- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാട്ടിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ ബുദ്ധിമുട്ടുന്നു..; മികച്ച സൗകര്യങ്ങൾ എങ്ങനെ ലഭ്യമാക്കാം?; കൃത്യമായ രീതിയിൽ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തക; പിന്നാലെ അശ്ലീല മറുപടി കേട്ട് തലയിൽ കൈവച്ച് നേതാക്കൾ; എംഎൽഎയുടെ വാവിട്ട വാക്കിൽ പുതിയ വിവാദത്തിന് തിരികൊളുത്തുമ്പോൾ
ഹലിയാൽ: ഗർഭിണികൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നത് സംബന്ധിച്ച ചോദ്യത്തിന് ലൈംഗികച്ചുവയോടെയുള്ള പരാമർശം നടത്തി കോൺഗ്രസ് എം.എൽ.എ. ഉത്തര കന്നടയിലെ ഹലിയാൽ മണ്ഡലത്തിലെ എം.എൽ.എയും മുൻ മന്ത്രിയുമായ ആർ.വി. ദേശ്പാണ്ഡെയാണ് മാധ്യമപ്രവർത്തകയ്ക്കെതിരെ പ്രകോപനപരമായ മറുപടി നൽകിയത്. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ സംസാരം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ജോയ്ഡ താലൂക്കിലെ ആശുപത്രിയുടെ സൗകര്യങ്ങളെക്കുറിച്ച് ഒരു മാധ്യമപ്രവർത്തക ചോദിച്ച ചോദ്യത്തിന് നേരെയാണ് ദേശ്പാണ്ഡെ അശ്ലീല പരാമർശം നടത്തിയത്. "നല്ല ആശുപത്രിയില്ലാത്തതിനാൽ നാട്ടിലെ സ്ത്രീകൾ പ്രസവിക്കാൻ ബുദ്ധിമുട്ടുകയാണ്, ജോയ്ഡയിൽ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി വേണം, അതില്ലാത്തതിനാൽ ഗർഭിണികൾ കഷ്ടപ്പെടുന്നു" എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. ഇതിന് മറുപടിയായി, അശ്ലീല ചിരിയോടെ ദേശ്പാണ്ഡെ പറഞ്ഞത്, "നിനക്കൊരു കുട്ടിയുണ്ടാകേണ്ട സമയത്ത്, ഞാൻ നിനക്കത് ചെയ്തുതരാം" എന്നാണ്.
ഈ പരാമർശത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന എം.എൽ.എ പരസ്യമായി മാപ്പ് പറയണമെന്ന് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരുടെ സംഘടനകളും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അപമാനിച്ചതിന് പിന്നാലെ മാധ്യമപ്രവർത്തകരോടും കോൺഗ്രസ് അപമര്യാദ തുടരുകയാണെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനെവാല വിവാദ പരാമർശത്തെക്കുറിച്ച് പ്രതികരിക്കവേ കുറ്റപ്പെടുത്തി.
കോൺഗ്രസ് എം.എൽ.എയുടെ ലൈംഗികച്ചുവയോടെയുള്ള പരാമർശം, പൊതുരംഗത്തുള്ളവർ എങ്ങനെയായിരിക്കണം മാധ്യമങ്ങളോട് പ്രതികരിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ഊർജ്ജം നൽകിയിരിക്കുകയാണ്. ജനപ്രതിനിധികൾ പൗരന്മാരുടെ ചോദ്യങ്ങൾക്ക് മാന്യമായും വസ്തുനിഷ്ഠമായും മറുപടി നൽകാൻ ബാധ്യസ്ഥരാണെന്നിരിക്കെ, ഇത്തരം സംഭവങ്ങൾ ജനാധിപത്യത്തിന്റെ അന്തസ്സും വിശ്വാസ്യതയും ചോദ്യം ചെയ്യുന്നതായി പലരും അഭിപ്രായപ്പെടുന്നു.