ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പണമൊഴുകുകയാണ്. സംസ്ഥാനങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 650 കോടിയിലധികം രൂപയുടെ അനധികൃത പണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. കര്‍ശനമായ പരിശോധനകള്‍ക്കിടയില്‍ പണം, മദ്യം, മയക്കുമരുന്ന്, സ്വര്‍ണം തുടങ്ങിയവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ കണ്ടെടുത്തത്. ഇതുവരെ മൊത്തം 651.51 കോടി രൂപയുടെ വസ്തുവകകളാണ് പിടിച്ചെടുത്തതെന്ന് കമീഷന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ വരുന്ന 319 കോടി രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുത്തത് പശ്ചിമ ബംഗാളില്‍നിന്നാണെന്ന് കമീഷന്‍ വ്യക്തമാക്കി.

കേരളത്തില്‍നിന്ന് ഇതുവരെ പിടികൂടിയത് 58 കോടി രൂപയുടെ വസ്തുവകകളാണ്. എട്ടു കോടി രൂപയുടെ കറന്‍സി, രണ്ടു കോടി രൂപ വിലമതിക്കുന്ന 68,432 ലിറ്റര്‍ മദ്യം, 41 കോടി രൂപ വരുന്ന മയക്കുമരുന്ന്, ഒരു കോടി രൂപയോളം വരുന്ന അമൂല്യ ലോഹങ്ങള്‍, സൗജന്യ വിതരണത്തിനായി കടത്തിയ അഞ്ചു കോടി രൂപയുടെ വസ്തുക്കള്‍ എന്നിവയാണ് കേരളത്തിലെ പിടികൂടിയവയുടെ കണക്ക്.

തമിഴ്നാട്- 170 കോടി രൂപ, അസം -97 കോടി രൂപ, കേരളം -58 കോടി രൂപ, പുതുച്ചേരി -7 കോടി രൂപ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇടങ്ങളില്‍നിന്ന് ഇതുവരെ കണ്ടെത്തിയതെന്ന് കമീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 230 കോടി രൂപ മയക്കുമരുന്ന്, 79.3 കോടി രൂപ വരുന്ന മദ്യം (29.63 ലക്ഷം ലിറ്റര്‍), 58 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം അടക്കമുള്ള ലോഹങ്ങള്‍, രേഖകളില്ലാത്ത 53.2 കോടി രൂപ, സൗജന്യങ്ങള്‍ക്കായി എത്തിച്ച 231.01 കോടിയുടെ വസ്തുക്കള്‍ എന്നിവയാണ് നാല് സംസ്ഥാനങ്ങളില്‍നിന്നും ഒരു കേന്ദ്ര ഭരണപ്രദേശത്തുനിന്നുമായി ആകെ കണക്കുകള്‍.

മാര്‍ച്ച് 15ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് സംസ്ഥാനങ്ങളിലുമാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞമാസം 26 മുതലുള്ള കണക്കാണിത്. തുടര്‍ന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.