രട്ട് സര്‍വിസിന്റെ വൈദഗ്ധ്യമാണെന്ന പൊതുവിശ്വാസത്തിനുമാണ് ഇപ്പോള്‍ ഇടിവ് സംഭവിച്ചിരുക്കുന്നത്. ഇതിന്റെ അലയൊലികള്‍ വരും വര്‍ഷങ്ങളിലുമുണ്ടാകും.
അതേസമയം ട്രംപിനുനേരെ വെടിയുതിര്‍ത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്ക്‌സ് രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്. നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലായിരുന്നു ക്രൂക്ക്‌സിന്റെ കന്നിവോട്ട്. 2022ല്‍ ബഥേല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍നിന്ന് ബിരുദം നേടിയ തോമസ് പെന്‍സല്‍വേനിയയിലെ വോട്ടറാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലി നടന്ന സ്ഥലത്തിന് 56 കിലോമീറ്റര്‍ അകലെയുള്ള ബെഥേല്‍ പാര്‍ക്കിന്റെ പ്രാന്തപ്രദേശമായ പിറ്റ്‌സ് ബര്‍ഗിലാണ് തോമസിന്റെ വീട്. യുവാവ് 2021 ജനുവരിയില്‍ ഡെമോക്രാറ്റ് അനുകൂല പ്രോഗ്രസീവ് ടേണ്‍ഔട്ട് പ്രോജക്ട് എന്ന സംഘടനക്ക് 15 ഡോളര്‍ സംഭാവന നല്‍കിയിരുന്നുവെന്ന വിവരങ്ങളും രേഖകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തോമസിന്റെ ശരീരത്തില്‍ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ ഡി.എന്‍.എ, ബയോമെട്രിക്‌സ് പരിശോധന നടത്തുമെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്താണ് നടന്നതെന്ന് തനിക്ക് വ്യക്തമല്ലെന്നും അത് മനസ്സിലാക്കാനുള്ള ശ്രമത്തിലാണെന്നും പിതാവ് മാത്യു ക്രൂക്ക്സ് പറഞ്ഞു. ക്രൂക്ക്‌സിന്റെ വാഹനത്തില്‍ നിന്നു സ്ഫ്ടക വസ്തുക്കള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതിനെല്ലാം പിന്നില്‍ എന്താണെന്ന കാര്യം വ്യക്തമായിട്ടില്ല.