ലണ്ടന്‍: പാര്‍ലമെന്റ് മര്യാദകളെ ലംഘിച്ച് പെരുമാറിയതിന് മുന്‍ ഹെല്‍ത്ത് സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം പിയുമായ വിക്‌റ്റോറിയ അറ്റ്കിന്‍സിന് ബ്രിട്ടീഷ് പാര്‍ലമെന്റ് സ്പീക്കറുടെ കടുത്ത വിമര്‍ശനം. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്കിടെ മറ്റൊരംഗത്തിന്റെ സംസാരത്തെ തടസ്സപ്പെടുത്താന്‍ ശബ്ദമുയര്‍ത്തി സംസാരിച്ചതിനായിരുന്നു വിമര്‍ശനം. ലേബര്‍ പാര്‍ട്ടിയുടെ സ്റ്റീവ് റീഡ് സംസാരിക്കുന്നതിനിടയില്‍, ഷാഡോ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറിയായ ആറ്റ്കിന്‍സ് ഡെസ്പാച്ച് ബോക്സില്‍ നിന്ന് അത്യുച്ചത്തില്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു, കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.

ഉടന്‍ തന്നെ സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ക്രിസ്റ്റഫര്‍ ചോപ്പ്, അത് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ബഹുമാനപ്പെട്ട വനിത അംഗത്തിന്റെ പ്രവൃത്തി അങ്ങെയറ്റം അപലപനീയമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അതേസമയം, അറ്റ്കിന്റെ പ്രവൃത്തി അങ്ങേയറ്റം മ്ലേച്ചകരമാണെന്നും, അനുയോജ്യമായ നടപടികള്‍ എടുക്കണമെന്നും ലേബര്‍ എം പി പെറാന്‍ മൂണ്‍ ആവശ്യപ്പെട്ടു. അതേസമയം ചര്‍ച്ചകള്‍കിടയില്‍, തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കുവാന്‍ ശ്രമിക്കുകയായിരുന്നു എം പി എന്നാണ് അറ്റ്കിന്റെ ഓഫീസ് പ്രതികരിച്ചത്.

ബ്രിട്ടീഷ് വോട്ടര്‍മാര്‍ ചെയ്തത് ശരിയാണെന്ന് കണ്‍സര്‍വേറ്റീവുകള്‍ തെളീയിച്ചു, അവര്‍ രാജ്യം ഭരിക്കാന്‍ യോഗ്യരല്ല എന്നായിരുന്നു സംഭവത്തിന് ദൃക്സാക്ഷിയായ ലിബറല്‍ ഡെമോക്രാറ്റ് എം പി ഹെലെന്‍ മോര്‍ഗന്‍ എക്സിലൂടെ പ്രതികരിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കേണ്ട കാര്യമില്ല എന്നത് കണ്‍സര്‍വേറ്റീവുകള്‍ക്ക് പരിചയമില്ലാത്ത കാര്യമാണെന്നായിരുന്നു ലേബര്‍ എം പി ജോണ്‍ ഫെന്റോണ്‍ - ഗ്ലിന്‍ എക്സില്‍ കുറിച്ചത്.

ഗ്രീന്‍ ബെല്‍റ്റ് ആസൂത്രണം ചെയ്യുന്നതിനെ കുറിച്ചും ഗ്രാമീണ വിഷയങ്ങളെ കുറിച്ചും പരിസ്ഥിതി സെക്രട്ടരി സ്റ്റീവ് റീഡ്‌സ് സംസാരിക്കുന്നതിനിടയിലായിരുന്നു സംഭവം നടന്നത്. കൃഷി, വെള്ളപ്പൊക്ക പ്രതിരോധം, ഭക്ഷ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ തിരക്കുകയായിരുന്നു അറ്റ്കിന്‍ എന്നും മന്ത്രി അത് അവഗണിക്കുകയായിരുന്നു എന്നും അറ്റ്കിന്റെ ഓഫീസ് പറയുന്നു. എക്കാലവും, കര്‍ഷകര്‍ക്ക് വേണ്ടിയും, ഗ്രാമീണ ജനതക്ക് വേണ്ടിയും അവര്‍ ധൈര്യപൂര്‍വ്വം പാര്‍ലമെന്റില്‍ എഴുന്നേറ്റ് നില്‍ക്കുമെന്നും ഓഫീസ് വക്താവ് പറഞ്ഞു.