പാരിസ്: ഫ്രഞ്ച് സര്‍ക്കാര്‍ രാജ്യത്തെ ആശുപത്രികള്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റഷ്യ നടത്തുന്ന സൈനിക അഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ജര്‍മ്മനിയും സമാനമായ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് ഫ്രാന്‍സും ഇക്കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുന്നത്.

യൂറോപ്പില്‍ ഒരു യുദ്ധം ആസന്നമായിരിക്കുന്നു എന്ന സാഹചര്യമാണ് നിലവില്‍ ഈ രാജ്യങ്ങളെ ഇത്തരത്തില്‍ ാെരു നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. ഒരു ഫ്രഞ്ച് മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ സാധ്യമായ 'വലിയ ഇടപെടലിന്' തയ്യാറെടുക്കാന്‍ ഫ്രാന്‍സിന്റെ ആരോഗ്യ മന്ത്രാലയം രാജ്യത്തുടനീളമുള്ള ആരോഗ്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പരിക്കേറ്റ നിരവധി സൈനികരെ കൊണ്ടു വരാന്‍ ശേഷിയുള്ള ഒരു പിന്തുണാ രാഷ്ട്രമായി ഫ്രാന്‍സ് പ്രവര്‍ത്തിക്കേണ്ടി വരും എന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നാറ്റോ സഖ്യരാജ്യങ്ങളും തങ്ങളും ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ് എന്നാണ് ജര്‍മ്മന്‍ പ്രതിരോധ മേധാവി വ്യക്തമാക്കിയത്.

റഷ്യന്‍ സൈന്യം ബെല്ലാറസിലാണ് സൈനിക അഭ്യാസം നടത്തിയത്. എന്നാല്‍ പുട്ടിന്‍ ജര്‍മ്മനിയെ ആക്രമിക്കാന്‍ സാധ്യതയില്ലെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലാണെന്ന ആശങ്കകള്‍ക്കിടയിലാണ് ഇക്കാര്യം സംഭവിക്കുന്നത് . നാറ്റോ മേധാവി മാര്‍ക്ക് റൂട്ടിന്റെ അഭിപ്രായത്തില്‍ റഷ്യയും ചൈനയും ചേര്‍ന്നായിരിക്കും യുദ്ധം ആരംഭിക്കാന്‍ സാധ്യത.

ജൂലൈയില്‍, ചൈനീസ്, റഷ്യന്‍ നേതാക്കളുടെ സംയുക്ത ആക്രമണം ഒരു ലോകമഹായുദ്ധത്തിന്് കാരണമായേക്കാമെന്നും ഇത് സര്‍വ്വനാശത്തില്‍ കലാശിക്കുമെന്നും നാറ്റോ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ക്ക് റൂട്ട് പറയുന്നത് ചൈന തായ്വാനെ പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ്. പുടിന്‍ ബാള്‍ട്ടിക് റിപ്പബ്ലിക്കുകളായ എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നിവയെ പിടിച്ചെടുക്കാനും ശ്രമം നടത്തും.

എന്നാല്‍ നാറ്റോ സഖ്യം ശക്തമായതിനാല്‍ റഷ്യ അതിന് തയ്യാറാകാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പ്രവചിക്കുന്നു. നാറ്റോ സഖ്യ രാജ്യങ്ങള്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മ്മിക്കേണ്ട ആയുധങ്ങളാണ് വെറും മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്.