- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുണാചല്‍ സ്വദേശിനിയെ ഷാങ്ഹായില്‍ 18 മണിക്കൂര്‍ തടഞ്ഞു; ഇന്ത്യന്‍ പാസ്പോര്‍ട്ട് 'അസാധു' എന്ന് ചൈന; അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമെന്ന് ഉദ്യോഗസ്ഥര്‍; ചൈനീസ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കലും കളിയാക്കലും; പ്രേമ തോങ്ഡോക്കിന് ദുരനുഭവം ഉണ്ടായത് ലണ്ടന്‍-ജപ്പാന്‍ യാത്രയ്ക്കിടെ ട്രാന്‍സിറ്റിനായി ഇറങ്ങിയപ്പോള്‍; ഇന്ത്യന്‍ പരമാധികാരത്തിന് നേരേയുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ചൈനയെ അറിയിച്ചു
അരുണാചല്‍ സ്വദേശിനിയെ ഷാങ്ഹായില്‍ 18 മണിക്കൂര്‍ തടഞ്ഞു\
ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് 'അസാധു' എന്ന് പറഞ്ഞ് അരുണാചല്‍ സ്വദേശിനിയെ ചൈനയില്‍ 18 മണിക്കൂര്‍ തടഞ്ഞു. ഷാങ്ഹായ് വിമാനത്താവളത്തിലാണ് സംഭവം. യുവതിയുടെ പാസ്പോര്‍ട്ടില്‍ ജന്മസ്ഥലം അരുണാചല്‍ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ചൈനീസ് അധികൃതര്‍ തടഞ്ഞുവച്ചത്.
യുകെയില്‍ താമസിക്കുന്ന പ്രേമ തോങ്ഡോക് എന്ന യുവതിക്കാണ് ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ വെച്ച് പീഡനം നേരിടേണ്ടി വന്നത്. ലണ്ടനില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ട്രാന്‍സിറ്റിനായാണ് യുവതി ഇവിടെയെത്തിയത്. മൂന്ന് മണിക്കൂര്‍ മാത്രമായിരുന്നു ട്രാന്‍സിറ്റ് സമയം അനുവദിച്ചിരുന്നത്.
സുരക്ഷാ പരിശോധനയ്ക്കിടെയാണ് അധികൃതര്‍ പ്രേമയെ തടഞ്ഞുവയ്ക്കുകയും പാസ്പോര്‍ട്ട് 'അസാധുവായി' പ്രഖ്യാപിക്കുകയും ചെയ്തത്.ഇന്ത്യന്‍ പാസ്പോര്‍ട്ട് എന്തുകൊണ്ട് അസാധുവായി കണക്കാക്കുന്നു എന്ന ചോദ്യത്തിന് അധികൃതര്‍ക്ക് രേഖാമൂലമുള്ള മറുപടി നല്‍കാന്‍ സാധിച്ചില്ല. 'അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണ്' എന്നും ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി അവര്‍ ആരോപിച്ചു.നിയമങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്പോര്‍ട്ട് എടുക്കണം' എന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രേമ പറയുന്നു.
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ പരിഹസിച്ചെന്നും പാസ്പോര്‍ട്ട് കസ്റ്റഡിയിലെടുത്തെന്നും തുടര്‍ യാത്ര അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു. യാത്ര തുടരാന്‍ സാധുവായ ജപ്പാന്‍ വിസയുണ്ടായിട്ടും അതിന് അനുവദിക്കാതെ തിരികെ ലണ്ടനിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ബന്ധിച്ചു.
ചൈനയില്‍ ഗൂഗിള്‍ ലഭ്യമല്ലാത്തതിനാല്‍ വിവരങ്ങള്‍ അറിയാനോ ടിക്കറ്റ് റീബുക്ക് ചെയ്യാനോ സാധിച്ചില്ലെന്നും, 18 മണിക്കൂറിനിടെ ഭക്ഷണം പോലും ലഭിച്ചില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
കോണ്‍സുലേറ്റിന്റെ ഇടപെടല്‍
വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രേമ, യുകെയിലുള്ള സുഹൃത്തുക്കളെ വിളിച്ച് ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ സഹായം തേടി. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതിന് ശേഷം, ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ ആറ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി യുവതിക്ക് ഭക്ഷണം നല്‍കി.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ജപ്പാനിലേക്കുള്ള യാത്ര തുടരാന്‍ അനുമതി തേടിയെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. ഒടുവില്‍, തായ്ലന്‍ഡ് വഴി ഇന്ത്യയിലേക്കുള്ള വിമാനം ബുക്ക് ചെയ്താണ് യുവതിക്ക് യാത്ര തുടരാന്‍ സാധിച്ചത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് പരാതി
തന്റെ ഈ ദുരനുഭവം വിവരിച്ച് യുവതി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇമെയില്‍ വഴി പരാതി അയച്ചിട്ടുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടിനെ അസാധുവായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും, ഒരു ഇന്ത്യന്‍ പൗരനെ സംബന്ധിച്ചിടത്തോളം ഇത് വളരെ വേദനാജനകമാണെന്നും പ്രേമ നല്‍കിയ പരാതിയില്‍ പറയുന്നു.ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിലെ ജീവനക്കാരും ഉദ്യോഗസ്ഥരും തന്നെ കളിയാക്കുകയും, ചൈനീസ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായും അവര്‍ പരാതിപ്പെട്ടു.
ഈ വിഷയത്തില്‍ ചൈനീസ് അധികൃതര്‍ക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി നേരത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സംഭവം നടന്ന അതേ ദിവസം തന്നെ ന്യൂഡല്‍ഹിയിലും ബെയ്ജിങ്ങിലുമുള്ള ചൈനീസ് പ്രതിനിധികള്‍ക്ക് ഇന്ത്യ ശക്തമായ ഔദ്യോഗിക കുറിപ്പ് (Demarche) കൈമാറി.
യാത്രികയെ തടഞ്ഞുവെച്ചത് 'അസംബന്ധമായ കാരണങ്ങളാലാണ്' എന്ന് ചൈനയെ അറിയിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നും അവിടത്തെ പൗരന്മാര്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെക്കാനും യാത്ര ചെയ്യാനും പൂര്‍ണ്ണ അവകാശമുണ്ടെന്നും ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കി. ചൈനീസ് അധികൃതരുടെ നടപടി ചിക്കാഗോ, മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ നിയമങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇത്തരം നടപടികള്‍ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനുള്ള വിശാലമായ ശ്രമങ്ങള്‍ക്ക് അനാവശ്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.




