ന്യൂഡല്‍ഹി: വോട്ടു ചോരി ആരോപണം ഉയര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ കേരളത്തിലെ ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ന്റെ ടി വി ഫൂട്ടേജും. ബി ഗോപാലകൃഷ്ണന്റെ വോട്ട് തട്ടിപ്പ് വെല്ലുവിളിയുമാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. തൃശൂരിലെ വോട്ട് ചോരിയില്‍ പ്രതികരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയാണ് ഉള്‍പ്പെടുത്തിയത്. 'ഞങ്ങള്‍ ജയിക്കാന്‍ വേണ്ടി വോട്ടു ചേര്‍ക്കും. ജമ്മു കശ്മീരില്‍ നിന്നും വോട്ടര്‍മാരെ എത്തിച്ച് വോട്ട് ചേര്‍ക്കും' എന്ന ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന്റെ ടി.വി ഫൂട്ടേജാണ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്.

ആഗസ്തില്‍ തൃശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുന്ന സമയത്തായിരുന്നു ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

'സുരേഷ് ഗോപിക്ക് വേണ്ടി 86 കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2019ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് 2024 ല്‍ 3.27 ലക്ഷം ആയി കുറഞ്ഞു.ബാക്കി 90,000 എവിടെ പോയി?തൃശൂരില്‍ മരിച്ച ആളുടെ പേരില്‍ ആരും വോട്ട് ചെയ്തിട്ടില്ല. ഒരാള്‍ രണ്ടുവോട്ടുകളും ചെയ്തിട്ടില്ല. ഏത് വിലാസത്തില്‍ വേണമെങ്കിലും വോട്ട് ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും.നാളെയും ചെയ്യും'. എന്നായിരുന്നു ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞത്.

'നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപോലെ വോട്ട് ചേര്‍ക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല.അത് തെരഞ്ഞെടുപ്പ് സമയത്ത് ആലോചിച്ച് തീരുമാനിക്കും.ഇത്തവണ ലോക്സഭയില്‍ ജയിക്കാനാണ് തീരുമാനിച്ചത്. ഞാന്‍ മത്സരിച്ച് ജയിക്കാനാഗ്രഹിക്കുന്ന ഒരാള്‍ ജമ്മു കശ്മീരിലുണ്ട്. അയാള് അവിടെ വോട്ട് ചെയ്യാതെ ഇവിടെ ഒരുവര്‍ഷം താമസിച്ച് വോട്ട് ചെയ്യുന്നതില്‍ എന്താണ് അധാര്‍മികത?'. ബിജെപിയുടെ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും വോട്ട് വില്‍ക്കുന്നത് ധാര്‍മികതയാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഹരിയാനയിലെ വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. ബ്രസീലിയന്‍ മോഡലിന്റേതുള്‍പ്പെടെ വ്യാജ ചിത്രങ്ങളും മേല്‍ വിലാസങ്ങളും ഉപയോഗിച്ചാണ് വോട്ട് കൊള്ള നടന്നത്. ഹരിയാനയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ എട്ടിലൊന്ന് വ്യാജമാണ്. ഇത്തരത്തില്‍ 25 ലക്ഷം കള്ളവോട്ടുകളാണ് ചെയ്തതത്. ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തതിന്റെയും ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുളള വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്റെയും തെളിവുകള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.

സീമ, സരസ്വതി, ലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി ഒരേ ചിത്രത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. 19 ലക്ഷത്തിലധികം ബള്‍ക് വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 93,000ത്തില്‍ ഏറെ തെറ്റായ വിവരങ്ങളും കണ്ടെത്തി. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചനയാണ് നടന്നത്. മറ്റൊരു സ്ത്രീയുടെ പേരില്‍ 100ല്‍ ഏറെ കള്ളവോട്ടുകള്‍.

3.5 ലക്ഷം വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി. അത് മുഴുവനും കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യ മുന്നണിയുടെയും വോട്ടുകളായിരുന്നു. ഹരിയാനയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുടെ വീഡിയോ സന്ദേശം കൂടി അവതരിപ്പിച്ചുകൊണ്ട് രാഹുല്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് തോറ്റ 8 മണ്ഡലങ്ങളില്‍ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. ഇതൊരു കേന്ദ്രീകൃത അട്ടിമറിയാണ് എന്നു പറയാനുള്ള പ്രധാന കാരണം ഇതാണെന്നും രാഹുല്‍ പറഞ്ഞു. 521 619 ഡൂപ്ലിക്കേറ്റ് വോട്ടുകളാണ് കണ്ടെത്തിയത്. അതില്‍ 93,174 വ്യാജ വിലാസങ്ങള്‍ തിരിച്ചറിഞ്ഞു.

ബിഹാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മുമ്പായി രാഹുല്‍ നടത്തിയ വോട്ടു ചോരി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങണങ്ങള്‍ നേരത്തെ ഏറ്റുപിടിക്കാന്‍ തേജസ്വി യാദവ് തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ 'ഹൈഡ്രജന്‍ ബോംബ്' പുറത്തെടുത്തിരിക്കയാണ്. ഇത് ബിഹാര്‍ തിര്‌ഞ്ഞെടുപ്പില്‍ പൊട്ടുമോ എന്നാണ് അറിയേണ്ടത്.