ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ്-രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി ഭിന്നത രൂക്ഷം. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താനാണെന്ന ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. തേജസ്വി യാദവ് ആര്‍ജെഡിയുടെ മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കൂട്ടായി തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു. അതേ സമയം സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും.

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടി ആര്‍ജെഡി പ്രചാരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന സൂചന നല്‍കിക്കൊണ്ടുള്ള ഉദിത് രാജിന്റെ പ്രസ്താവന. 'തേജസ്വി ആര്‍.ജെ.ഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാം...പക്ഷേ ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കൂട്ടായി തീരുമാനിക്കും' -ഉദിത് രാജ് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു. ഏതൊരു പ്രവര്‍ത്തകനും തന്റെ പാര്‍ട്ടി നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനാകും. പക്ഷേ, ഇന്ത്യ ബ്ലോക്കിന്റെ സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസ് ആസ്ഥാനത്ത് എന്തു തീരുമാനിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തേജസ്വിയോ ആര്‍.ജെ.ഡി നേതൃത്വമോ ഉദിത്തിന്റെ വാക്കുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സീറ്റ് പങ്കിടലില്‍ കോണ്‍ഗ്രസിന് അതൃപ്തി ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം. ഇത്തവണ 60 സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസിന്റ ആവശ്യം ഇതുവരെ മുന്നണി അംഗീകരിച്ചിട്ടില്ല. ഇന്ന് ഓണ്‍ലൈനിയായി ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

അതേസമയം, ഇന്ത്യ സംഖ്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള നേതാവായി തേജസ്വി യാദവിനെയാണ് ഇന്ത്യ സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍ കാണുന്നത്. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ തേജസ്വിക്കെ കഴിയൂവെന്നാണ് ഭൂരിഭാഗത്തിന്റെയും വിലയിരുത്തല്‍. ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമാണ് ഇന്ത്യസഖ്യത്തിലെ പ്രധാന പാര്‍ട്ടികള്‍. എന്നാല്‍, തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ഇതുവരെ തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് രാഹുല്‍ ഗാന്ധിയും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അതേസമയം, മഹാസഖ്യത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള ആര്‍.ജെ.ഡി നീക്കമാണ് കോണ്‍ഗ്രസിനെയും മറ്റു ഇടതുപാര്‍ട്ടികളെയും ചൊടിപ്പിച്ചത്.

സീറ്റ് വിഭജനത്തെ ചൊല്ലിയും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിലും മഹാസഖ്യത്തിലും കല്ലുകടി നിലനില്‍ക്കുന്നുണ്ട്. എല്‍.ജെ.പിയുടെ ചിരാഗ് പാസ്വാന്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് എന്‍.ഡി.എയില്‍ ഭിന്നതക്ക് ഇടയാക്കിയത്. ബിജെപിക്ക് തുല്യമായി 103 സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് ജെഡിയു. 18 സീറ്റുകള്‍ ആവശ്യപ്പെട്ട ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്ക് പരമാവധി എട്ട് സീറ്റുകളും 50 സീറ്റുകള്‍ ചോദിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 20 സീറ്റുകളുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളുടെ നിര്‍ണായക യോഗം ഇന്ന് പട്‌നയില്‍ ചേരും. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും.

ബിഹാറില്‍ 243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം തികക്കാന്‍ വേണ്ടത്. ബി.ജെ.പിയുടെ പിന്തുണയോടെ ജെ.ഡി.യു സഖ്യമാണ് ഇപ്പോള്‍ ബിഹാര്‍ ഭരിക്കുന്നത്. അധികാരം നിലനിര്‍ത്തുകയാണ് എന്‍.ഡി.എ സഖ്യത്തിന്റെ ലക്ഷ്യം. ഒമ്പതു തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായത്. നിതീഷ് കുമാറില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കുകയാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന് ഇനി 30 ദിവസം പോലുമില്ല. നവംബര്‍ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. നവംബര്‍ 14ന് ഫലം പ്രഖ്യാപിക്കും.