- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ വിടാതെ വിമർശിച്ചു സിപിഎം രംഗത്തെത്തുമ്പോൾ തിരിച്ചടിച്ച് കോൺഗ്രസും; സിപിഎമ്മിനെ നേരിടുന്നതിലൂടെ കോൺഗ്രസ് പരോക്ഷമായി ബിജെപിയുമായി ഏറ്റുമുട്ടുന്നുവെന്ന് ജയ്‌റാം രമേശ്; യാത്ര കാശ്മീരിൽ അവസാനിക്കുമില്ല; ഗുജറാത്ത് മുതൽ അരുണാചൽ വരെ ബിജെപി കോട്ടകളിലൂടെ നടക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി
കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പേരിൽ കോൺഗ്രസും സിപിഎമ്മും വീണ്ടും തമ്മിൽ കോർക്കുന്നു. ബിജെപിയെ എതിർക്കാൻ യാത്ര നടത്തേണ്ടത് കേരളത്തിലല്ലെന്നും ഗുജറാത്തും ഗോവയും പോലെയുള്ള ബിജെപി സംസ്ഥാനങ്ങളിൽ യാത്രയില്ലെന്നും സിപിഎം നേതാക്കൾ വിമർശിച്ചപ്പോൾ അതിന് അതേ നാണയത്തിൽ കോൺഗ്രസ് തിരിച്ചടിച്ചു. സിപിഎം കേരള ഘടകം ബിജെപിയുടെ ബി ടീമാണെന്നും ജാഥയുടെ വഴി തീരുമാനിക്കുന്നത് എകെജി സെന്ററല്ലെന്നും കോൺഗ്രസ് നേതാക്കൾ തിരിച്ചടിച്ചു.
ഭാരത് ജോഡോ യാത്രയെ ഗൗനിക്കേണ്ടന്നും വിമർശിച്ചെങ്കിൽ മറുപടി നൽകിയാൽ മതിയെന്നുമായിരുന്നു സിപിഎം നിലപാട്. എന്നാൽ ഇന്ന് പാർട്ടിമുഖപത്രം ദേശാഭിമാനിയിൽ സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെഴുതിയ ലേഖനം യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണ്. തകർച്ചയുടെ നെല്ലിപ്പടിയിലായ കോൺഗ്രസിന് ഭാരത് ജോഡോ യാത്രകൊണ്ട് രക്ഷപെടാനാവില്ലെന്നാണ് വിമർശനം. യാത്ര കൊല്ലത്തെത്തുമ്പോഴേക്കും ഗോവയിൽ എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേക്കേറി. ഗോവയിലൂടെ യാത്ര പോകുന്നില്ലെന്നാണ് അറിയുന്നത്. കോൺഗ്രസിന് ഹിന്ദുത്വ രാഷ്ട്രീയത്തോട് അഴകൊഴമ്പൻ സമീപനമാണെന്നും ഗോവിന്ദൻ വിമർശിച്ചു.
പി.ബി.അംഗം സുഭാഷിണി അലി രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. ഫാസിസത്തെയും വർഗീയതയെയും എതിർക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം ഭയപ്പെടുന്നതെന്തിനെന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. കോൺഗ്രസിനെ വിമർശിക്കുന്നവർ യൂറോപ്പ് ജോഡോ യാത്രയാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശപര്യടനത്തെ പരിഹസിച്ച് ജയറാം രമേശ്. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ഗോവയിൽ നടന്നതെന്നും ജയറാം രമേശ് വാദിച്ചു.
കേരളത്തിൽ സിപിഎമ്മിനെ നേരിടുന്നതിലൂടെ പരോക്ഷമായി ബിജെപിയുമായാണ് കോൺഗ്രസ് ഏറ്റുമുട്ടുന്നതെന്നും ജയ്‌റാം രമേശ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ എ ടീം ആയി പ്രവർത്തിക്കുന്ന സിപിഎം, ബിജെപിയെ പ്രോത്സാഹിപ്പിച്ച് കോൺഗ്രസിനെ തളർത്തുകയാണ് ചെയ്യുന്നതെന്നും ജയറാം രമേശ് പറഞ്ഞു. ദേശീയതലത്തിൽ കോൺഗ്രസിന് സമാനമായ നിലപാടുകളാണ് സിപിഎം പങ്കുവെക്കുന്നതെങ്കിലും സംസ്ഥാനത്ത് സ്ഥിതി വ്യത്യസ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി സമാനതകളുള്ള 'മുണ്ട് മോദി' മാനേജ്‌മെന്റിന്റെ ഭരണം നടക്കുന്ന കേരളത്തിൽ 18 ദിവസം യാത്ര കടന്നുപോകുന്നത് പോരാട്ടത്തിന്റെ ഭാഗംതന്നെയാണ്.
കോൺഗ്രസ് ബിജെപിയോട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ 'ഭാരത് ജോഡോ പദയാത്ര' പോകുന്നില്ലെന്ന വിമർശനം ഉന്നയിക്കുന്നവർക്ക് യാത്രയെക്കുറിച്ച് കാര്യമായ ധാരണയില്ല. അടുത്തവർഷം രാജ്യത്തിന്റെ പടിഞ്ഞാറുള്ള ഗുജറാത്തിലെ പോർബന്ദറിൽനിന്ന് കിഴക്കേയറ്റത്തുള്ള അരുണാചൽ പ്രദേശിലേക്ക് യാത്രയുടെ രണ്ടാംഘട്ടം നടത്തും. പ്രതിപക്ഷ ഐക്യവും അതു കെട്ടിപ്പടുക്കലും യാത്രയുടെ ലക്ഷ്യമല്ല. കോൺഗ്രസിനെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ വിജയത്തോടെ അടുത്ത വർഷം മറ്റൊരു യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെന്നും 2023 ൽ ഗുജറാത്തിലെ പോർബന്തറിൽ നിന്ന് അരുണാചൽ പ്രദേശിലെ പശുറാം കുണ്ഡിലേക്കാണ് യാത്രയെന്നുമാണ് ജയറാം രമേശ് അറിയിച്ചത്. ബിജെപി ഭരിക്കുന്ന ഗുജറാത്തിലൂടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എന്തുകൊണ്ട് കടന്നു പോകുന്നില്ലായെന്ന വിമർശനങ്ങൾക്കിടെയാണ് ജയറാം രമേശ് പുതിയ യാത്ര പ്രഖ്യാപിച്ചത്.
നിലവിലെ പദയാത്ര രാജ്യത്തിന്റെ തെക്ക് നിന്നും വടക്കൻ സംസ്ഥാനങ്ങളിലേക്കാണ്. ഭൂമിശാസ്ത്രവും സുരക്ഷാപരവുമായ കാരണങ്ങൾ കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ ഒഴിവായതെന്ന് ജയറാം രമേശ് വിശദീകരിച്ചു. 3570 കിലോ മീറ്റർ ദൈർഘ്യമുള്ള കാൽനടജാഥ 12 സംസ്ഥാനങ്ങളിലൂടേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. 150 ദിവസം നീണ്ടു നിൽക്കുന്ന യാത്ര ഒരാഴ്‌ച്ച തികയും മുമ്പാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഉൾപ്പെടുത്താനാണ് ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള യാത്ര നടത്തുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ