- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാണീ 'വിവാഹ ഘോഷയാത്ര'; വിദേശത്തേയ്ക്ക് പ്രതിനിധി സംഘത്തെ അയക്കുന്നതിനെതിരെ സഞ്ജയ് റാവത്ത്; ഇന്ത്യാ സഖ്യം ബഹിഷ്ക്കരിക്കണമെന്നും ആഹ്വാനം
എന്തിനാണീ 'വിവാഹ ഘോഷയാത്ര'
മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യയുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ അയയ്ക്കാനുള്ള തീരുമാനത്തില്‍ വിമര്‍ശനം ഉന്നയിച്ച ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. പ്രതിനിധി സംഘങ്ങളെ വിദേശരാജ്യത്തേക്ക് അയ്ക്കുന്നതിനെ വിവാഹത്തിന് വരന്‍ ഘോഷയാത്രയായി വരുന്നതിനോടാണ് അദ്ദേഹം ഉപമിച്ചത്.
പാക്കിസ്താനുമായുള്ള സംഘര്‍ഷവും അതിനു കാരണമായ അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഭീകരവാദത്തിന് നല്‍കുന്ന പിന്തുണയും ലോകത്തിന് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രതിനിധിസംഘത്തെ ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. ഈ നീക്കം അനാവശ്യമാണമെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്.
ഈ ഘോഷയാത്രയുടെ യാതൊരാവശ്യവുമില്ല. പ്രധാനമന്ത്രി ദുര്‍ബലനാണ്. ഇക്കാര്യത്തില്‍ തിടുക്കം കാണിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ പ്രതിനിധി സംഘത്തിലുള്‍പ്പെടുത്തിയതിനെയും റാവത്ത് വിമര്‍ശിച്ചു. ഉപമുഖ്യമന്ത്രിയുടെ മകന്‍ വിദേശത്ത് എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണ്. എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുക എന്നത് അവരുടെ ശീലമാണ്. ഇന്ത്യാ സഖ്യം വിദേശത്തേക്കുള്ള പ്രതിനിധി സംഘത്തെ അയക്കുന്ന നീക്കത്തിനെ ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നും റാവത്ത് ആവശ്യപ്പെട്ടു.
പാര്‍ലമെന്റിലെ നിലവിലെ അംഗങ്ങളും മുന്‍ അംഗങ്ങളും നയതന്ത്ര പ്രതിനിധികളും അടക്കം 51 പേരേയാണ് ഏഴ് സംഘമായി തിരിച്ച് വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. ഇതില്‍ 31 പേര്‍ ബിജെപി, എന്‍ഡിഎ ഘടകകക്ഷികളില്‍ നിന്നുള്ളവരും 20 പേര്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്ളവരുമാണ്. മുന്‍ കേന്ദ്രമന്ത്രിമാരായ ഗുലാം നബി ആസാദ്, എം.ജെ അക്ബര്‍, ആനന്ദ് ശര്‍മ, വി. മുരളീധരന്‍, സല്‍മാന്‍ ഖുര്‍ഷിദ്, എസ്.എസ്. അലുവാലിയ എന്നിവരേയും സംഘത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.