- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കശ്മീരിനെ തൊട്ടുകളിക്കാന്‍ ലേബറിനെ കിട്ടില്ല; ലേബറും സ്റ്റാര്‍മറും പാടേ മാറിയത് ഇന്ത്യയുമായി കൈകോര്‍ക്കാതെ വയ്യെന്ന് തിരിച്ചറിഞ്ഞ്; മാറ്റം ഇങ്ങനെ
ലണ്ടന്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയില്‍ കെയ് ര്‍ സ്റ്റാര്‍മാര്‍ നേരിടുന്ന ആദ്യവെല്ലുവിളികളില് ഒന്ന് ലേബര്‍ പാര്‍ട്ടിയും ഇന്ത്യയും തമ്മിലുള്ള നല്ല ബന്ധം പുന: സ്ഥാപിക്കുക എന്നതാണ്. കശ്മീര്‍ വിഷയത്തിലെ പരാമര്‍ശങ്ങള്‍ കാരണം ലേബര്‍ പാര്‍ട്ടിയുടെ ഇന്ത്യാ ബന്ധം സുഖകരമായിരുന്നില്ല.
ഋഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തറ പറ്റിച്ച് ലേബറിനെ തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക് നയിച്ചിരിക്കുകയാണ് സ്റ്റാര്‍മര്‍. കശ്മീര്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ലേബര്‍ പാര്‍ട്ടി സ്വീകരിച്ചിരുന്നത്.
ജെറെമി കോര്ബിന് നേതാവായിരുന്നപ്പോള്‍, 2019 സെപ്റ്റംബറില്‍ ഒരു അടിയന്തര പ്രമേയം പാസാക്കിയിരുന്നു. കശ്മീരി ജനതയ്ക്ക് സ്വയം നിര്‍ണയാവകാശം ഉണ്ടെന്നും കശ്മീരില്‍ അന്താരാഷ്ട്ര നിരീക്ഷകരെ പ്രവേശിപ്പിക്കണമെന്നും ആയിരുന്നു പ്രമേയം. ആണവ സംഘര്‍ഷം ഒഴിവാക്കാന്‍, ഇന്ത്യ-പാക് ഹൈക്കമ്മീഷണര്‍മാരുമായി കോര്ബിന് ചര്‍ച്ച നടത്തണമെന്നും സമാധാനവും സ്ഥിരതയും പുന: സ്ഥാപിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. പ്രമേയം വോട്ടുബാങ്ക് കണ്ണില്‍ വച്ചുകണ്ടു ഉള്ളതാണെന്ന് ഇന്ത്യ വിമര്‍ശിച്ചിരുന്നു.
ഭൂതകാലത്തില്‍, തന്റെ പാര്‍ട്ടി വരുത്തിയ തെറ്റുകള്‍ തിരുത്താതെ, അതിവേഗം വളരുന്ന ലോകത്തെ സമ്പദ് ഘടനയില്‍ മുന്നോട്ടുപോകാന്‍ ആകില്ലെന്ന് മനസ്സിലാക്കിയ സ്റ്റാര്‍മര്‍ ഇന്ത്യയുമായുള്ള ബന്ധം വിളക്കി ചേര്‍ക്കാനുള്ള ദൗത്യത്തിനിറങ്ങി. വാണിജ്യ കരാര്‍ അടക്കം ഇന്ത്യയുമായി പുതിയ തന്ത്രപ്രധാന ബന്ധം സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രകടനപത്രികയില്‍ സ്റ്റാര്‍മര്‍ ഉറപ്പുനല്‍കിയിരുന്നു.
ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചകളിലും, പൊതുപ്രഭാഷണങ്ങളിലും കശ്മീര്‍ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുമെന്നുമാണ് സ്റ്റാര്‍മര്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിന്ദുഫോബിയയെയും ദീപാവലി, ഹോളി ആഘോഷങ്ങളെ എതിര്‍ക്കുന്നതിനെയും അദ്ദേഹം അപലപിച്ചു.
ലേബര്‍ പാര്‍ട്ടിയുടെ രാജ്യാന്തര അജണ്ടയുടെ ഭാഗമായി ബ്രിട്ടീഷ്-ഇന്ത്യന്‍ സമൂഹം തമ്മില്‍ വിശ്വാസം പുന: സ്ഥാപിക്കുകയും, ഇന്ത്യയുമായുള്ള വ്യവസായ ബന്ധം ശക്തമാക്കുകയുമാണ് സ്റ്റാര്‍മറുടെ ലക്ഷ്യം. ആഗോള വെല്ലുവിളികളായ കാലാവസ്ഥാ മാറ്റം, അന്താരാഷ്ട്ര സുരക്ഷ എന്നിവയുടെ കാര്യത്തില്‍ പ്രായോഗിക സമീപനത്തില്‍ ഊന്നിയ വിദേശനയത്തിനാണ് ലേബര്‍ പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത്.