കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തവര്‍ക്ക് ഉള്‍പ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന താല്‍ക്കാലിക ഭക്ഷണശാല പൊലിസ് പൂട്ടിച്ചത് വിവാദമായിരിക്കുകയാണ്.യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയില്‍ സര്‍ക്കാര്‍ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കുറിച്ചു. ഹൈ ജീന്‍ ആയ ഭക്ഷണം അല്ലെന്ന് പറഞ്ഞാണ് പൂട്ടിച്ചത്. ഇന്ന് നല്‍കിയ ഭക്ഷണത്തിന് മൂന്ന് ദിവസത്തെയെങ്കിലും പഴക്കം ഉണ്ടെന്നാണ് കേട്ടത്. അപ്പൊ എന്താണ് ന്യായമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.രക്ഷാ പ്രവര്‍ത്തകര്‍ക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അധിക പേര്‍ക്കും ഇന്ന് ഭക്ഷണം കിട്ടിയില്ല എന്ന് പോലും കേട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രക്ഷാ പ്രവര്‍ത്തകര്‍ക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അധിക പേര്‍ക്കും ഇന്ന് ഭക്ഷണം കിട്ടിയില്ല എന്ന് പോലും കേട്ടു. ദുരന്ത ഭൂമിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നത് ഡിസാസ്റ്റര്‍ റെസ്‌ക്യൂ മാനേജ്‌മെന്റിന്റെ ഏറ്റവും വലിയ അജണ്ടകളില്‍ ഒന്ന് തന്നെയാണ്. അതിന് കുറ്റമറ്റ സംവിധാനം ഉണ്ടായിരുന്നോ. ഇല്ല എന്ന് തന്നെയാണ് ഇന്നത്തെ വാര്‍ത്തകള്‍ പറയുന്നത്.

സര്‍ക്കാര്‍ സംവിധാനത്തെ മാത്രം കാത്തു നിന്നിരുന്നെങ്കില്‍ ഭക്ഷണം കിട്ടാതെ തളര്‍ന്നു വീഴുന്ന രക്ഷപ്രവര്‍ത്തകര്‍ മറ്റൊരു ദുരന്തമായിരുന്നേനെ. മഹാ ദുരന്തത്തില്‍ കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍ പട്ടാളവും പോലീസും സന്നദ്ധ പ്രവര്‍ത്തകരും ഒരു സോഷ്യല്‍ ആര്‍മി ആയി രാവും പകലും ഊണും ഉറക്കവും ഇല്ലാതെ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോ അവര്‍ക്ക് മൂന്ന് നേരം അന്നം കൊടുക്കുക എന്ന ദൗത്യം ഭംഗിയായി നിര്‍വഹിച്ചവരാണ് യൂത്ത് ലീഗും വൈറ്റ് ഗാര്‍ഡും മറ്റു സന്നദ്ധ സംഘടനകളും.

യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയില്‍ സര്‍ക്കാര്‍ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ല. ഹൈ ജീന്‍ ആയ ഭക്ഷണം അല്ലെന്ന് പറഞ്ഞാണ് പൂട്ടിച്ചത്. ഇന്ന് നല്‍കിയ ഭക്ഷണത്തിന് മൂന്ന് ദിവസത്തെയെങ്കിലും പഴക്കം ഉണ്ടെന്നാണ് കേട്ടത്. അപ്പൊ എന്താണ് ന്യായം. ദുരന്ത ഭൂമിയില്‍ സര്‍വ്വം സമര്‍പ്പിച്ച് മടങ്ങുമ്പോ ആരും ഒരു കയ്യടിപോലും പ്രതീക്ഷിക്കുന്നില്ല. പക്ഷെ, നന്ദികേട് കാണിക്കുന്നത് ഒരു കുറ്റം തന്നെയാണ്. ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതും നിര്‍ഭാഗ്യകരമാണ്.

യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസിന്റേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അവര്‍ പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

'വിഷയം സംഘാടകരുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് പൊലീസ് തങ്ങളോട് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നാണ്, അങ്ങനെയൊരു സമീപനമാണ് സ്വീകരിച്ചിട്ടുളളതെങ്കില്‍ അത് ശരിയല്ല, സര്‍ക്കാറിന്റെ നയത്തിന് വിരുദ്ധമായി ആരെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണം'- മന്ത്രി പറഞ്ഞു.

'യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു, ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികര്‍ക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ, അതല്ലാത്തവക്ക് തടസ്സമില്ല', മന്ത്രി പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാന്‍ ആരോ ശ്രമിക്കുകകയാണെന്നും അത് വകവെക്കാതെ ഇതുവരെയുളള ഐക്യത്തോടെ എല്ലാവരും മുന്നോട്ടുപോകണമെന്നും മുഹമ്മദ് റിയാസ് അഭ്യര്‍ത്ഥിച്ചു. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്ഗാര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.

'പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാള്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനും നിങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആഹാരം നല്‍കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗര്‍ഭാഗ്യവശാല്‍ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ലെന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസണ്‍ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങള്‍ ഈ സേവനം അവസാനിപ്പിക്കുകയാണ്'- നാദാപുരം നരിപ്പറ്റ വൈറ്റ്ഗാര്‍ഡ് പറഞ്ഞു. ഡി ഐ ജി സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്നും പരാതിയുണ്ട്.