മധുര: സി.പി.എം പോളിറ്റ് ബ്യൂറോയില്‍നിന്ന് പ്രായപരിധിയെതുടര്‍ന്ന് ഒരു ദമ്പതികള്‍ ഒഴിയുമ്പോള്‍ പകരം എത്തിയതും ഒരും കുടുംബം. മധുരയില്‍ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ കൗതുകം ഉണര്‍ത്തിയ കാര്യം ഇതായിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ പ്രകാശ് കാരാട്ടും ഭാര്യ വൃന്ദ കാരാട്ടുമാണ് പ്രായപരിധി മുന്‍നിര്‍ത്തി സി.പി.എം മധുര പാര്‍ട്ടി കോണ്‍ഗ്രസോടെ പോളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിഞ്ഞത്. എന്നാല്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധാവ്‌ലെയും ഭാര്യ മറിയം ധാവ് ലെയുമാണ് പി.ബിയിലെത്തിയ പുതിയ ദമ്പതികള്‍.

കിസാന്‍ സഭ പ്രസിഡന്റ് കൂടിയായ അശോക് ധാവ് ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പി.ബിയില്‍ എത്തിയത്. കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന മറിയം ധാവ് ലെ മധുര പാര്‍ട്ടി കോണ്‍ഗ്രസോടെയാണിപ്പോള്‍ പി.ബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മറിയം ധാവ്ളെ പാര്‍ട്ടി സെന്ററിന്റെ ഭാഗവുമാണ്. മുംബയ് വില്‍സണ്‍ കോളേജിലെ പഠന കാലത്തെ പരിചയമാണ് പിബി അംഗവും മുതിര്‍ന്ന നേതാവുമായ അശോക് ധാവ്ളെയുമായുള്ള വിവാഹത്തിലെത്തിയത്.

വനിതകളായ വൃന്ദ കാരാട്ടിന്റെയും സുഭാഷിണി അലിയുടെയും ഒഴിവിലാണ് മറിയം ധാവ് ലെയും തമിഴ്‌നാട്ടില്‍നിന്നുള്ള യു. വാസുകിയും പി.ബിയില്‍ എത്തിയത്. കര്‍ഷകരുടെ ലോങ് മാര്‍ച്ചിന്റെ മുഖ്യ സംഘാടകനായിരുന്നു അശോക് ധാവ് ലെ. ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് കര്‍ഷകര്‍ക്കൊപ്പം കൂടിയ നേതാവാണ് അശോക് ധാവ്‌ലെ. ദേശീയ ശ്രദ്ധ നേടിയ 2018ലെ കര്‍ഷകരുടെ ലോങ് മാര്‍ച്ച് നയിച്ച നേട്ടത്തിന്റെ തിളക്കവുമായാണ് ഇദ്ദേഹം 2022ല്‍ പി.ബിയിലെത്തുന്നത്.

കര്‍ഷക പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി പാര്‍ട്ടിയെ വളര്‍ത്താനുള്ള ലക്ഷ്യവുമായാണ് ധാവ്‌ലെയെ സി.പി.എം അതിെന്റ പരമോന്നത സമിതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. മോദി സര്‍ക്കാറിനെ മുട്ടുകുത്തിച്ച് വിവാദ കര്‍ഷക നിയമം പിന്‍വലിപ്പിച്ച കര്‍ഷക സമരം നയിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രധാന നേതാവുകൂടിയാണ്. ബോംബെ യൂനിവേഴ്‌സിറ്റി പഠനകാലത്തുതന്നെ എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും സജീവമായിരുന്നു.

1983ല്‍ മുതല്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. 2017ല്‍ കിസാന്‍ സഭ അഖിലേന്ത്യ പ്രസിഡന്റായി.1998 മുതല്‍ ധാവ്‌ലെ സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായിരുന്നു. മോദി സര്‍ക്കാറിന്റെ മുംബൈ -അഹമ്മദാബ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിനെതിരായ സമരത്തില്‍ ധാവ്‌ലെയും കിസാന്‍ സഭയും സജീവമായി രംഗത്തുണ്ടായിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവാണെങ്കിലും ദേശീയതലത്തില്‍ പ്രവര്‍ത്തന പരിചയമുണ്ട്. അതുകൊണ്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിക്ക് വെല്ലുവിളിയായിരുന്നത് ധാവ് ലെ ആയിരുന്നു. തുടക്കം മുതല്‍ ധാവ്‌ളെയ്ക്ക് മുന്‍തൂക്കവും ലഭിച്ചിരുന്നു. ബംഗാള്‍ ഘടകത്തിന്റെ പിന്തുണയും ഉറപ്പാക്കാനും കഴിയുന്ന ഘട്ടമായിരുന്നു. സില്‍വര്‍ലൈന്‍ പോലുള്ള വിഷയങ്ങളില്‍ കടുത്ത നിലപാടാണ് ധാവ്‌ളെയ്ക്ക്. ആ നിലയ്ക്ക് കേരളാ നേതൃത്വത്തിന് അത്രയ്ക്ക് പ്രിയങ്കരനായിരുന്നില്ല അദ്ദേഹം. അതുകൊണ്ടു കൂടിയാണ് പിണറായി വിജയന്‍ ബേബിയെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നതും.

ഹിന്ദിയിലും ഇംഗ്ലീഷിലും അനായാസം ആശയവിനിമയ ശേഷിയുള്ള അശോക് ധാവ്‌ലെയെ ദേശീയ ജനറല്‍ സെക്രട്ടറി ആക്കിയാല്‍ അത് ഗുണം ചെയ്യുമെന്ന അഭിപ്രായവും ഒരു വശത്തു നിന്നും ഉയര്‍ന്നിരുന്നു. അതേസമയം പൊളിറ്റ് ബ്യൂറോയില്‍ ആറും കേന്ദ്ര കമ്മിറ്റിയില്‍ മുപ്പതും പുതിയ നേതാക്കളെ ഉള്‍പ്പെടുത്തി സി.പി.എം തലമുറ മാറ്റത്തിലേക്കാണ് കടന്നത്. പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും പ്രകാശ് കാരാട്ട് പക്ഷം പിടിമുറുക്കുന്നതും ദൃശ്യമായി. മലയാളിയായ വിജു കൃഷ്ണന്‍ പി.ബിയില്‍ എത്തിയപ്പോള്‍,കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് മുഹമ്മദ് റിയാസ്, പി.കെ. ബിജു, എം.ബി.രാജേഷ് തുടങ്ങിയവരെ പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമായി.

പ്രകാശ് കാരാട്ടിന് പകരമുള്ള പാര്‍ട്ടി സെന്റര്‍ പ്രതിനിധിയാണ് കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയുമായ വിജു കൃഷ്ണന്‍ പി.ബിയില്‍ എത്തിയത്. കര്‍ഷക സമര നേതൃനിരയിലെ പ്രകടനവും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിജു കൃഷ്ണന് തുണയായി. കേരളത്തില്‍ നിന്ന് കെ.കെ. ശൈലജയെ പരിഗണിച്ചില്ല.

മണിക് സര്‍ക്കാരിന് പകരം ത്രിപുര സെക്രട്ടറി ജിതന്‍ ചൗധരി, സുര്യകാന്ത് മിശ്രയ്ക്ക് പകരം പശ്ചിമ ബംഗാളില്‍ നിന്ന് ശ്രീദീപ് ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പം രാജസ്ഥാനില്‍ നിന്നുള്ള ലോക്സഭാ അംഗം അമ്രറാം കൂടി വന്നതോടെയാണ് പിബി അംഗബലം 18 ആയത്. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ 17 അംഗ പി.ബി ആയിരുന്നു. പി.ബിയിലെ മറ്റൊരു പുതുമുഖം ആര്‍.അരുണ്‍ കുമാര്‍ കേന്ദ്ര കമ്മിറ്റി അംഗം കെ ഹേമലതയുടെ മകനും എസ്.എഫ്.ഐ മുന്‍ ദേശീയ അദ്ധ്യക്ഷനുമാണ്.കേന്ദ്രകമ്മിറ്റിയില്‍ നിന്ന് എ.കെ.ബാലന്‍ ഒഴിവായപ്പോള്‍,അദ്ദേഹത്തിന്റെ തട്ടകമായ പാലക്കാട്ടു നിന്ന് വനിതാ, ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയില്‍ മുന്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ കെ.എസ്.സലീഖ അപ്രതീക്ഷിത എന്‍ട്രിയായി. അവസരം നഷ്ടമായത് പി.കെ. സൈനബയ്ക്ക്. എ എല്‍.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയ്ക്കാണ് ടി.പി.രാമകൃഷ്ണന് അവസരം കിട്ടിയത്.

പാര്‍ട്ടി സെന്ററും ഡല്‍ഹി പാര്‍ട്ടി കേന്ദ്രവുമായുള്ള ഏകോപനം നിര്‍വഹിച്ച ദേശാഭിമാനി ചീഫ് എഡിറ്റര്‍ കൂടിയായ പുത്തലത്ത് ദിനേശനും കടന്നുവന്നു. ടി.പി. രാമകൃഷ്ണനും ഇ.പി.ജയരാജനും 74 വയസാണെന്നതും ശ്രദ്ധേയം.കേന്ദ്രകമ്മിറ്റിയിലെ 30 പുതുമുഖങ്ങളില്‍ പശ്ചിമ ബംഗാള്‍ ഡി.വൈ.എഫ്.ഐ സെക്രട്ടറി മീനാക്ഷി മുഖര്‍ജി, ത്രിപുരയില്‍ നിന്നുള്ള എഴുത്തുകാരിയും യുവനേതാവുമായ കൃഷ്ണ രക്ഷിത് എന്നിവരടക്കം ഏഴ് വനിതകളുണ്ട്. ശരാശരി 50 വയസുള്ളവരാണ് പുതിയ അംഗങ്ങള്‍. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ കേന്ദ്ര കമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍ മാത്രമായിരുന്നു.