ഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. രബീന്ദ്രനാഥ് ടാഗോറിനെ അപമാനിച്ചുകൊണ്ട് തുടങ്ങിയ സമ്മേളനം മഹാത്മാഗാന്ധിയെ അപമാനിച്ചുകൊണ്ടാണ് അവസാനിപ്പിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ശൈത്യകാല സമ്മേളനത്തെ 'മലിനീകരണകാല സമ്മേളനം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സമ്മേളനത്തിന്റെ തുടക്കത്തിൽ വന്ദേമാതരം സംബന്ധിച്ച ചർച്ചകൾ ചരിത്രത്തെ വളച്ചൊടിക്കാനും ജവഹർലാൽ നെഹ്‌റുവിനെ അപകീർത്തിപ്പെടുത്താനുമാണ് സർക്കാർ ഉപയോഗിച്ചതെന്ന് ജയറാം രമേശ് പറഞ്ഞു. ടാഗോറിനെയും നെഹ്‌റുവിനെയും അപമാനിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സമ്മേളനത്തിന്റെ അവസാനത്തിൽ, തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കി 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ' (VB-GRAM) എന്ന പുതിയ ബിൽ കൊണ്ടുവന്നതിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു. രാഷ്ട്രപിതാവിനെ മനഃപൂർവം ഒഴിവാക്കി അപമാനിക്കുകയാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ വായു മലിനീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറായെങ്കിലും സർക്കാർ അതിൽ നിന്ന് ഒളിച്ചോടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂർ വിഷയം ഉൾപ്പെടെയുള്ള പ്രധാന ബില്ലുകൾ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പലതും അവതരിപ്പിച്ചില്ല. ആധുനിക ഇന്ത്യയെ നിർമ്മിച്ച മഹത്‌വ്യക്തികളെ അപമാനിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും കോൺഗ്രസ് ആരോപിച്ചു. സർക്കാർ ജനാധിപത്യ മര്യാദകൾ ലംഘിക്കുകയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.