ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് എതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അടുത്താഴ്ച നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനിടെ രാഹുല്‍ നുണകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം.

മുംബൈയില്‍, കഴിഞ്ഞാഴ്ച രാഹുല്‍ നടത്തിയ പ്രസംഗത്തിലെ ഒരുഭാഗം പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ബിജെപി പ്രതിനിധി സംഘം കമ്മീഷനെ നേരില്‍ കണ്ട് രേഖാമൂലം പരാതി നല്‍കി. മഹാരാഷ്ട്ര സംസ്ഥാനത്ത് നിന്ന് മറ്റുസംസ്ഥാനങ്ങള്‍ നിന്ന് അവസരങ്ങള്‍ തട്ടിയെടുക്കുന്നുവെന്നും പിടിച്ചുപറിക്കുന്നു എന്നുമാണ് രാഹുല്‍ തെറ്റായി ആരോപിച്ചത്.

ബിജെപി ഭരണഘടനയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നുവെന്നും രാഹുല്‍ പറഞ്ഞതായി കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ആരോപിച്ചു.

ഇത് തെറ്റാണ്. ഇതവസാനിപ്പിക്കണം. ഇത് രാഹുല്‍ പലതവണയായി ആവര്‍ത്തിക്കുന്നു. മുന്നറിയിപ്പുകളും നോട്ടീസുകളും നല്‍കിയിട്ടും രാഹുല്‍ പിന്തിരിയുന്നില്ല. രാഹുലിന് എതിരെ ഭാരതീയ ന്യായ സംഹിതയുടെ 353 ആം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ബിജെപി കമ്മീഷനോട് ആവശ്യപ്പെട്ടു.

മഹാരാഷ്്ട്രയുടെ ചെലവില്‍, മറ്റുസംസ്ഥാനങ്ങള്‍ ആപ്പിള്‍ ഐ ഫോണുകളും ബോയിങ് വിമാനങ്ങളും നിര്‍മ്മിക്കുകയാണെന്ന സ്ഥിരീകരിക്കാത്ത വിവരമാണ് രാഹുല്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. യഥാര്‍ഥത്തില്‍ മഹാരാഷ്ട്ര സംസ്ഥാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്താണ്, ബിജെപി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലെ യുവാക്കളെ ഇളക്കി വിടുകയാണ്. അത് അപകടകരമാണ്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ വിദ്വേഷം ഉണ്ടാക്കാനും, മഹാരാഷ്ട്രയിലെ ജനങ്ങളും മറ്റുസംസ്ഥാനങ്ങളില്‍ ഉള്ളവരുമായി ഭിന്നിപ്പുണ്ടാക്കാനും രാഹുല്‍ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാലിക്കേണ്ട നിയന്ത്രണത്തെയും മര്യാദയെയും കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നല്‍കിയ നിര്‍ദ്ദേശവും ബിജപി സംഘം ഓര്‍മ്മിപ്പിച്ചു.