- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലോകം മാറിയിരിക്കുന്നു; നമുക്ക് ഇനി ചക്രവര്‍ത്തിമാരെ ആവശ്യമില്ല; ഇത് കൊണ്ടാണ് ബ്രിക്‌സ് ആളുകളെ അസ്വസ്ഥരാക്കുന്നത്'; ബ്രിക്സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി തള്ളി ബ്രസീല്‍ പ്രസിഡന്റ്; പകര തീരുവ ഈടാക്കുന്ന തീയതി മൂന്നാഴ്ച്ച നീട്ടി ട്രംപിന്റെ പുതിയ പ്രഖ്യാപനം
'ലോകം മാറിയിരിക്കുന്നു; നമുക്ക് ഇനി ചക്രവര്‍ത്തിമാരെ ആവശ്യമില്ല'
റിയോ ഡി ജനൈറോ: ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ. ലോകം മാറിയിരിക്കുന്നു. നമുക്ക് ഇനി ചക്രവര്‍ത്തിമാരെ ആവശ്യമില്ലന്നാണ് ട്രംപിന്റെ ഭീഷണിയോട് ബ്രസീല്‍ പ്രസിഡന്റ് പ്രതികരിച്ചത്. റിയോ ഡി ജനൈറോയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ അവസാന ദിവസമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സില്‍വ നിലപാട് വ്യക്തമാക്കിയത്. ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാന്‍ പുതിയ വഴികള്‍ നോക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടന ആയാണ് ലുല ഡാ സില്‍വ ബ്രിക്‌സിനെ വിശേഷിപ്പിച്ചത്. ഇത് കൊണ്ടാണ് ബ്രിക്‌സ് ആളുകളെ അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകരാജ്യങ്ങള്‍ക്ക് ഡോളറിനെ ആശ്രയിക്കാതെ വ്യാപാരം നടത്താനുള്ള വഴികള്‍ കണ്ടെത്തണം എന്ന് ലൂല ഡി സില്‍വ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഈ കാര്യം നടപ്പാക്കുന്നതില്‍ വളരെ ശ്രദ്ധിക്കണം. നമ്മുടെ കേന്ദ്ര ബാങ്കുകള്‍ മറ്റുള്ള രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുമായി ഇത് ചര്‍ച്ച ചെയ്യണം. ഏകീകരിപ്പിക്കുന്നത് വരെ ഇത് പതുക്കെ നടന്നു കൊണ്ടിരിക്കും, അദ്ദേഹം പറഞ്ഞു. യുഎസിന്റെ അധിക നികുതി ഭീഷണിക്ക് എതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വമാണ് പ്രതികരിച്ചത്. തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാരക്കരാര്‍ നടപ്പിലാക്കാനുള്ള അവസാനവട്ട ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്. നിലവില്‍ ബ്രിക്സ് രാജ്യങ്ങളിലെ അംഗമായ ചൈനയുമായി യു.എസ് വ്യാപാരക്കരാറിലെത്തിയിട്ടുണ്ട്.
അതേ സമയം പകര തീരുവയുടെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോക രാജ്യങ്ങള്‍ക്ക് ആശ്വാസമേകുന്ന തീരുമാനം പ്രഖ്യാപിച്ചു. പകര തീരുവ ഈടാക്കുന്ന തീയതി മൂന്നാഴ്ച്ച നീട്ടിയെന്നാണ് പ്രസിഡന്റ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. നാളെ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന തീരുവ നടപടികളാണ് ട്രംപ് തത്കാലത്തേക്ക് നീട്ടിയത്. നിലവിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് ഒന്നിനായിരിക്കും പകര തീരുവ നടപ്പാകുക. അമേരിക്കയുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ സമയം നല്‍കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്.
അതിനിടെ ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പ് നല്‍കിയുള്ള കത്തുകള്‍ വൈറ്റ് ഹൗസ് അയച്ചു. ഈ കത്തുകള്‍ ട്രൂത്ത് സോഷ്യലില്‍ പ്രസിഡന്റ് ട്രംപ് പ്രസിദ്ധീകരിക്കുകയും ചെയ്തു. വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും യു എസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. യു എസും ഈ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണ് ഈ നിരക്കുകളെന്നും ട്രംപ് പറഞ്ഞു. നിലവിലുള്ള വലിയ വ്യാപാരക്കമ്മി ഉണ്ടായിരുന്നിട്ടും വ്യാപാരം തുടരാന്‍ യു എസ് തയാറാണെന്നും എന്നാല്‍ അത് കൂടുതല്‍ ന്യായവും സന്തുലിതവും ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ഓഗസ്റ്റ് ഒന്ന് മുതല്‍ അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റ് മേഖലാ താരിഫുകളില്‍ നിന്ന് വ്യത്യസ്തമായി ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നും 25 ശതമാനം താരിഫ് ഈടാക്കുമെന്നും കത്തില്‍ വിവരിച്ചിട്ടുണ്ട്. നിങ്ങളുടെ രാജ്യവുമായുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണ് ഈ 25 ശതമാനം എന്ന് ദയവായി മനസ്സിലാക്കുക എന്ന് ട്രംപ്, ഇരു ഏഷ്യന്‍ രാജ്യങ്ങള്‍ക്കും അയച്ച കത്തുകളില്‍ കുറിച്ചിട്ടുണ്ട്. കരാറുകള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കിയേക്കാം. ഏകദേശം സമാനമായ രണ്ട് കത്തുകളില്‍, ഈ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി ട്രംപ് ഒരു പ്രത്യേക വിഷയമായി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.