റെയില്‍വെയിലെ ജോലി ഉപേക്ഷിച്ചു; കോണ്‍ഗ്രസിന് കൈകൊടുത്ത് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും; ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
രാഷ്ടീയ പ്രവേശനത്തില്‍ ഗുസ്തിതാരങ്ങള്‍ക്കിടയില്‍ ഭിന്നത
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒളിമ്പ്യന്‍മാരായ വിനേഷ് ഫോഗട്ടും, ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേരും. വിനേഷ് ഫോഗട്ട് ഹരിയാനയിലെ ജുലാന സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജനനായക് ജന്‍താ പാര്‍ട്ടിയുടെ അമര്‍ജീത് ധന്‍ഡയാണ് ഇവിടുത്തെ എം എല്‍ എ.
സെപ്റ്റംബര്‍ നാലിന് ഇരു ഗുസ്തിതാരങ്ങളും രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ ഉദ്യോഗം രാജിവച്ചു കഴിഞ്ഞു. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ വിനേഷ് എത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് വച്ചാണ് വിനേഷും ബജ്രംഗ് പുനിയയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത്.
ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തില്‍ ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറഞ്ഞു.
വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേര്‍ന്നതിനു പിന്നാലെയാണ് വിനേഷും ബജ്‌റംഗ് പൂനിയയും രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. ഗുസ്തി ഫെഡറേഷന്റെ മുന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണങ്ങളുടെ പേരില്‍ സാക്ഷി മാലിക്കിനൊപ്പം, പൂനിയയും വിനേഷും ശക്തമായ പ്രക്ഷോഭത്തില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിഷയം ശക്തമായി ഉയര്‍ന്നുവരുമെന്നാണ് സൂചന.