ഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിങ്കി ഭുയാൻ ശർമ്മയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകളുണ്ടെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. റിങ്കി ഭുയാന് യുഎഇ ഗോൾഡൻ കാർഡ് കൂടാതെ ആൻ്റിഗ്വ ബാർബുഡ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തെളിവുകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

പൊതുമധ്യത്തിൽ വലിയ രീതിയിൽ മതപരമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നവർ തന്നെ ഇസ്‌ലാമിക രാജ്യങ്ങളുടെ പാസ്‌പോർട്ട് ഉപയോഗിക്കുന്നത് വൈരുദ്ധ്യമാണെന്ന് ഖേര പരിഹസിച്ചു. ഭൂമി തട്ടിപ്പ്, ക്ഷേത്ര ഫണ്ടുകളുടെ ദുരുപയോഗം തുടങ്ങി നിരവധി പ്രാദേശിക അഴിമതി ആരോപണങ്ങൾ ഇവർക്കെതിരെ നിലവിലുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തിലുള്ള ഈ പുതിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും നുണപ്രചാരണം നടത്തുന്ന പവൻ ഖേരയ്‌ക്കെതിരെ 48 മണിക്കൂറിനുള്ളിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു. കോൺഗ്രസിൻ്റെ നിരാശയാണ് ഇത്തരം കെട്ടിച്ചമച്ച ആരോപണങ്ങൾക്ക് പിന്നിലെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഖേര നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നിലധികം പാസ്‌പോർട്ടുകൾ കൈവശം വെക്കുന്നതും വിദേശ സ്വത്തുക്കൾ മറച്ചുവെക്കുന്നതും ഗൗരവകരമായ ക്രിമിനൽ കുറ്റമാണെന്ന് അസം കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയി പറഞ്ഞു. അസമിൽ നിന്ന് എത്ര പണം വിദേശ അക്കൗണ്ടുകളിലേക്ക് ഒഴുകിയെന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.