വാഷിങ്ടണ്‍: ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു മൂന്നാം ലോകമഹായുദ്ധം ഉടന്‍ ഉണ്ടാകുമെന്നാണ് പലരും ആശങ്കപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവായ സ്റ്റീവ് ബാനന്‍ പറയുന്നത് മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചു കഴിഞ്ഞു എന്നാണ്. അപ്പോക്കലിപ്സ് നൗ എന്ന പോഡ്കാസ്റ്റില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഏഷ്യയിലെ പ്രത്യേകിച്ച് മധ്യപൂര്‍വ്വേഷ്യയെ വളരെ ദോഷകരമായി ബാധിക്കുമെന്നാണ് ബാനന്‍ പറയുന്നത്.

ബലാറസും യുക്രൈനും മുതല്‍ മധ്യ പൂര്‍വേഷ്യ വരെ ഇത് വലിയ തോതില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. കാശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന തീവ്രവാദി ആക്രമണങ്ങളും ബാനന്‍ ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടേയും ആക്രമണങ്ങളും ആകെത്തുക ഒരു ലോകമഹായുദ്ധം തന്നെയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യ ഘട്ടമായ 1939 മുതല്‍ 1941 വരെയുള്ള സമയത്ത് കൊല്ലപ്പെട്ടതിനേക്കാള്‍ രക്തരൂക്ഷിതമാണ് ഇപ്പോള്‍ നടക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധം എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

യുക്രൈനില്‍ മാത്രം പതിനഞ്ച് ലക്ഷത്തോളം ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിലും വന്‍ തോതിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെ സമാധാനത്തിന്റെ പാതയില്‍ കൊണ്ട് വരാന്‍ ഡൊണാള്‍ഡ് ട്രംപിന് കഴിഞ്ഞില്ലെങ്കില്‍ ലോകം മുഴുവന്‍ ഭീകരമായ ഒരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ബാനന്‍ താക്കീത് നല്‍കി. ഈ യുദ്ധത്തില്‍ ആണവായുധങ്ങളും രാസായുധങ്ങളും ജൈവ ആയുധങ്ങളും പ്രയോഗിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.

ഇക്കാര്യത്തില്‍ ട്രംപ് റഷ്യയോട് തന്റെ മുന്‍ഗാമിയായ ജോബൈഡനേക്കാളും ഉദാരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ബാനന്‍ ചൂണ്ടിക്കാട്ടി. ആയുധങ്ങള്‍ താഴെ വെച്ച് സമാധാനത്തിനായി എല്ലാവരും ശ്രമിക്കണം എന്ന് തന്നെയാണ് ട്രംപിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന് ഇക്കാര്യത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റഷ്യയും ചൈനയുമെല്ലാം ഇറാനുമായി കൂട്ടുചേര്‍ന്ന് ലോകത്ത് ഭീകരാവസ്ഥ സൃഷ്ടിക്കും എന്നാണ് ബാനന്റെ നിലപാട്. രണ്ടാം ലോകമഹായുദ്ധത്തേക്കാള്‍ അതിഭീകരമായ ആയുധങ്ങളാണ് ഇന്ന് പലരുടേയും കൈവശം ഉള്ളതെന്നത് മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് സ്റ്റീവ് ബാനോന്‍. ചൈനയോട് അമേരിക്ക കര്‍ശന നിലപാട് തുടരണം എന്ന നിലപാടുകാരനാണ് അദ്ദേഹം. ഉള്‍പ്പെടെ അമേരിക്കയുടെ സുപ്രധാന മേഖലകളെയെല്ല്ാം ചൈന പതിറ്റാണ്ടുകളായി നശിപ്പിക്കുകയാണ്. അമേരിക്കയിലെ ഏതാണ്ട് ഒരു ലക്ഷത്തോളം ഫാക്ടറികള്‍ പല കമ്പനികളും അടച്ചുപൂട്ടിയിട്ട് ചൈനയില്‍ അവര്‍ ഫാക്ടറികള്‍ തുടങ്ങിയിരിക്കുകയാണെന്നും ബാനന്‍ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാസികളേക്കാള്‍ മോശപ്പെട്ടവര്‍ ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ പാര്‍ട്ടി നിയമവിരുദ്ധ സ്വേച്ഛാധിപത്യമാണ് നടപ്പിലാക്കുന്നതെന്നും ബാനോന്‍ കുറ്റപ്പെടുത്തി.