- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ തമ്മിലടിയെങ്കിലും ത്രിപുരയിൽ ബിജെപിയെ പൂട്ടാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചകൾ സജീവമായി; ഭരണവിരുദ്ധ വികാരം മുതലെടുക്കണമെന്ന് നേതാക്കൾ; യെച്ചൂരും കാരാട്ടും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കും
ന്യൂഡൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നൊരുക്കങ്ങളുമായി സിപിഎം. ബിജെപിയെ നേരിടാൻ ഇക്കുറി കോൺഗ്രസുമായി കൈകോർക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎമ്മും കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. സീറ്റ് ധാരണയ്ക്ക് പാർട്ടിയുടെ സംസ്ഥാന സമിതി അനുമതി നൽകിയാലുടനെ രണ്ടു പാർട്ടികളുടെയും പ്രതിനിധികളുള്ള സമിതി രൂപീകരിക്കും.
സിപിഎം, കോൺഗ്രസ് നേതാക്കൾ ഇതിനകം നടത്തിയ ചർച്ചകൾക്കു പിന്നാലെ, അഗർത്തലയിൽ നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കും. ത്രിപുര കോൺഗ്രസിന്റെ ചുമതലയുള്ള അജോയ് കുമാറുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഞായറാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, അഗർത്തലയിൽ നടക്കുന്ന സിപിഎം യോഗത്തിൽ സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കുന്നുണ്ട്.
ഇതിനൊപ്പം രണ്ടു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ അനൗദ്യോഗിക കൂടിക്കാഴ്ചകളും നടക്കുന്നുണ്ട്. ത്രിപുര തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള നീക്കുപോക്ക് കഴിഞ്ഞമാസം ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്തിരുന്നു. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു. ഇതിന് പിറകെയാണ് പാർട്ടി ജനറൽ സെക്രട്ടറി കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. മുൻ മുഖ്യമന്ത്രി മണിക് സർക്കാർ അടക്കം ത്രിപുരയിലെ നേതാക്കൾ കോൺഗ്രസുമായി സീറ്റു പങ്കിടൽ വേണമെന്ന നിലപാടിലാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ അഞ്ച് പാർട്ടികൾ ഈയിടെ സംയുക്തമായി ആഹ്വാനം ചെയ്തതും ഐക്യത്തിനുള്ള ചുവടായി.
ഗോത്ര മേഖലയിൽ സ്വാധീനമുള്ള പ്രദ്യോത് മാണിക്യ ദേബ് ബർമന്റെ 'ത്രിപ്ര മോത്ത പാർട്ടി'യും കോൺഗ്രസുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി നേരിട്ട് വിഷയം സംസാരിച്ചതായി പ്രദ്യോത് മാണിക്യ പറഞ്ഞു. 20 മണ്ഡലത്തിൽ ത്രിപ്ര മോത്ത പാർട്ടിക്ക് സ്വാധീനമുണ്ടെന്നാണ് സിപിഎം, കോൺഗ്രസ് വിലയിരുത്തൽ.
60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് സിപിഎമ്മിന് 16 സീറ്റുകളാണ് 2018ൽ ലഭിച്ചത്. സിപിഎം ഭരണം അട്ടിമറിച്ച ബിജെപിക്ക് 36ഉം ഐ.പി.എഫ്.ടിക്ക് എട്ടും സീറ്റുകൾ ലഭിച്ചു. എന്നാൽ ഭരണവിരുദ്ധ വികാരത്തിനൊടുവിൽ ബിജെപിക്ക് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നു. ബിജെപിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയുമാണ്. അതേസമയം സിപിഎമ്മുമായി സഹകരിക്കുന്ന ആരുമായും ചങ്ങാത്തമുണ്ടാവില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ 24 സീറ്റിൽ മത്സരിച്ച തൃണമൂലിന് 0.30 ശതമാനം വോട്ടാണ് ലഭിച്ചത്.
നേതാക്കളുടെ കൊഴിഞ്ഞ് പോക്കാണ് ബിജെപി നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിനോടകം തന്നെ ബിജെപി സഖ്യത്തിൽ നിന്നും എട്ട് എം എൽ എമാരാണ് പാർട്ടി വിട്ടത്. ബിജെപിയിൽ നിന്ന് മാത്രം അഞ്ച് പേർ രാജിവെച്ചിരുന്നു. രാജിവെച്ച മൂന്ന് നേതാക്ൾ ഇതിനോടകം കോൺഗ്രസിൽ ചേർന്നു.മറ്റ് നേതാക്കൾ തിരഞ്ഞെടുപ്പിനോട് അടുത്ത് നിലപാട് വ്യക്തമാക്കിയേക്കും. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കൂടുതൽ നേതാക്കൾ ബിജെപി വിടുമെന്നും ഇക്കുറി അവർ കനത്ത തിരിച്ചടി നേരിടുമെന്നുമാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ