മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയില്‍ സന്നദ്ധ സേവകരെ ക്രിയാത്മകമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സേവാഭാരതിയും യുവമോര്‍ച്ചയും ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും എസ് വൈ എസും കെഎംസിസിയും എല്ലാം കൈ മെയ് മറന്ന് മേപ്പാടിയിലും ചൂരല്‍ മലയിലും പ്രവര്‍ത്തിക്കുന്നു. പക്ഷേ അപ്പോഴും ഇവരുടെ സാഹോദര്യത്തെ, ശേഷിയെ വിനിയോഗിക്കാന്‍ പ്രാപ്തിയുള്ള ഒരു ഭരണകൂടത്തിന്റെ അഭാവം എങ്ങും നിഴലിക്കുന്നുണ്ട്.

ഓരോ സംഘടനയ്ക്കും ഓരോ ചുമതല വീതിച്ച് നല്‍കിയാല്‍ തന്നെ സര്‍ക്കാരിന് കിട്ടുന്ന ആശ്വാസം, സാമ്പത്തിക - മനുഷ്യ വിഭവശേഷിയുടെ ലാഭം ഒക്കെ വളരെ വലുതാകും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും സേവനത്തിനായി എത്തുന്ന സംഘടനകളെ അവിടെ നിന്ന് ആട്ടിപ്പായിക്കല്‍ അല്ല വേണ്ടതെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സന്ദീപ് വാചസ്പതിയുടെ കുറിപ്പ്:

വയനാട് മേപ്പാടിയും ചൂരല്‍മലയും സന്ദര്‍ശിച്ചു. ഒരു നാടിനെ ഒന്നായി പ്രകൃതി വിഴുങ്ങിയ നടുക്കുന്ന കാഴ്ചയാണ് എങ്ങും. മൃതദേഹം എങ്കിലും വിട്ടുതരാന്‍ ഭൂമി ദേവിയോട് അഭ്യര്‍ത്ഥിച്ച് യന്ത്രക്കൈകള്‍ നിരന്തരം ഉയര്‍ന്ന് പൊങ്ങുന്നു. ഭൂമിക്കടിയില്‍ നിന്ന് ഒരു ശ്വാസത്തിനോ ഞരക്കത്തിനോ വേണ്ടി കണ്ണും കാതും കൂര്‍പ്പിച്ച് എന്തിനും തയ്യാറായി ഒരു നാട് ഒന്നടങ്കം കാത്തിരിക്കുകയാണ്.

ഓരോ ദുരന്തമുഖവും മനുഷ്യ സാഹോദര്യത്തിന്റെ പുതിയ മാതൃകകള്‍ കൂടിയാണ് സൃഷ്ടിക്കുന്നത്. വയനാട് മേപ്പാടിയും അതില്‍ നിന്ന് ഭിന്നമല്ല. സേവാഭാരതിയും യുവമോര്‍ച്ചയും ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും എസ് വൈ എസും കെഎംസിസിയും എല്ലാം കൈ മെയ് മറന്ന് മേപ്പാടിയിലും ചൂരല്‍ മലയിലും പ്രവര്‍ത്തിക്കുന്നു. പക്ഷേ അപ്പോഴും ഇവരുടെ സാഹോദര്യത്തെ, ശേഷിയെ വിനിയോഗിക്കാന്‍ പ്രാപ്തിയുള്ള ഒരു ഭരണകൂടത്തിന്റെ അഭാവം എങ്ങും നിഴലിക്കുന്നുണ്ട്.

https://www.facebook.com/story.php?story_fbid=1062380158609435&id=100045123814257&mibextid=oFDknk&rdid=evCOvmWGvlHaBNYl

സഹജീവികളെ സഹായിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ വിവിധ രാഷ്ട്രീയ മത സംഘടനകളുടെ സന്നദ്ധ സേവകരെ ഒന്നിച്ച് കൂട്ടാനോ അവരുടെ കര്‍മ്മശേഷിയെ ക്രിയാത്മകമായി ഉപയോഗിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ് വയനാട്ടില്‍. സേവനത്തിനായി എത്തുന്ന ചെറുപ്പക്കാര്‍ പലയിടങ്ങളിലും കാഴ്ചക്കാരായി നില്‍ക്കുകയാണ്. സര്‍ക്കാരിന് ഇവരെ വിവിധ ഇടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിന്യസിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.

സേവനത്തിനായി എത്തുന്ന ഓരോ സംഘടനയ്ക്കും ഓരോ ചുമതല വീതിച്ച് നല്‍കിയാല്‍ തന്നെ സര്‍ക്കാരിന് കിട്ടുന്ന ആശ്വാസം, സാമ്പത്തിക - മനുഷ്യ വിഭവശേഷിയുടെ ലാഭം ഒക്കെ വളരെ വലുതാകും. കേരള ചരിത്രത്തില്‍ ഇത് പുതിയ രാഷ്ട്രീയ സേവന സംസ്‌കാരം ആവില്ലേ സൃഷ്ടിക്കുക? സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുന്ന കേരള മോഡല്‍ ഇതാകും. ഇനിയെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി Pinarayi Vijayan ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. അല്ലാതെ സേവനത്തിനായി എത്തുന്ന സംഘടനകളെ അവിടെ നിന്ന് ആട്ടിപ്പായിക്കല്‍ അല്ല വേണ്ടത്. അത് ഏതൊരാള്‍ക്കും ഏറ്റവും എളുപ്പം ചെയ്യാന്‍ കഴിയുന്ന കാര്യമാണ്.