ചെന്നൈ: കെ അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഉടന്‍ ഒഴിഞ്ഞേക്കും. എഐഎഡിഎംകെയും ബിജെപിയും വീണ്ടും കൈകോര്‍ക്കാനുള്ള ചര്‍ച്ചകള്‍ വേഗത്തിലായ സാഹചര്യത്തിലാണിത്. വീണ്ടും പ്രസിഡന്റ് ആകാന്‍ ഇല്ലെന്ന് അണ്ണാമലൈ അറിയിച്ചു. പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും അറിയിക്കുന്നു. പ്രസിഡന്റാകാനുള്ള മത്സരത്തിനില്ലെന്നും അണ്ണാമലൈ നാടകീയമായി പ്രഖ്യാപിച്ചു.

പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും ഒറ്റക്കെട്ടായി നേതാവിനെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ജൂലൈയില്‍ ആണ് അണ്ണാമലൈ അധ്യക്ഷ പദവിയിലെത്തിയത്. വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്ക് വരുന്ന എഐഎഡിഎംകെയുടെ ആവശ്യപ്രകാരം അണ്ണാമലൈയെ മാറ്റുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.

അണ്ണാമലൈയെ നീക്കാന്‍ തീരുമാനിച്ചതായി അമിത് ഷാ നേരിട്ടറിയിച്ചെന്നാണ് ബിജെപിക്കുള്ളില്‍ തന്നെ പ്രചാരണം നടന്നത്. പകരം ബിജെപി നിയമസഭ കക്ഷിനേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ആയേക്കുമെന്നാണ് സൂചനകള്‍. അണ്ണാമലൈയെ പാര്‍ട്ടിയുടെ ദേശീയ പദവിയിലേക്കോ കേന്ദ്ര മന്ത്രിസഭയിലേക്കോ മാറ്റുമെന്നാണ് സൂചന. പക്ഷേ, തമിഴ്‌നാട്ടില്‍ തുടരാനുള്ള താത്പര്യം അദ്ദേഹം അമിത് ഷായെ അറിയിച്ചിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കുള്ളില്‍ വെറും പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമായി മാറിയാലും താന്‍ ബിജെപിയില്‍ തുടരുമെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ പറഞ്ഞിരുന്നു. അതേസമയം എടപ്പാടി പളനിസ്വാമിയും അണ്ണാമലൈയും ഗൗണ്ടര്‍ വിഭാഗക്കാര്‍ ആയതിനാല്‍ സോഷ്യല്‍ എഞ്ചിനിയറിംഗിന്റെ ഭാഗമായി പുതിയ നേതൃത്വം എന്ന വാദം ബിജെപി ഉയര്‍ത്തുമെന്നാണ് സൂചന. അണ്ണാമലൈ തുടര്‍ന്നാല്‍ സഖ്യം സാധ്യമല്ലെന്ന് ഇപിഎസ് ഡല്‍ഹിയില്‍ വച്ച് അമിത് ഷായെ അറിയിച്ചിരുന്നു.

2021 ജൂലൈയിലാണ് അണ്ണാമലൈ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനാകുന്നത്. വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഒരു മുഖമുണ്ടാക്കാന്‍ സാധിച്ച നേതാവാണ് കെ.അണ്ണാമലൈ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയാലും മറ്റെന്തെങ്കിലും സുപ്രധാന പദവി അണ്ണാമലൈക്ക് നല്‍കിയേക്കും.

തിരുനല്‍വേലിയില്‍ നിന്നുള്ള ജനപ്രിയ നേതാവായ നൈനാര്‍ നാഗേന്ദ്രന്‍ നേരത്തെ എഐഎഡിഎംകെ നേതാവായിരുന്നു. നിര്‍ണായക സ്വാധീനമുള്ള തേവര്‍ വിഭാഗത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. ജയലളിതയുടെ കീഴില്‍ എഐഎഡിഎംകെയില്‍ വലിയ സ്വാധീനമുള്ള ജാതി വിഭാഗമായിരുന്നു തേവര്‍. ജയലളിതയുടെ സഹചാരിയായിരുന്ന ശശികലയും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്.

2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അണ്ണാമലൈ രാജി സൂചന നല്‍കുന്നത്. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയും കേന്ദ്രമന്ത്രി അമിത് ഷായും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ അണ്ണാമലൈയെ മാറ്റുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അണ്ണാമലൈ തുടര്‍ന്നാല്‍ സഖ്യത്തില്‍നിന്ന് പിന്മാറുമെന്ന് ഇപിഎസ് അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എന്‍ഡിഎ വിട്ടത്. സഖ്യം വിട്ടതിനുശേഷം എഐഎഡിഎംകെയും അണ്ണാമലൈയും പരസ്പരം രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.