ന്യൂഡൽഹി: ബിജെപിക്കെതിരെ പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ നേതൃ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തേക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ തന്നെ കൺവീനറാകണമെന്ന ആവശ്യം ശക്തമാണ്. കോൺഗ്രസോ രാഹുൽ ഗാന്ധിയോ തൽകാലം സ്ഥാനം ഏറ്റെടുക്കില്ലെന്നാണ് സൂചന. ഈ വർഷം തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളിലെ രാഷ്ട്രീയം തുറന്നു കാട്ടും. പാചക വാതക വില കുറച്ചതും ഇതിന്റെ ഭാഗമാണെന്ന് വിശദീകരിക്കും. ഇതിനൊപ്പം ചൈനയുടെ മാപ്പും ചർച്ചയാക്കും.

ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി തന്നെ രംഗത്തു വന്നു. താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് . ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം.ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം .മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ ചൈനയ്‌ക്കെതിരെ കർശന നിലപാട് എടുക്കണം എന്ന് ശശി തരൂർ ആവശ്യപ്പെട്ടു.ടിബറ്റിലുള്ളവർക്ക് സ്റ്റേപിൾഡ് വിസ നല്കണം.തയ്വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുത്.ഒരു ചൈന നയത്തിന് പിന്തുണ നല്കരുതെന്നും ശശി തരൂർ പറഞ്ഞു.

ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചൽ പ്രദേശും അക്‌സായി ചിനും ചൈനീസ് പ്രദേശങ്ങൾ ആണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്. അതിർത്തി തർക്കം പരിഹരിക്കാനുള്ള നടപടികളെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചു. അതു പോരെന്നാണ് കോൺഗ്രസ് നിലപാട്. ഇതിനൊപ്പം പാചക വാതക വില കുറയ്ക്കലിലെ രാഷ്ട്രീയവും ചർച്ചയാക്കും.

കർണാടക തിരഞ്ഞെടുപ്പിലെ പരാജയവും ഇന്ത്യ മുന്നണിയുടെ വിജയകരമായ രണ്ട് യോഗങ്ങളും കാരണമാണ് കേന്ദ്രം എൽപിജി നിരക്കുകൾ കുറച്ചതെന്ന് കോൺഗ്രസ് പറയുന്നു. ആ കസേരയിൽ പിടിച്ചിരിക്കാൻ മോദി എന്തും ചെയ്യുമെന്നും കൂടുതൽ 'സമ്മാനങ്ങൾ' പ്രതീക്ഷിക്കാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ 200 രൂപ സബ്‌സിഡി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെയാണ് കോൺഗ്രസ് വിമർശിക്കുന്നത്.

''വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണവും ആരംഭിക്കും. ജനങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കവർന്നെടുത്ത ദയാരഹിതരായ മോദി സർക്കാർ ഇപ്പോൾ അമ്മമാർക്കും പെങ്ങന്മാർക്കും നേരെ സൗമനസ്യം അഭിനയിക്കുകയാണ്'' എക്‌സ് പ്ലാറ്റ്‌ഫോമിലെഴുതിയ കുറിപ്പിൽ ഖർഗെ വിശദീകരിച്ചു.

''ഒൻപതര വർഷം 400 രൂപയ്ക്ക് വിൽക്കേണ്ടിയിരുന്ന എൽപിജി സിലിൻഡറുകൾ 1,100 രൂപയ്ക്ക് വിറ്റ് സാധാരണക്കാരുടെ ജീവിതം നശിപ്പിച്ചപ്പോൾ എന്തുകൊണ്ട് ഈ 'സ്‌നേഹോപകാരം' മനസ്സിലേക്കു വന്നില്ല? 200 രൂപയുടെ സബ്‌സിഡി നൽകി ജനങ്ങളുടെ രോഷം 2024ൽ തണുപ്പിക്കാനാകില്ലെന്ന് മോദി സർക്കാർ മനസ്സിലാക്കണം. ഇന്ത്യ മുന്നണിയോടുള്ള ഭയം നല്ലതാണ് മോദിജീ! പൊതുജനം മനസ്സിൽ ഉറപ്പിച്ചുകഴിഞ്ഞു, വിലക്കയറ്റത്തെ നേരിടണമെങ്കിൽ ബിജെപിയെ പുറത്താക്കണമമെന്ന്'' അദ്ദേഹം കുറിച്ചു.

ഉറപ്പായ പരാജയത്തെ നോക്കിനിൽക്കുകയാണ് ബിജെപിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി (കമ്യൂണിക്കേഷൻസ്) ജയറാം രമേശ് പറഞ്ഞു. ''അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മൂന്നു മാസം ശേഷിക്കെ, ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ആറു മാസം ബാക്കിയുള്ളപ്പോൾ ഉറപ്പായ പരാജയത്തിലേക്കു നോക്കിനിൽക്കുകയാണ് ബിജെപി. എന്തുകൊണ്ടാണ് മിസ്റ്റർ മോദി ഇത്രപെട്ടെന്ന് എൽപിജി വിലയിൽ കുറവു വരുത്തിയത്?'' ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ഒൻപതര വർഷമായി എൽപിജി നിരക്കുകൾ വർധിപ്പിച്ച് 31.37 കോടി ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു മോദി സർക്കാരെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു. 8.33 ലക്ഷം കോടിയാണ് ജനങ്ങളുടെ പോക്കറ്റിൽനിന്ന് സർക്കാർ കവർന്നതെന്നും അദ്ദേഹം ആരോപിച്ചു. ''ഉജ്ജ്വല സ്‌കീമിൽ മാത്രം 2017 മുതൽ സ്ത്രീകളുടെ പോക്കറ്റിൽനിന്ന് 68,702.76 കോടി കവർന്നുവെന്ന് ഔദ്യോഗിക രേഖകൾ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മോദി സർക്കാരിന് അമ്മമാരെയും പെങ്ങന്മാരെയും ഓർമ വന്നു'' സുർജേവാല പറഞ്ഞു.