- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയും അമിത്ഷായും അടക്കം പ്രമുഖരുടെ വന്‍നിര; എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി. പി. രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; പ്രധാനമന്ത്രി അടക്കം നാലുപേര്‍ പത്രികയിലെ നിര്‍ദ്ദേശകര്‍; ഇന്ത്യ സഖ്യം സ്ഥാനാര്‍ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി നാളെ പത്രിക സമര്‍പ്പിക്കും
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി. പി. രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ സി.പി. രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
വരണാധികാരിയായ പി.സി. മോദിക്ക് നാല് സെറ്റ് നാമനിര്‍ദ്ദേശ പത്രികകളാണ് സി.പി. രാധാകൃഷ്ണന്‍ കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അമിത് ഷാ, ജെഡിയു നേതാവ് രാജീവ് രഞ്ജന്‍ സിംഗ് എന്നിവരാണ് പത്രികയിലെ നിര്‍ദ്ദേശകര്‍. റിട്ടേണിങ് ഓഫീസര്‍ നാമനിര്‍ദ്ദേശ പത്രികകളുടെ രസീത് പ്രധാനമന്ത്രിക്ക് കൈമാറി.
നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ ചടങ്ങ് എന്‍ഡിഎ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധര്‍മ്മേന്ദ്ര പ്രധാന്‍, ടിഡിപി നേതാവും കേന്ദ്രമന്ത്രിയുമായ കെ. രാം മോഹന്‍ നായിഡു, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ തുടങ്ങിയ പ്രമുഖ എന്‍ഡിഎ നേതാക്കളും സി.പി. രാധാകൃഷ്ണനെ അനുഗമിച്ചു. പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ്, പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പ്രതിമകളില്‍ അദ്ദേഹം പുഷ്പാഞ്ജലി അര്‍പ്പിച്ചു.
ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതേസമയം, ആന്ധ്ര മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സി.പി. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ഡിഎയ്ക്ക് കൂടുതല്‍ ശക്തി പകരുന്നതായി വിലയിരുത്തപ്പെടുന്നു.