ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും ഹരിയാണയിലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രണ്ടിടത്തും ഇരു കക്ഷികളും കുറച്ചുകാലമായി നേരിട്ട് ഏറ്റുമുട്ടുന്നവരാണ്. എന്നാല്‍, ലോക്‌സഭയില്‍ മാത്രമായിരുന്നു നിലപാട് മാറ്റിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് സഖ്യം വേണ്ടെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്.

അതേസമയം മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഇന്ത്യസഖ്യം തുടരുമെന്ന് ജയറാം രമേശ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാക്കളും സഖ്യനേതാക്കളും ധാരണയിലെത്തുന്ന സംസ്ഥാനങ്ങളില്‍ ഇന്ത്യ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ സഖ്യമുണ്ടായിരുന്നില്ല. ഹരിയാണയില്‍ ഒരു സീറ്റ് ആം ആദ്മി പാര്‍ട്ടിക്ക് നല്‍കി. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാവില്ലെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ഡല്‍ഹിയില്‍ സഖ്യമുണ്ടാവില്ലെന്ന് നേരത്തെ തന്നെ എ.എ.പി. പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമബംഗാളിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ധാരണയുണ്ടായിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ ഒറ്റ ഫോര്‍മുലയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഝാര്‍ഖണ്ഡിലും ഹരിയാണയിലും വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയില്‍ അടുത്ത വര്‍ഷം ആദ്യമാണ് തിരഞ്ഞെടുപ്പ്.