ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആശ്വാസം. ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം തുടരാന്‍ സിബിഐയ്ക്ക് കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കിയില്ല. അന്വേഷണം തുടരാന്‍ അനുമതി വേണമെന്ന സിബിഐ ഹര്‍ജി കോടതി തള്ളി.

നേരത്തേ ബിജെപി സര്‍ക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലും ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജികള്‍ ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. സിബിഐയും സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെട്ട കേസായതിനാല്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

2013 നും 2018 നും ഇടയില്‍ ഡി കെ ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസ്. ഈ കാലയളവില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഡി കെ. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അധികാര ദുര്‍വിനിയോഗത്തിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് ഡി കെക്കെതിരായ പ്രധാന ആരോപണം. കേസില്‍ ശിവകുമാറിന് തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. പിന്നീട് പുറത്തിറങ്ങിയാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ച് ഉപ മുഖ്യമന്ത്രിയായതും.

അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധി ദൈവത്തിന്റെ തീരുമാനമായി അംഗീകരിക്കുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. "ഞാന്‍ കോടതിയെ വിശ്വസിക്കുന്നു, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. കോടതി വിധി ദൈവത്തിന്റെ തീരുമാനമായി അംഗീകരിക്കും," സകലേഷ്പുരയിലെ യെറ്റിനഹോളെയില്‍ സംയോജിത കുടിവെള്ള പദ്ധതിയുടെ പരിശോധന നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം