ന്യൂഡല്‍ഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാവുന്നില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കോവിഡ് കാലത്ത് കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് മഹാരാഷ്ട്ര തന്റെ വാക്കുകള്‍ കേട്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഇത്രയും മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും സീറ്റുകളില്‍ വിജയിക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു എന്നും ഉദ്ധവ് ചോദിക്കുന്നു. ജനങ്ങള്‍ എന്നെയാണ് കേട്ടത്. മോദിയേയും അമിത് ഷായേയും അവര്‍ കേട്ടില്ല. അവരെ കേള്‍ക്കാതെ എങ്ങനെ അവര്‍ക്ക് വോട്ട് ചെയ്യും.

മഹാവികാസ് അഘാഡിയുടെ റാലികള്‍ക്കാണ് കൂടുതല്‍ ജനങ്ങള്‍ എത്തുന്നത്. ആരാണ് യഥാര്‍ഥ ശിവസേനയെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കഴിഞ്ഞ കുറേ വര്‍ഷമായി തങ്ങള്‍ക്ക് ചിഹ്നമില്ലെന്നും ഉദ്ധവ് താക്കെറെ കുറ്റപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ ഒരു രാജ്യം ഒരു പാര്‍ട്ടിയെന്ന് മുദ്രവാക്യംമുഴക്കിയിരുന്നു. അതേപാതയിലാണ് രാജ്യം ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയേയും ശരദ് പവാര്‍ പക്ഷ എന്‍.സി.പിയേയും ഏറെ പിന്നിലാക്കിയാണ് ഏക്‌നാഥ് ഷിന്‍ഡെ പക്ഷ ശിവസേനക്കും അജിത് പവാര്‍ പക്ഷ എന്‍.സി.പിക്കും വന്‍ വിജയം നേടിയത്.

57 സീറ്റില്‍ ഷിന്‍ഡെ പക്ഷവും 41 സീറ്റില്‍ അജിത് പക്ഷവും ജയിച്ചു. ഉദ്ധവ് പക്ഷത്തിന് 20 സീറ്റിലും പവാര്‍ പക്ഷത്തിന് 10ലുമാണ് ജയിക്കാനായത്. 2022 ജൂണില്‍ ഉദ്ധവ് താക്കറെ സര്‍ക്കാറിനെ അട്ടിമറിച്ച്, ശിവസേനയേ പിളര്‍ത്തി ബി.ജെ.പിക്ക് ഒപ്പം പോകുമ്പോള്‍ ഷിന്‍ഡെക്കൊപ്പം 40 എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്. പിന്നീട് എന്‍.സി.പി പിളര്‍ത്തി അജിത് പോയതും 40 എം.എല്‍.എമാരുമായാണ്.