ന്യൂഡൽഹി: നമ്മുടെ സമൂഹത്തിൽ അറിവിന്റെ ദീപം കൊളുത്തിയവർ ബ്രാഹ്മണരാണെന്നും എല്ലാ സർക്കാരുകളും ബ്രാഹ്മണരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ബ്രാഹ്മണസഭ സംഘടിപ്പിച്ച 'ആൾ ഇന്ത്യൻ ബ്രാഹ്മിൻ സമ്മേളന'ത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അവരുടെ ഈ പരാമർശം വിവാദമായത്.

പുസ്തകങ്ങളെയും ആയുധങ്ങളെയും പൂജിച്ച ബ്രാഹ്മണർക്ക് മാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ കഴിയൂ എന്നും അവർ കൂട്ടിച്ചേർത്തു. അറിവ് പകർന്നും, മതം പ്രചരിപ്പിച്ചും, സൽസ്വഭാവം വളർത്തിയെടുത്തും ബ്രാഹ്മണ സമൂഹം എപ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഏത് സർക്കാർ അധികാരത്തിലെത്തിയാലും ബ്രാഹ്മണ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഡൽഹിയുടെ വികസനത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.

കഴിഞ്ഞ 27 വർഷമായി ഡൽഹിയുടെ വികസനം മന്ദഗതിയിലാണെന്നും, ഇപ്പോൾ വികസനത്തിന് ഊർജ്ജം നൽകേണ്ട സമയമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. ഒരു ഐക്യ സമൂഹത്തിന് മാത്രമേ യഥാർത്ഥ പുരോഗതി കൈവരിക്കാൻ കഴിയൂവെന്നും, ഓരോ സമുദായത്തിനും തുല്യ അവസരങ്ങൾ നൽകാനും അവരുടെ സംഭാവനകളെ ആദരിക്കാനുമാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നതെന്നും രേഖ ഗുപ്ത വ്യക്തമാക്കി. വിവിധ സമുദായങ്ങൾക്കിടയിൽ തുല്യ അവസരങ്ങൾ ഉറപ്പാക്കുമെന്നും, ഓരോ സമുദായത്തിന്റെയും സംഭാവനകളെ മാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.