- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി; ഇനി ഒരിക്കലും തിരിച്ചുവരില്ല, വരാന്‍ ഞങ്ങള്‍ അനുവദിക്കില്ല': നയം വ്യക്തമാക്കി അമിത് ഷാ
ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വാഗ്ദാനം
ശ്രീനഗര്‍: ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദം തിരിച്ചുകൊണ്ടുവരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുച്ഛേദം ഇപ്പോള്‍ ചരിത്രമായെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണല്‍ കോണ്‍ഫറന്‍സ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ 2019 ല്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 പുന: സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2014 ന് ശേഷം ഇതാദ്യമായാണ് ജമ്മു-കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അനുച്ഛേദം നീക്കം ചെയ്തതിനെ കുറിച്ചുള്ള ജനവിധി കൂടി വോട്ടെടുപ്പില്‍ പ്രതിഫലിച്ചേക്കും.
ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത് സംസ്ഥാനത്തിന്റെ വികസനത്തിന് ഊര്‍ജ്ജമായി. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ ജമ്മു കശ്മീര്‍ ബിജെപിക്ക് പ്രധാനപ്പെട്ടതാണെന്ന് ഷാ പറഞ്ഞു. ജമ്മു കശ്മീരിനെ കേടുപാടുകളില്ലാതെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. 2014 വരെ വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റേയും നിഴലിലായിരുന്നു പ്രദേശം.
പലരും ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. എല്ലാ സര്‍ക്കാരുകളും പ്രീണന നയം സ്വീകരിച്ചു. എന്നാല്‍ ജമ്മു കശ്മീരിന്റെ ചരിത്രം എഴുതപ്പെടുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനത്തിന്റെ സുവര്‍ണകാലഘട്ടമായി രേഖപ്പെടുത്തും. സമാധാനപരവും സുരക്ഷിതവും വികസിതവും അഭിവൃദ്ധിയുള്ളതുമായ ജമ്മു കശ്മീര്‍ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയാണ് ബിജെപിയുടേതെന്നും ഷാ പറഞ്ഞു
2019 ല്‍ ലഡാക്ക് അടക്കം രണ്ടുകേന്ദ്രഭരണപ്രദേശങ്ങളായി ജമ്മു-കശ്മീരിനെ തിരിച്ചിരുന്നു. ജമ്മു-കശ്മീരിന് വൈകാതെ സംസ്ഥാന പദവി നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരുമെന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ പത്രികയും കോണ്‍ഗ്രസിന്റെ നിശ്ശബ്ദ പന്തുണയും തന്റെ ശ്രദ്ധയില്‍ പെട്ടെന്ന് അമിത്ഷാ പറഞ്ഞു. ' ഒരു കാര്യം രാജ്യത്തോട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 370 ാം അനുച്ഛേദം ചരിത്രമായി കഴിഞ്ഞു. അത് ഒരിക്കലും തിരിച്ചുവരില്ല, വരാന്‍ ഞങ്ങള്‍ അനുവദിക്കുകയുമില്ല. കശ്മീരി യുവാക്കളെ തോക്കും, കല്ലുമായി അക്രമത്തിന്റെ പാതയിലേക്ക് നയിച്ചത് ആര്‍ട്ടിക്കിള്‍ 370 ആണ്', അമിത് ഷാ പറഞ്ഞു.