- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര് ടോം മൂറിന്റെ മകളെയും മരുമകനെയും അയോഗ്യരാക്കി ഇംഗ്ലണ്ടിലെ ചാരിറ്റി കമ്മീഷന്; നടപടി പിതാവിന്റെ പേരിലെ ചാരിറ്റിയെക്കുറിച്ച് അന്വേഷണത്തിനിടെ
ലണ്ടന്‍: നൂറ് വയസ്സ് എന്നത് പലര്‍ക്കും വിശ്രമവും പ്രാര്‍ത്ഥനകളുമായി ഒതുങ്ങിക്കൂടേണ്ട സമയമാണെങ്കിലും, രണ്ടാം ലോക മഹായുദ്ധ പോരാളിയായ ക്യാപ്റ്റന്‍ ടോം മൂറിന് അങ്ങനെയായിരുന്നില്ല. പോരാട്ട വീര്യം തെല്ലും ചോര്‍ന്ന് പോകാതെ ഹൃദയത്തില്‍ സൂക്ഷിച്ച ആ മുന്‍ സൈനികന്, മാനവരാശിയെ പിടികൂടിയ കോവിഡ് 19 എന്ന ദുര്ഭൂതത്തിനെതിരെയും തന്റെ അവശതകള്‍ മറന്ന് പോരാട്ടത്തിനിറങ്ങി. നൂറാം വയസ്സില്‍, തന്റെ ഗാര്ഹികോദ്യാനത്തിലൂടെ 100 തവണ നടന്ന് ക്യാപ്റ്റന്‍ സമാഹരിച്ചത് 38.9 മില്യന്‍ പൗണ്ടായിരുന്നു.
ആദ്യ ദേശീയ ലോക്ക്ഡൗണ്‍ കാലത്തെ ഈ നടത്തം പൊതുജന ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ തുക മുഴുവന്‍, എന്‍ എച്ച് എസ്സിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നല്‍കുകയും ചെയ്തു.ഈ പോരാട്ട വീര്യം അന്നത്തെ ബ്രിട്ടീഷ് രാജ്ഞിയേയും കീഴടക്കി എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. അസാധാരണമാം വിധം 2020 വേനലില്‍ വിന്‍ഡ്സര്‍ കാസിലില്‍ നടന്ന പുറം വാതില്‍ ആഘോഷത്തിലാണ് എലിസബത്ത് രാജ്ഞി, ക്യാപ്റ്റന്‍ ടോം മുറെയ്ക്ക് സര് പദവി നല്കി ആദരിച്ചത്.
ഈ പോരാളിയോടുള്ള ആദരസൂചകമായി 2020 ജൂണില്‍ അദ്ദേഹത്തിന്റെ മകള്‍ ഹന്ന ഇന്‍ഗ്രാം - മുറെയും അവരുടെ ഭര്‍ത്താവ് കോളിനും ചേര്‍ന്ന് ക്യപ്റ്റന്‍ ടോം ഫൗണ്ടേഷന് എന്ന ചാരിറ്റി സംഘടന രൂപീകരിച്ചു. ഇപ്പോള്‍ ഹന്ന ഇന്‍ഗ്രാം - മുറെയേയും ഭര്‍ത്താവ് കോളിനേയും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും അയോഗ്യരാക്കിയിരിക്കുകയാണ് ചാരിറ്റി കമ്മീഷന്. ക്യാപ്റ്റന്‍ ടോം ഫൗണ്ടെഷന്റെ മാനേജ്മെന്റിനെയും, സര് ടോമിന്റെ കുടുംബവുമായുള്ള ബന്ധത്തെയും സംബന്ധിച്ച്, ചില ആശങ്കകള്‍ ഉയര്‍ന്നതിന്റെ തുടര്‍ന്ന് 2021 ല്‍ സര് ടോമിന്റെ മരണശേഷം 2022 ജൂണില്‍ കമ്മീഷന് അന്വേഷണം ആരംഭിച്ചിരുന്നു.
ചില പെരുമാറ്റ ദൂഷ്യവും, മിസ്മാനേജ്മെന്റും ഗുരുതരമായതിനാലാണ് അയോഗ്യത കല്പിച്ചത് എന്ന് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്റെ കണ്ടെത്തലുകളുമായി വിയോജിക്കുന്നുണ്ടെങ്കിലും, അപ്പീലിന് പോകേണ്ട എന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് ഇന്‍ഗ്രാം - മുറെ കുടുംബം വ്യക്തമാക്കി. 2024 ജൂണ്‍ 25 ന് മുന്‍പായി അപ്പീല്‍ നല്‍കിയില്ലെങ്കില്‍ അയോഗ്യരാക്കിയവരുടെ പട്ടികയില്‍ ഇവരുടെ പേരും ഉള്‍പ്പെടുത്തും എന്നാണ് കമ്മീഷന്റെ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയ കുടുംബം, അന്തമില്ലാതെ നീളുന്ന അന്വേഷണം തങ്ങളുടെ വ്യക്തി ജീവിതത്തെയും പിതാവിന്റെ സല്‍പ്പേരിനേയും പ്രതികൂലമായി ബാധിക്കുന്നു എന്നും ആരോപിക്കുന്നു. ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും തങ്ങള്‍ പണം കൈപ്പറ്റിയിട്ടില്ലെന്നും, അയോഗ്യരാക്കി കൊണ്ടുള്ള നോട്ടീസില്‍ പണം തട്ടിച്ചതായി പറയുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.