- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രെസ്തവ പ്രോജക്റ്റുമായി ബിജെപി കേരളത്തിലും
'ബംഗാളില്‍ സിപിഎമ്മുകാരും ബിജെപിക്കാരനും തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവും ഇല്ലായിരുന്നു. സിപിഎമ്മുകാരും അവിടെ കാളീഭക്തരാണ്, ബിജെപിക്കാരും അങ്ങനെയാണ്. എന്തിനും ഏതിനും ജ്യോത്സ്യം നോക്കുന്നവരാണ്, ബംഗാളികള്‍. അതില്‍ സിപിഎം എന്നോ ബിജെപിയെന്നോ ഭേദമില്ല. അന്ധവിശ്വാസം, അനാചാരം എന്നിവയില്‍ മാത്രമല്ല, ജീവിത ദുരിതത്തിന്റെ കാര്യത്തിലും അവര്‍ ഒന്നാണ്. ഇത്രകാലം ഭരണം കിട്ടിയിട്ടും സിപിഎമ്മിന് തന്റെ കേഡര്‍മാരുടെ പോലും ദാരിദ്ര്യം മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ നിലക്കും തുല്യര്‍ ആയിരുന്നു അവര്‍. അതുകൊണ്ടുതന്നെ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് അവര്‍ക്ക് എഴുപ്പത്തില്‍ മാറാനുമായി"- ബംഗാളിലെ സിപിഎമ്മിന്റെ, സമാനകളില്ലാത്ത തകര്‍ച്ചയെക്കുറിച്ച് 'ഗ്യാങ്്സ്റ്റര്‍ സ്റ്റേറ്റ്' എന്ന പുസ്തകം എഴുതിയ സൗര്ജ്യഭൗമിക്ക് എന്ന മുന്‍ പാര്‍ട്ടി നേതാവ് കൂടിയായ മാധ്യമപ്രവര്ത്തകന് ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണിത്.
ലോക ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത കൂട്ട കാലുമാറ്റമാണ്, മൂന്നര പതിറ്റാണ്ടോളം ഭരിച്ച പശ്ചിമ ബംഗാളില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് ഉണ്ടായത്്. തൃണമൂലിന്റെ അക്രമം വര്‍ധിച്ചതോടെ, പാര്‍ട്ടി ഗ്രാമങ്ങള്‍ ഒന്നടങ്കം ബിജെപിയിലേക്ക് മാറുകയായിരുന്നു. പല ലോക്കല്‍- ഏരിയാ കമ്മിറ്റി ഓഫീസുകളടക്കം ഒന്നടങ്കം, ചുവപ്പ് കൊടി മാറ്റി കാവിക്കൊടി ഉയര്‍ത്തുകയായിരുന്നു. ഇന്ന് ബംഗാളിലെ ബിജെപിക്കാരില്‍ 90 ശതമാനവും സിപിഎമ്മുകാര്‍ ആണ്.
സമാനമായ ഒരു ചരിത്രം കേരളത്തിലും അവര്‍ത്തിക്കുമോ എന്ന ചോദ്യം ചോദിക്കുമ്പോള്‍, ആദ്യമൊക്കെ സൈബര്‍ സഖാക്കള്‍ പരിഹസിക്കുമായിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് പാറ്റേണ്‍ പരിശോധിക്കുമ്പോള്‍, അത് തമാശയല്ലെന്ന് വ്യക്തമാണ്. ബിജെപി നന്നായി സിപിഎമ്മിന്റെ വോട്ടുപിടിക്കുന്നുണ്ടെന്നത് വ്യക്തമാണ്. ബംഗാള്‍ മോഡലിന്റെ ഒരു മിനിയേച്ചര്‍ തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.
വോട്ട് ഉയര്‍ത്തുന്ന ബിജെപി
കേരളത്തില്‍ 2019-ല്‍ 47.3 ശതമാനം വോട്ടുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അത് 44.7 ശതമാനമായി കുറഞ്ഞിരിക്കയാണ്. എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 34.2 ശതമാനത്തില്‍ നിന്ന് 33.79 ശതമാനമായി ആയി കുറഞ്ഞു. ബിജെപി 14.8 ശതമാനത്തില്‍ നിന്ന് 19.2 ശതമാനമാക്കി വോട്ട് ഉയര്‍ത്തി. തൃശ്ശൂരിലൂടെ കേരളത്തില്‍ അക്കൗണ്ടും തുറന്നു. 11 നിയമസഭാ മണ്ഡലങ്ങളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒന്നാമതെത്തിയത്. ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന ആറ്റിങ്ങലിലും ആലപ്പുഴയിലും ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വന്‍ വര്‍ദ്ധനയുമുണ്ടായി. പത്തനംതിട്ട, ചാലക്കുടി മണ്ഡലങ്ങളിലൊഴികെ എന്‍ഡിഎയുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചെന്നുമാണ് വിലയിരുത്തല്‍.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മത്സരിച്ച വയനാട്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് മത്സരിച്ച കോഴിക്കോട്ടും വോട്ട് നില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ രമേശ് 18,450 വോട്ടും, സുരേന്ദ്രന് 62,229 വോട്ടും അധികം നേടി. പാര്‍ട്ടി കോട്ടയായ കണ്ണൂരില്‍ ചരിത്രത്തിലാദ്യമായി ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ ബിജെപി സമാഹരിച്ചു. ബിജെപി സ്ഥാനാര്‍ഥി സി രഘുനാഥ് ഇവിടെ 1,19,876 വോട്ടുനേടി. കഴിഞ്ഞ തവണ ഇത് 68509 ആയിരുന്നു. അര ലക്ഷത്തിലേറെ വോട്ടുകള്‍ കൂടുതലാണ് ബിജെപിക്ക് കണ്ണൂരില്‍ ഇത്തവണ.
മുസ്ലീംലീഗിന്റെ കോട്ടയായ മലപ്പുറത്തും പൊന്നാനിയിലും ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനായിരത്തിലേറെ വോട്ട് കൂടുതല്‍ നേടാനായി. പൊന്നാനിയില്‍ മൂവായിരത്തിലേറെയും. നിരവധി മണ്ഡലങ്ങളില്‍ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇടതു-വലതു മുന്നണികളിലെ ആലയങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന കേരള രാഷ്ട്രീയത്തില്‍ മറ്റൊരു ബദലായി ബിജെപി ഉയര്‍ന്നു വരുന്നതിന്റെ പ്രകടമായ ലക്ഷണങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇവിടെയാണ് ബംഗാള്‍ മോഡല്‍ ആവര്‍ത്തിക്കുമോ എന്ന ചോദ്യം ഉയരുന്നത്.
ബംഗാളിലെ പോലെ ഭരണം കുത്തഴിയുന്നു
ബംഗാളില്‍ സിപിഎമ്മിന് എറ്റവും വലിയ തിരിച്ചിടിയായത് തുടര്‍ച്ചയായ 34 വര്‍ഷക്കാലത്തെ ഭരണംകൊണ്ടുണ്ടായ കുത്തഴിഞ്ഞ അവസ്ഥയായിരുന്നു. തൂണിലും തുരുമ്പിലും പാര്‍ട്ടിയെന്നാണ് ഈ അവസ്ഥയെ ഗ്യാങ്്സ്റ്റര്‍ സ്റ്റേറ്റ് എന്ന പുസ്തകത്തില്‍ സൗര്‍ജ്യ ഭൗമിക്ക് വിശേഷിപ്പിക്കുന്നത്. സകലമേഖലയിലും പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി. സ്റ്റേറിനെ അവര്‍ ഗുണ്ടാവത്ക്കരിച്ചു. അഴിമതിയും അക്രമവവും വ്യാപകമായി. ഭരണവിരുദ്ധവികാരം ശക്തമായി. നോക്കുക, ഇതിന്റെ ഒക്കെ മിനിയേച്ചര്‍ അല്ലേ, ഈ പിണറായി ഭരണത്തിലും സംഭവിക്കുന്നത്.
പശ്ചിമ ബംഗാളില്‍ സിപിഎം ഭരണകാലത്ത് (19772009) നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പഠനം നടത്തിയ ഡി. ബന്ദോപാധ്യായയുടെ റിപ്പോര്‍ട്ട് പ്രകാരം 55,408 കൊലകളാണ് നടന്നത്! 1997ല്‍ ബുദ്ധദേവ് ഭട്ടാചാര്യ ഒരു നിയമസഭാ ചോദ്യത്തിന് മറുപടിയായി ഈ കാലയളവില്‍ 28,000 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി ഉത്തരം കൊടുത്തിട്ടുണ്ടായിരുന്നു. മെയിന്‍ സ്ട്രീം വാരികയുടെ എഡിറ്റര്‍ നിഖില്‍ ചക്രവര്‍ത്തിയും ഇതേക്കുറിച്ച് എഴുതിയിരുന്നു.
'ഗാങ്സ്റ്റര്‍ സ്റ്റേറ്റ്' എന്ന പുസ്തകത്തില്‍ സൗര്‍ജ്യ സിപിഎംകാലത്ത് നടന്ന തട്ടിപ്പുകള്‍ വിശദീകരിക്കുന്നുണ്ട്. സിപിഎം കാലത്ത് പരിപോഷിച്ച് പിന്നീട് തൃണമൂല്‍ കാലത്ത് തഴച്ചുവളര്‍ന്നതാണ് സിന്‍ഡിക്കറ്റ് എന്ന പണംപിടുങ്ങല്‍ സംഘം. വീടുണ്ടാക്കാനുള്ള ടൈല്‍സ് തൊട്ട്, പാവപ്പെട്ടവരുടെ വീടിനു മുകളില്‍ സ്ഥാപിക്കുന്ന ഷീറ്റിനു വരെ കമ്മിഷന് വാങ്ങി സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്ന 'അധോലോക' സംഘം. അതുപോലെ കട്ട് മണി എന്ന പരിപാടിയും ബംഗാളില്‍ ഉണ്ട്. നമ്മുടെ നാട്ടിലെ നോക്കുകൂലിപോലെ അതും സിപിഎം സംഭവനയാണ്. എന്തിനും ഏതിനും പാര്‍ട്ടിക്ക് കമ്മീഷന് കൊടുക്കണം. നൂറുരൂപയുടെ സര്‍ക്കാര്‍ പെന്‍ഷനില്‍നിന്നുപോലും പത്തുരൂപ പാര്‍ട്ടി നേതാവിനാണ്. ഈ കട്ട് മണി തൃണമുല്‍ ഭരണം വന്നപ്പോഴും ശക്തമായി തുടര്‍ന്നു. പത്തുശതമാനം എന്നത് 20 ശതമാനം ആയി. ഈയിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കട്ട്മണിക്കെതിരെ രംഗത്ത് വന്നിരുന്നു. പക്ഷേ ഇപ്പോഴും അത് നിര്‍ബാധം തുടരുന്നു.
ഇങ്ങനെ കുത്തഴിഞ്ഞ ഭരണമാണ് ബംഗാളില്‍ സിപിഎമ്മിനെ നശിപ്പിച്ചത്. ഭരണവിരുദ്ധവികാരം ഒന്ന്കൊണ്ടുമാത്രമാണ് മമത അവിടെ അടിച്ചുകയറിയത്. ഇതിന്റെ ഒരു ചെറിയ മോഡലാണ് കേരളത്തിലും സംഭവിക്കുന്നത്. ഇത്തവണ യുഡിഎഫ് ഈ രീതിയില്‍ വിജയിക്കാന്‍ കാരണം പിണറായി ഭരണത്തോടുള്ള എതിര്‍പ്പായിരുന്നു. ഏറ്റവും വിശ്വസനീയമാണെന്ന് പറയുന്ന സിഎസ്ഡിഎസ്-ലോക്നീതി സര്‍വേയില്‍, കേരളത്തിലും ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് പറയുന്നു. ഏതു പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കുമ്പോള്‍ നാലില്‍ ഒന്ന് പേര് (26%) കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനവും, മറ്റൊരു നാലിലൊന്ന് പേര്(24%) സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനവും പരിഗണിച്ചു. എന്നാല്‍, മൂന്നിലൊന്ന് പേര് (32%) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ആര്‍ക്കു വോട്ടുചെയ്യണമെന്ന് തീരുമാനിച്ചത്. അതിന്റെ അര്‍ഥം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ സാന്നിധ്യമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ തിരഞ്ഞെടുപ്പ് ജയത്തിലേക്ക് നയിച്ചത് എന്നാണ്.
അക്രമിസംഘങ്ങള്‍ കൂറുമാറുന്നു
ബംഗാളില്‍ സംഭവിച്ചതിന്റെ ചില രസകരമായ നിരീക്ഷണങ്ങളും ഗ്യാങ്ങ്സ്റ്റര്‍ സ്റ്റേറ്റ് പുസ്തകത്തിലുണ്ട്. ഭരണമാറ്റം ഉണ്ടായതോടെ സിപിഎം ഗുണ്ടാ സംഘങ്ങള്‍ ഒന്നടങ്കം ത്രിണമൂലിലേക്ക് പോയി. അണികള്‍ ബിജെപിയിലേക്കും. ഭരണം മാറിയാല്‍ കേരളത്തിലും സംഭവിക്കാന്‍ ഇടയുണ്ട്.
ബംഗാളില്‍ സിപിഎം മുമ്പ് നടപ്പാക്കിയ ഏരിയാ ഡോമിനേഷന് ഇപ്പോള്‍ തൃണമൂലും നടപ്പാക്കിയത്. സിപിഎം അക്രമത്തിന്റെ ഡോസ് നന്നായി അറിയാവുന്ന മമത അതേ രീതിതന്നെ ആക്രമണം അഴിച്ചുവിടാന്‍ സേനയെയുണ്ടാക്കി. പരിബര്‍ത്തന്‍' (മാറ്റം) ആഹ്വാനം ചെയ്തു കൊണ്ടാണ് 2011-ല്‍ മമതാ ബാനര്‍ജി അധികാരത്തില്‍ വന്നത്. എന്നാല്‍, മമതയുടെ വരവോടെ ഗുണ്ടകളും മാഫിയാ സംഘങ്ങളുമൊക്കെ തൃണമൂലിലേക്ക് കളംമാറ്റിച്ചവിട്ടി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബംഗാളില്‍ മൂന്നു ദശകം മുമ്പ് നിലവില്‍ വന്ന 'ബൈക്ക് ബ്രിഗേഡ്സ്' വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. അന്തരിച്ച മുന്‍ സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവര്‍ത്തി 1980-കളില്‍ രൂപം കൊടുത്തതാണ് ബൈക്ക് ബ്രിഗേഡ്. തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമെങ്കിലും ഫലത്തില്‍ അത് ഒരു ഗണ്ടാപണിയായിരുന്നു.
സിപിഎം തളര്‍ന്നതോടെ ബൈക്ക് ബ്രിഗേഡ് തൃണമൂല്‍ ഏറ്റെടുക്കുക്കയായിരുന്നു. 70-100 അംഗങ്ങള്‍ വീതമുള്ള ബൈക്ക് ബ്രിഗേഡാണ് തൃണമൂലിന് ഓരോ ബ്ലോക്കിലുമുള്ളതെന്നാണ് പൊലീസിന്റെ കണക്ക്. കൊല്‍ക്കത്ത ഹൈക്കോടതി ബൈക്ക് ബ്രിഗേഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ബംഗാളിലെ ഗ്രാമങ്ങള്‍ ഇപ്പോഴും ഭരിക്കുന്നത് തൃണമൂലിന്റെ ഇത്തരം സംഘങ്ങളാണ്. നാമനിര്‍ദ്ദേശ പത്രിക കൊടുക്കാന്‍ അനുവദിക്കാതിരിക്കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുക തുടങ്ങി സിപിഎം അനുവര്‍ത്തിച്ചിരുന്ന കാര്യങ്ങള്‍ അധികാരത്തില്‍ വന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ തൃണമൂല്‍ അതേ പടി ഏറ്റെടുത്തു എന്നതാണ് ഇപ്പോഴത്തെ ബംഗാളിന്റെ ചിത്രം. സമ്മര്‍ദ്ദവും ഭീഷണിയും താങ്ങാനാവതെ 3,500-ഓളം സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയത് എന്നാണ് കണക്കുകള്‍ പറയുന്നത്.
മമതയുടെ ഭരണംവന്നതോടെ ബൈക്ക് ബ്രിഗേഡുകള്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ തുടങ്ങി. അടിതാങ്ങാനാവതെ വലിയ വായില്‍ കരയുന്ന സിപിഎം പ്രവര്‍ത്തകരുടെ വീഡിയോ വൈറലായിരുന്നു. തല്ലുന്നവനെ തിരിച്ചുതല്ലാന്‍ പാര്‍ട്ടിക്ക് ശക്തിയില്ലാതായതോടെ സിപിഎമ്മുകാര്‍ ആശ്രയിക്കുന്നത് ബിജെപിയെയാണ്. ആര്‍എസ്എസിന്റെയും കേന്ദ്രഭരണത്തിന്റെയും സഹായത്തോടെയുള്ള ഒരു സംരക്ഷണം ബിജെപി നില്കുമെന്നത് തന്നെയാണ, ആ പാര്‍ട്ടിയിലേക്ക് കൂറുമാറാന്‍ സിപിഎം പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. അങ്ങനെയാണ് 24 പര്‍ഗാനപോലുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി ലോക്കല്‍കമ്മറ്റി ഓഫീസുകളില്‍ കാവിക്കൊടി ഉയര്‍ത്തി, സെക്രട്ടറിയും, അംഗങ്ങളും, പ്രവര്‍ത്തകരുമെല്ലാം കുട്ടത്തോടെ ബിജെപിയിലേക്ക് മാറിയ സംഭവം ഉണ്ടായത്. ലോക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു പാര്‍ട്ടിമാറ്റം ഉണ്ടായത്.
കേരളത്തില്‍ ഇതുപോലെ ഒരു ഭീകര അവസ്ഥ ഇല്ല. പക്ഷേ കണ്ണൂരിലൊക്കെയുള്ള കില്ലര്‍ സ്ക്വാഡുകള്‍ പണവും അധികാരവും ഇല്ലാതായാല്‍ ഏത് നിമിഷവും കളംമാറുമെന്ന് സിപിഎം മനസ്സിലാക്കണം.
ഈഴവര്‍ സിപിഎമ്മിനെ കൈവിടുന്നു
ബംഗാളില്‍ സിപിഎമ്മിന്റെ വോട്ടുബാങ്ക് ആയിരുന്നു മുസ്ലീം വോട്ട്. എന്നാല്‍ മമത അതിശക്തയായി ഉയര്‍ന്നുവന്നതോടെ മുസ്ലീം വോട്ടുകള്‍ അങ്ങോട്ടുപോയി. നേരത്തെ തന്നെ സിപിഎമ്മിന്റെ മു്സ്ലീം പ്രീണനത്തില്‍ പരാതിയുള്ള ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്കും പോയി. അങ്ങനെ സിപിഎം ബംഗാളില്‍ ശൂന്യമായി. ഫലത്തില്‍ അതുതന്നെയാണ് കേരളത്തിലും നടക്കുന്നത്. സിപിഎം നടത്തുന്ന മുസ്ലീം പ്രീണനം തന്നെയാണ് അവരുടെ ഹൈന്ദവവോട്ട് ബാങ്ക് ഇളക്കുന്നത്. മുസ്ലീം വോട്ടുകള്‍ യുഡിഎഫിലേക്കും, ഹിന്ദുവോട്ടുകളിലും, ക്രിസ്ത്യന്‍ വോട്ടുകളിലും ഒരു വിഭാഗം ബിജെപിയിലേക്കും പോയതാണ് ഇടതിന്റെ ്തകര്ച്ചക്ക് ആക്കം കുട്ടിയത്.
സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്ക് ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഈഴവര്‍ എന്നാവും ഉത്തരം. കേരളത്തിലെ ഈഴവ കമ്യൂണിറ്റിയുടെ അടിയുറച്ച പിന്തുണയായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും ശക്തിയെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന് കണ്ണൂരിലെ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും ഈഴവരാണെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. എസ്എന്‍ഡിപിയുടെ പിന്തുണയോടെ ബിഡിജെഎസ് രൂപീകരിച്ചിട്ടും കേരളത്തില്‍ ഭൂരിഭാഗം ഈഴവരും സിപിഎമ്മിന് ഒപ്പമായിരുന്നു.പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ ആ അനുപാതം മാറുകയാണ്.
വോട്ടിങ് രീതിയില്‍ വന്ന വ്യത്യാസം കാരണമാണ് ബിജെപിയുടെ വോട്ട് വിഹിതം കൂടിയതെന്ന് സര്‍വേയില്‍ വിലയിരുത്തി. നായര്‍ വിഭാഗത്തില്‍ പെട്ട ഭൂരിപക്ഷം പേരും (45%) എന്‍ഡിഎക്ക് വോട്ട് ചെയ്തു. പരമ്പരാഗതമായി ഇടതുമുന്നണിയെ തുണയ്ക്കാറുള്ള ഈഴവ സമുദായത്തില്‍ വലിയൊരു വിഭാഗവും 32 ശതമാനം ബിജെപിയിലേക്ക് മാറി. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ അത് സാരമായി ബാധിച്ചു. ഇതാദ്യമായി ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ (5%) ബിജെപിക്ക് പോയി. വോട്ടിങ് പാറ്റേണിലെ ഈ മാറ്റം ഉണ്ടായിട്ടും, യുഡിഎഫ് തങ്ങളുടെ പരമ്പരാഗത മുസ്ലിം, ക്രിസ്ത്യന്‍, മറ്റുസമുദായ വോട്ടുവിഹിതം നിലനിര്‍ത്തി. അതാണ് 18 സീറ്റിലെ വിജയത്തിലേക്ക് നയിച്ചത്.
ബിജെപി ഉയര്‍ത്തിയ വോട്ടുവിഹിതത്തിന്റെ ഒരു നല്ല ശതമാനം സിപിഎമ്മിന്റെ ഈഴവ വോട്ടുകളാണ്. വി മുരളീധരന് ഇഞ്ചോടിച്ച് പ്രകടന കാഴ്ചവെച്ച ആറ്റിങ്ങല്‍ മണ്ഡലം തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം.ആറ്റിങ്ങലില്‍ 2019ല്‍ ശോഭ സുരേന്ദ്രന് 2,48,081 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ വി മുരളീധരന് അത് 3,11,779 വോട്ടാക്കി ഉയര്‍ത്തി. 63,698 വോട്ടുകളാണ് മുരളീധരന് ഇത്തവണ അധികം നേടിയത്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കല, ആറ്റിങ്ങല്‍, കാട്ടാക്കട എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ബിജെപി ഇക്കുറി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.അതുപോലെ ആലപ്പുഴയിലും ബിജെപി ഈ രീതിയില്‍ വോട്ടുനേടിയത്, ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കെ എസ് രാധാകൃഷ്ണന് 1,87,729 വോട്ടായിരുന്നു നേടിയത്. ഇത്തവണ ശോഭാ സുരേന്ദ്രന് അത് 2,99,648 വോട്ടായി ഉയര്‍ത്തി.ആലപ്പൂഴയില്‍ ശോഭാ സുരേന്ദ്രന് പിടിച്ച വോട്ടുകളില്‍ ഗണ്യമായ ഒരു വിഭാഗവും സിപിഎമ്മിന്റെത് തന്നെയാണ്.
പി സി തോമസ് മുതല്‍ കണ്ണന്താനം വരെ
സിപിഎം കോട്ടയായ ത്രിപുര എങ്ങനെ ബിജെപി നേടിയെന്ന ചോദ്യത്തിന്റെ ഉത്തരം തേടിയവര്‍ എത്തിപ്പെട്ടത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആര്‍എസ്എസ് ആവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കൃത്യമായ പ്രവര്ത്തനത്തിലേക്കാണ്്. റാം മാധവിന്റെ നേതൃത്വത്തില്‍, വിവിധ ജാതി-മത വിഭാഗക്കാരെ അടുപ്പിക്കാനായി വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പദ്ധതിയുണ്ടായിരുന്നു. ആ മിഷന് അവര്‍ നേരത്തെ തന്നെ കേരളത്തിലും തുടങ്ങിയതാണ്.
ആദ്യ കാലങ്ങളില്‍ ബിജെപിയോട് അകലമിട്ടുനിന്ന ക്രൈസ്തവ സഭകളെ പാര്‍ട്ടിയോട് അയിത്തമില്ലാത്തവരാക്കി മാറ്റാന്‍ ചുരുങ്ങിയ കാലം കൊണ്ട് ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പിസി തോമസ് ആയിരുന്നു ബിജെപി പക്ഷത്ത് എത്തുന്ന ആദ്യ പ്രമുഖ ക്രൈസ്തവ നേതാവ്. 2001-ലാണ് പി സി തോമസ് എന്‍ഡിഎയിലെത്തുന്നത്. അതുവരെ കേരള കോണ്‍ഗ്രസ് എമ്മില്‍ തലയെടുപ്പുള്ള നേതാവായിരുന്നു, കെ എം മാണിയുടെ വിശ്വസ്തന്. മകന് ജോസ് കെ മാണിയെ പാര്‍ട്ടിയില്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള കെ എം മാണിയുടെ ശ്രമങ്ങളെ എതിര്‍ത്തു തുടങ്ങിയതോടെ മാണിയുടെ കണ്ണിലെ കരടായി. തുടര്‍ന്ന് 2001-ല്‍ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎ പാളയത്തിലെത്തി. അന്നത്തെ എ ബി വാജ്പേയ് മന്ത്രിസഭയില്‍ നിയമസഹമന്ത്രി സ്ഥാനം നല്‍കിയാണ് ബിജെപി പി സി തോമസിനെ സ്വീകരിച്ചത്. തുടര്‍ന്ന് 2004-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഐഎഫ്ഡിപി സ്ഥാനാര്‍ഥിയായി മൂവാറ്റുപുഴയില്‍ നിന്ന് മത്സരിച്ച് ലോക്സഭയിലെത്തി. പ്രമുഖ ബിജെപി നേതാക്കളെ ഒഴിവാക്കിയായിരുന്നു അന്ന് പി സി തോമസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
കേരള കോണ്‍ഗ്രസ് വിട്ട് എന്‍ഡിഎ സഖ്യത്തിലെത്തിയ പി സി തോമസിന് പക്ഷേ, ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ ബിജെപിക്ക് സ്വാധീനമുണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ല. പിന്നീട് എന്‍ഡിഎ വിട്ട പിസി തോമസ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസിനൊപ്പം ചേരുകയും എല്‍ഡിഎഫ് പാളയത്തിലെത്തുകയും ചെയ്തു. 2010-ല്‍ ജോസഫ് മാണി വിഭാഗത്തിനൊപ്പം കൈകോര്‍ത്തപ്പോള്‍ കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം എന്ന പേരില്‍ ഇടതുപക്ഷത്തുനിന്ന പി സി തോമസ് വീണ്ടും എന്‍ഡിഎക്ക് ഒപ്പം പോകുന്നത് 2015-ലാണ്. എന്നാല്‍, മോദി യുഗത്തില്‍ പി സി തോമസിന് പഴയപോലെ സ്വീകരണം എന്‍ഡിഎയില്‍ കിട്ടിയില്ല. 2021- നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ട് പി ജെ ജോസഫ് പക്ഷവുമായി തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനെ ലയിപ്പിച്ച് യുഡിഎഫ് പാളയത്തിലെത്തി.
പിസി തോമസിലൂടെ എന്‍ഡിഎയ്ക്ക് കേരളത്തില്‍ ആദ്യമായി ലോക്സഭാ സീറ്റ് ലഭിച്ചെങ്കിലും ബിജെപിക്ക് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ്, 'വിപ്ലവകാരിയായ' ബ്യൂറോക്രാറ്റ് എന്ന വിശേഷണം ലഭിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി തങ്ങളുടെ പക്ഷത്തെത്തിക്കുന്നത്. 2006-ല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇടത് പിന്തുണയോടെ മത്സരിച്ച് ജയിച്ച കണ്ണന്താനം, ബിജെപിയില്‍ എത്തിയത് ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്തയാളാണ് കണ്ണന്താനം എന്ന നിലയിലാണ് അന്ന് വിലയിരുത്തപ്പെട്ടത്. ഒന്നാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നൊരാള്‍ ആദ്യമായി ഇടംപിടിക്കുന്നത് അല്‍ഫോണ്‍സ് കണ്ണന്താനം ആയിരുന്നു. അന്നും സംസ്ഥാനത്തെ പ്രബല ബിജെപി നേതാക്കളെ മാറ്റിനിര്‍ത്തിയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ 2017-ല്‍ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി നല്ലബന്ധം സ്ഥാപിച്ചെടുക്കാന്‍ കണ്ണന്താനത്തിന് കഴിഞ്ഞു. ശേഷം, ബിജെപി നേതൃത്വം നേരിട്ട് സഭാധ്യക്ഷന്മാരിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് കണ്ടത്. 2017-ല്‍ അമിത് ഷാ, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി. യമനില്‍ ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴന്നാലിനെ മോചിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുപോലെ ഇടപെട്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ് അദ്ദേഹത്തിന്റെ മോചനം എന്ന നിലയിലാണ് ബിജെപി ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രചാരണം നടത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഉഴന്നാലിനെ കണ്ണന്താനം നേരിട്ടെത്തി സ്വീകരിച്ചു. കണ്ണന്താനത്തിനൊപ്പം മോദിയുടെ വസതിയിലെത്തിയ ഫാ. ഉഴന്നാലുമായി മോദി ചര്‍ച്ച നടത്തുകയും ചെയ്തു. ഇത് ബിജെപിയെ ക്രൈസ്തവര്‍ക്കിടില്‍ 'വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടി' എന്ന പരിവേഷത്തിലേക്ക് കൊണ്ടെത്തിച്ചു.
ക്രിത്യമായ ഇടവേളകളില്‍ ക്രൈസ്തവരെ കയ്യിലെടുക്കാനുള്ള പദ്ധതികള്‍ ബിജെപി പരീക്ഷിച്ചുവന്നു. 2023-ല്‍ മോദിയുടെ കേരള പര്യടനത്തിനിടെ എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാരാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. അതുപോലെ ക്രിസ്മസിന് കേക്ക് സമ്മാനിച്ചും, ഭവനസന്ദര്‍ശനം നടത്തിയും ബിജെപി നേതാക്കള്‍ പതുക്കെ ക്രൈസ്തവ പ്രീതി നേടിയെടുത്തു. അങ്ങനെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഒടുവിലാണ് ബിജെപി ക്രിസ്ത്യന്‍ സമുദായത്തിലേക്ക് എത്തുന്നത്.
ഇനി മിഷന് ജോര്‍ജ് കുര്യന്
പലരും കരുതുന്നതുപോലെ ജോര്‍ജ് കുര്യന്റെത് വെറുമൊരു സര്‍പ്രൈസ എന്ട്രിയായിരുന്നില്ല. ഒരാള്‍പോലും ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ബിജെപിക്കുവേണ്ടി ഇല്ലാത്തകാലത്തും, മൂന്ന് പതിറ്റാണ്ടായ കാവിപ്പടക്കുവേണ്ടി പൊരുതിയ വ്യക്തിയാണ് ജോര്‍ജ് കുര്യന്. ക്രിസങ്കിയല്ല, ഒറിജിനല്‍ സംഘിതന്നെയാണ് അദ്ദേഹം. കേരള ബിജെപിയിലെ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ ബിജെപിയുടെ ന്യൂനപക്ഷ മുഖമായി നില്ക്കുന്ന നേതാവ് ജോര്‍ജ് കുര്യന് അര്‍ഹമായ പരിഗണയാണ്. മൂന്നാം മോദി സര്‍ക്കാരില്‍ ലഭിച്ചത്.
2016 നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ ബിജെപി ചിഹ്നത്തില്‍ മത്സരിച്ച ജോര്‍ജ് കുര്യന് ദേശീയ ന്യൂനപക്ഷ കമ്മിഷന് വൈസ് ചെയര്മാന് കൂടിയായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിക്ക് വേണ്ടിയുള്ള സ്ഥിരം സാന്നിധ്യം. കോട്ടയം കാണാക്കരി സ്വദേശിയായ ജോര്‍ജ് കുര്യന്, തുടക്കം മുതല്‍ ബിജെപിക്കാരനാണ്. വിദ്യാര്‍ഥി ജനതയിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. ബിജെപി രൂപീകരിച്ച സമയത്ത് കേരളത്തില്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നവരില്‍ ആദ്യ ബാച്ചുകാരനാണ് 62-കാരനായ ജോര്‍ജ്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായപ്പോള്‍ പേഴ്സണല്‍ സ്റ്റാഫായി. ബിജെപി അധികാരത്തിന്റെ വിദൂരസ്ഥാനത്ത് പോലുമില്ലാതിരുന്ന സമയത്ത് പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് ജോര്‍ജ് കുര്യന്. 1991-ലും 1998-ലും കോട്ടയം മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു.
മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്തിയ ക്രൈസ്തവ, മുസ്ലിം നേതാക്കളേക്കാള്‍ ജോര്‍ജ് കുര്യന് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തന രീതികളും അറിയാമെന്ന് ചുരുക്കം. ബിജെപിയുടെ ക്രൈസ്തവ പ്രോജക്ടിന്റെ പുതിയ അധ്യായം ജോര്‍ജ് കുര്യനിലൂടെ തുടങ്ങുമ്പോള്‍, രാഷ്ട്രീയ സമൂഹം ആ വരവിനെ ഗൗരവതരമായി എടുക്കേണ്ടതിന് പിന്നിലെ കാരണവും അതാണ്.
ഇതിന്റെയൊപ്പം സിപിഎമ്മിറെന്റ മുസ്ലീം പ്രീണനവും കാര്യമായി അവര്‍ക്ക് േവോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ബംഗാളില്‍ സംഭവിച്ചതും അതുതന്നെയാണ്. മാത്രമല്ല, ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം അങ്ങേയറ്റം ഭീതിയിലാണ്. ഈ ഭീതി പരിഹരിക്കുന്നതിന് പകരം ഏകപക്ഷീയമായി ഒരു പക്ഷത്തിന്റെ ഒപ്പം ചേരുന്ന എന്ന തോന്നലാണ് കേരളത്തിലെ ഇടതുപക്ഷം ചെയ്തത്. ഫലസ്തീന് അനുകൂല റാലിയും, പൗരത്വഭേദഗതി ചര്‍ച്ചകളുമെല്ലാം ഫലത്തില്‍ ഗുണം ചെയ്തത് ബിജെപിക്കാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ ഇതുമൂലം സിപിഎമ്മില്‍നിന്ന് അകന്നുപോവുകയാണ് ഉണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനും ഇടുക്കി അതിരൂപത രംഗത്തുവന്നു. റബ്ബറിന് വിലകൂട്ടിയാല്‍ ബിജെപിക്ക് എംപിയെ നല്‍കാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയും ബിജെപിയുടെ ഈ 'ക്രൈസ്തവ പ്രോജക്ട്' ഗുണം കാണുന്നു എന്നതിന് തെളിവായിരുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ബിജെപി കേരളത്തില്‍ ഒന്നുമല്ല എന്ന് ഇനി ആര്‍ക്കും പറയാന്‍ കഴിയില്ല. ചരിത്രം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ നടത്തിയില്ലെങ്കില്‍ ആവശേഷിക്കുന്ന തുരുത്തിലും സിപിഎം ഒന്നുമല്ലാതാവം
വാല്‍ക്കഷ്ണം: എന്നാലും ബംഗാളിലെപ്പോലെ കെട്ടിവെച്ച കാശുപോലും കിട്ടാതെ, പുര്‍ണ്ണമായും നിഷ്്ക്കാസനം ചെയ്യപ്പെടുന്ന അവസ്ഥ കേരളത്തില്‍ സിപിഎമ്മിന് ഉണ്ടാവുമോ? ഇല്ല എന്നാണ് പൊതുവെയുള്ള ഉത്തരം. കാരണം കോടികള്‍ സമ്പത്തുള്ള പാര്‍ട്ടിയാണ് സിപിഎം. ബാങ്കുകളും, ആശുപത്രികളും, ചാനലുമൊക്കെയായി, പിഎഎസ്സി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ്. ഇതുപോലെ ഒരു പണാധിപത്യം ബംഗാളിലെ പാര്‍ട്ടിക്ക് ഇല്ലായിരുന്നു!