- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേബറിന് വിജയമെന്ന സുനകിന്റെ പ്രസ്താവന ജനം വോട്ട് ചെയ്യുന്നത് കുറയ്ക്കാനെന്ന് കീര്‍ സ്റ്റാര്‍മര്‍;ബി ബി സിയ്ക്കെതിരെ കാമ്പെയിനെന്ന് റിഫോം പാര്‍ട്ടി
ലണ്ടന്‍: ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കുമെന്ന തരത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നടത്തുന്ന പ്രചാരണം ആളുകള്‍ കൂടുതലായി വോട്ട് ചെയ്യാതിരിക്കുന്നതിനാണെന്ന് ലേബര്‍ നേതാവ് സര് കീര്‍ സ്റ്റാര്‍മര്‍ ആരോപിച്ചു. വര്‍ക്ക് ആന്‍ഡ് പെന്ഷന് സെക്രട്ടറി മെല്‍ സ്ട്രൈഡാണ്, ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന തരത്തില്‍ പ്രസ്താവന ഇറക്കിയത്. അതേസമയം, ഓരോ വോട്ടിനുമായി കഠിനാദ്ധ്വാനം ചെയ്യുകയാണെന്ന് ഋഷി സുനകും പറഞ്ഞു.
അതിനിടയില്‍ പല പ്രമുഖ മാധ്യമങ്ങളുടെ ചുവടുമാറ്റവും ചര്‍ച്ചയാകുന്നുണ്ട്. 2001 ന് ശേഷം ഇതാദ്യമായി, ദി ടൈംസ് ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാകാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്. മുഡ്രോക്കിന്റെ ഉടമസ്ഥതയിലുള്ള പത്രം ചുവടു മാറുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്, സഹോദര സ്ഥാപനമായ സണ്‍ഡേ ടൈംസ് സ്റ്റാര്‍മറിനെ പിന്തുണക്കാനുള്ള തീരുമാനം എടുത്തതോടെയാണ്. അതിനു മുന്‍പായി, മുഡ്രോക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ദി സണ്‍ ലേബര്‍ പാര്‍ട്ടിക്ക് പിന്തുണയുമായി എത്തിയിരുന്നു.
അതിനിടയില്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി കീര്‍ സ്റ്റാര്‍മര്‍ രംഗത്തെത്തി. മത്സരം തുടങ്ങുന്നതെയുള്ളു എന്നും അവസാനത്തെ വോട്ടു വരെ ഒരുപക്ഷെ വിധി നിര്‍ണ്ണയിക്കാന്‍ തക്ക ശക്തിയുള്ളതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഒരു മാറ്റത്തിനായി വോട്ട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അവസാന വിസില്‍ മുഴങ്ങാതെ മത്സരം അവസാനിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഋഷി സൂങ്കും പറഞ്ഞു. തന്റെ അവസാന തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനായി മാതാപിതാക്കള്‍ക്കും, ഭാര്യ അക്ഷതയ്ക്കും ഒപ്പമായിരുന്നു ഋഷി എത്തിയത്.
ഇന്ന് രാത്രി 10 മണിയോടെ വോട്ടിംഗ് അവസാനിക്കും. ഉടന്‍ തന്നെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വഴി ഏകദേശ ട്രെന്‍ഡ് അറിയാന്‍ കഴിയുമെങ്കിലും, യഥാര്‍ത്ഥ ഫലങ്ങള്‍ വന്നു തുടങ്ങുക രാത്രി 11:30 ഓടെ ആയിരിക്കും. സാധാരണയായി സുന്ദര്‍ലാന്‍ഡ്, ബ്ലിത്ത് നിയോജകമണ്ഡലങ്ങളിലെ ഫലങ്ങളാണ് ആദ്യം പുറത്ത് വരാറുള്ളത്. വെളുപ്പിന് ഏകദേശം 3 മണിയോടെ ഒട്ടുമിക്ക നിയോജകമണ്ഡലങ്ങളിലേയും ഫലങ്ങള്‍ വന്നു കഴിഞ്ഞിരിക്കും.