ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചിരിക്കയാണ്. സമ്മേളനം തീരുന്ന അവസാന ദിവസം പ്രധാനമന്ത്രി പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കവെ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ വിവരങ്ങള്‍ തിരക്കി നരേന്ദ്ര മോദി. ദുരന്തമേറ്റുവാങ്ങിയ വയനാടിന്റെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് മോദി പ്രിയങ്കയോട് ചോദിച്ചു.

പുനരധിവാസ വിഷയങ്ങള്‍ ഉള്‍പ്പെടെ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ശേഷമുള്ള വയനാട്ടിലെ സാഹചര്യം പ്രിയങ്ക, പ്രധാനമന്ത്രിയോട് വിശദീകരിച്ചു. എന്നാല്‍, കേന്ദ്ര ഫണ്ടിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. നേരത്തെ വേണ്ടത്ര കേന്ദ്രഫണ്ട് ലഭിച്ചില്ലെന്ന പരാതി കേരളത്തിന് ഉണ്ടായിരുന്നു. അതേസമയം വിവരങ്ങള്‍ തിരക്കിയ പ്രധാനമന്ത്രിയോട് താന്‍ മലയാളം പഠിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു.

അതിനിടെ കൊല്ലം എംപിയായ എന്‍കെ പ്രേമചന്ദ്രനെ നരേന്ദ്രമോദി പുകഴ്ത്തുകയും ചെയ്തു. നന്നായി ഗൃഹപാഠം ചെയ്ത് സഭയില്‍ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നാണ് മോദി പറഞ്ഞത്. അതേസമയം, വയനാട് പുനരധിവാസത്തിനായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ടൗണ്‍ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളും പുനര്‍നിര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്തില്‍ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച നടത്താനെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ പലഹാരം നല്‍കി ഗഡ്കരി. പാര്‍ലമെന്റ് വളപ്പിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചായിരുന്നു പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടന്നത്. കേരളത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങളടക്കം ചര്‍ച്ചചെയ്ത കൂടിക്കാഴ്ചയ്ക്കിടെയാണ് ചെറിയ വിരുന്നും നടന്നത്.

യൂട്യൂബ് വീഡിയോകള്‍ കണ്ട് ഗഡ്കരി തയ്യാറാക്കിയ അരികൊണ്ടുള്ള ഒരു വിഭവമാണ് ഇതിലെ ഹൈലൈറ്റ്. വ്യാഴാഴ്ച അദ്ദേഹത്തിന്റെ ഓഫീസ് സന്ദര്‍ശിച്ച എല്ലാവര്‍ക്കും ചട്നിയോടൊപ്പം ഈ വിഭവവും നല്‍കിയിരുന്നു. പ്രിയങ്ക ഗാന്ധി മന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍, ഗഡ്കരി നിര്‍ബന്ധപൂര്‍വം വിഭവം രുചിക്കാന്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് എംപിയായ ദീപീന്ദര്‍ സിങ് ഹൂഡയും ഗഡ്കരിയോട് സംസാരിക്കുന്നതിനിടയില്‍ ഈ വിഭവം കഴിക്കുന്നത് വീഡിയോയില്‍ കാണാം.

വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടെ രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കും ചര്‍ച്ച വഴിവെച്ചു. പ്രിയങ്ക കേരളത്തിലെ റോഡുകളുമായി ബന്ധപ്പെട്ട് സംസാരിക്കവെ, രാഹുല്‍ ഗാന്ധി അടുത്തിടെ തന്റെ നിയോജകമണ്ഡലമായ റായ്ബറേലിയിലെ ചില റോഡുകളെക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നുവെന്ന് ഗഡ്കരി പറഞ്ഞു. ചില പദ്ധതികള്‍ കേരള സര്‍ക്കാരിന്റെ പരിധിയിലുള്ളതിനാല്‍ കേന്ദ്രത്തിന് അവ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും, എന്നാല്‍ മറ്റുള്ളവ പരിശോധിക്കാമെന്നും അദ്ദേഹം എംപിക്ക് ഉറപ്പ് നല്‍കി.