ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ എഎപിയിൽ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് റിപ്പോർട്ടുകൾ. ഇപ്പോഴിതാ പാർട്ടിക്കുള്ളിൽ തന്നെ വലിയ പൊട്ടിത്തെറി നടന്നിരിക്കുകയാണ്. ഏഴ് എഎപി എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പിൽ ഇവർക്ക് മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചനയെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. നരേഷ് കുമാർ, രോഹിത് കുമാർ, രാജേഷ് ഋഷി, മദൻ ലാൽ, പവൻ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ എന്നീ എംഎൽഎമാരാണ് രാജിവെച്ചിരിക്കുന്നത്.

പാർട്ടി നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചനകൾ ലഭിക്കുന്നത്. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിലും പാർട്ടിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരുടെ രാജി.

ഭൂപീന്ദർ സിങ് ജൂണിന്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറ്റ് ആറുപേരും പാർട്ടിയിൽ നിന്ന് രാജിവെക്കുന്നുവെന്ന വിവരം അറിയിച്ചത്. ഇവർ സമൂഹമാധ്യമങ്ങൾ വഴിയാണ് രാജിവിവരം പുറത്തുവിട്ടത്. രണ്ട് ദിവസം മുമ്പാണ് ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാർഥി പട്ടിക എഎപി പുറത്തിറക്കിയത്.

ഇപ്പോൾ രാജിവെച്ചവരുടെ സീറ്റിൽ മറ്റുള്ളവർക്ക് അവസരം നൽകിയതോടെയാണ് എംഎൽഎമാർ പാർട്ടിവിടാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ കൂട്ടരാജി എഎപി യ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.