ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് തുടക്കം മുതല്‍ നീതിപൂര്‍വമായിരുന്നില്ലെന്നും, ഈ ഫലത്തെക്കുറിച്ച് കോണ്‍ഗ്രസും 'ഇന്ത്യാ' സഖ്യവും ആഴത്തില്‍ പഠനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഈ പോരാട്ടം ഞങ്ങള്‍ ശക്തമാക്കും,' രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ബിഹാറിലെ മഹാസഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്.

'മഹാസഖ്യത്തില്‍ വിശ്വാസം അര്‍പ്പിച്ച ബീഹാറിലെ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു. ബീഹാറിലെ ഈ ഫലം ശരിക്കും ആശ്ചര്യകരമാണ്. തുടക്കം മുതല്‍ നീതിയുക്തമല്ലാത്ത ഒരു തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല,' അദ്ദേഹം എഴുതി.

'ഈ പോരാട്ടം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയുള്ളതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും 'ഇന്ത്യ' മുന്നണിയും ഈ ഫലം ആഴത്തില്‍ വിലയിരുത്തുകയും ജനാധിപത്യത്തെ രക്ഷിക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ആദ്യ ഘട്ടത്തിലെ ട്രെന്‍ഡുകള്‍ തന്നെ ' മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിഹാറിലെ ജനങ്ങള്‍ക്കെതിരെ വിജയിക്കുന്നത്' ആണ് കാണിക്കുന്നതെന്ന കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പരിഹാസരൂപേണ പറഞ്ഞു. ഈ മത്സരം ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലല്ലെന്നും, മറിച്ച് ഗ്യാനേഷ് കുമാറും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്' എന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ ജനവിധി തങ്ങള്‍ മാനിക്കുന്നുവെങ്കിലും, 'ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന' ശക്തികള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഫലങ്ങള്‍ വിശദമായി പഠിക്കുമെന്നും, മഹാസഖ്യത്തെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചതായും, പാര്‍ട്ടി പ്രവര്‍ത്തകരോട് മനോധൈര്യം കൈവെടിയരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 'ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള' സമരം പൂര്‍ണ്ണമായ നിശ്ചയദാര്‍ഢ്യത്തോടെ തുടരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

സമാജ്വാദി പാര്‍ട്ടിയുടെ ആരോപണം

അതേസമയം, ലഖ്‌നൗവില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ബിഹാറിലെ എസ്.ഐ.ആര്‍ (സംസ്ഥാന ഇലക്ടറല്‍ റോള്‍) വലിയ തിരഞ്ഞെടുപ്പ് ഗൂഢാലോചനയാണെന്നും ഇതിലൂടെ ബി.ജെ.പി രാഷ്ട്രീയ വഞ്ചന നടത്തിയതായും അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ രീതി നടപ്പാക്കാന്‍ സാധിക്കില്ലെന്നും, കാരണം ഈ തിരഞ്ഞെടുപ്പ് ഗൂഢാലോചന കൂടുതല്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. സി.സി.ടി.വി, പി.പി.ടി.വി എന്നിവ പോലെ ജാഗ്രത പാലിക്കണമെന്നും ബി.ജെ.പിയുടെ ഉദ്ദേശ്യങ്ങള്‍ തുറന്നുകാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മീഷന്റെയും ഗ്യാനേഷ് കുമാറിന്റെയും ഏറ്റവും മികച്ച പ്രകടനം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെയും പ്രവര്‍ത്തനങ്ങളെ ഏറ്റവും മികച്ചതായി വിശേഷിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 1951-ന് ശേഷം സംസ്ഥാനത്ത് നടന്നതില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിതെന്നും, ഒരു പരാതി പോലും ഉണ്ടാകാത്തതിനാലും പുനര്‍വോട്ടെടുപ്പ് വേണ്ടി വരാത്തതിനാലും ഇതിനെ മികച്ച പ്രകടനമായി വിലയിരുത്തുന്നതായും കമ്മീഷന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചുവെന്നും ഇതിനെതിരെ ഒരു അപ്പീലുകളും ലഭിച്ചില്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.